മാര്‍ക്ക് വുഡും കൈല്‍ മയേഴ്സും തിളങ്ങി; ഡല്‍ഹിയെ 50 റണ്‍സിന് തകര്‍ത്ത് ലഖ്നൗ

ലഖ്നൗ: ഐപിഎല്‍ 16-ാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ജയം. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 50 റണ്‍സിനാണ് ലഖ്നൗ തകര്‍ത്തത്. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്ക് വുഡാണ് ഡല്‍ഹിയെ തകര്‍ത്തത്. 48 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. പക്ഷേ പിന്തുണ നല്കാന് മറ്റ് ബാറ്റര്‍മാര്‍ക്ക് സാധിക്കാതിരുന്നതോടെ ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്താന്‍ വാര്‍ണര്‍ക്ക് സാധിച്ചില്ല. ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ച ശേഷമാണ് ഡല്‍ഹി കളി കൈവിട്ടത്. പൃഥ്വി ഷാ (12), മാച്ചല്‍ മാര്‍ഷ് (0) എന്നിവരെ അഞ്ചാം ഓവറിലെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി മാര്‍ക്ക് വുഡാണ് ഡല്‍ഹിയെ ഞെട്ടിച്ചത്. പിന്നാലെ സര്‍ഫറാസ് ഖാനെയും (4) നിലയുറപ്പിക്കും മുമ്പ് വുഡ് മടക്കി. പിന്നീട് 20 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ബൗണ്ടറികളുമടക്കം 30 റണ്‍സെടുത്ത റൈലി റുസ്സോയ്ക്ക് മാത്രമാണ് വാര്‍ണര്‍ക്ക് ശേഷം ലഖ്നൗ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. റോവ്മാന്‍ പവലും (1) പരാജയമായി. അക്ഷര്‍ പട്ടേല്‍ 16 റണ്‍സെടുത്തു. ആവേശ് ഖാനും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ കൈല്‍ മയേഴ്സാണ് ലഖ്നൗവിന്റെ ടോപ് സ്കോറര്‍. 38 പന്തുകള്‍ നേരിട്ട താരം രണ്ട് ഫോറും ഏഴ് സിക്സും പറത്തി 73 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ (8), ദീപക് ഹൂഡ (17), മാര്‍ക്കസ് സ്റ്റോയ്നിസ് (12) എന്നിവര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ നിക്കോളാസ് പുരന് 21 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 36 റണ്‍സുമായി തിളങ്ങി. ആയുഷ് ബധോനി ഏഴ് പന്തില്‍ നിന്ന് 18 റണ്‍സെടുത്തു. ക്രുണാല്‍ പാണ്ഡ്യ 15 റണ്‍സുമായി പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദും ചേതന്‍ സകരിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.