KSDLIVENEWS

Real news for everyone

പെരുമ്പാവൂരില്‍ ഹോട്ടല്‍ ഉടമയായ യുവതിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി; രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അപകടത്തില്‍ പെട്ടു

SHARE THIS ON

പേരുമ്പാവൂർ: എറണാകുളം കീഴില്ലത്ത് ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി. കീഴില്ലം ഭാരത് പെട്രോള്‍ പമ്പിന് സമീപം ഹോട്ടല്‍ നടത്തുന്ന ജിബി മോള്‍ (36) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭർത്താവും കോതമംഗലം സ്വദേശിയുമായ ലൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ലൈജു നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ലൈജുവിന്റെ രണ്ടാം ഭാര്യയാണ് ജിബി മോള്‍. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവർ കീഴില്ലത്ത് ഹോട്ടല്‍ നടത്തിവരികയായിരുന്നു. കാലിലെ മുറിവിനെത്തുടർന്ന് മൂന്നാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലൈജു ശനിയാഴ്ചയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച രാവിലെ 11 മണിയോടെ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൊലപാതകത്തിന് ശേഷം ബൈക്കില്‍ കടന്നുകളഞ്ഞ ലൈജു കുറുപ്പംപടി പട്ടാലിന് സമീപം കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിച്ച്‌ അപകടത്തില്‍പ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആദ്യഭാര്യയ്ക്ക് ജീവനാംശം നല്‍കാത്തതുമായി ബന്ധപ്പെട്ട കേസില്‍ ലൈജു നേരത്തെ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ജിബി മോള്‍ക്ക് രണ്ട് മക്കളുണ്ട്.

ജിബി മോളുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കുറുപ്പംപടി പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയില്‍ കഴിയുന്ന പ്രതിയുടെ പരിക്ക് ഭേദമായാലുടൻ അറസ്റ്റ് രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!