അര്‍ഷ്ദീപ് തിളങ്ങി; മഴ കളി മുടക്കിയ മത്സരത്തില്‍ പഞ്ചാബ് കിങ്സിന് ഏഴു റണ്‍സ് ജയം

മൊഹാലി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ പഞ്ചാബ് കിങ്സിന് ഏഴു റണ്‍സ് ജയം. മഴ കളിമുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് പഞ്ചാബിനെ വിജയികളായി പ്രഖ്യാപിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 16 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മഴയെത്തുകയായിരുന്നു. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഈ സമയം കൊല്‍ക്കത്ത ഏഴു റണ്‍സ് പിന്നിലായിരുന്നു. മഴ തകര്‍ത്ത് പെയ്തതോടെ പിന്നീട് കളിനടന്നില്ല, ഇതോടെ പഞ്ചാബിനെ വിജയികളായി പ്രഖ്യാപിച്ചു. 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കൊല്‍ക്കത്തയുടേത് മോശം തുടക്കമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ മന്‍ദീപ് സിങ് (2) പുറത്ത്. പിന്നാലെ അനുകുല്‍ റോയിയും (4) മടങ്ങി. 16 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസ് അഞ്ചാം ഓവറില്‍ മടങ്ങിയതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലായി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ഇംപാക്റ്റ് പ്ലെയറായ വെങ്കടേഷ് അയ്യര്‍ – ക്യാപ്റ്റന്‍ നിതിഷ് റാണ സഖ്യം 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 17 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 24 റണ്‍സെടുത്ത നിതിഷ് റാണയെ മടക്കി സിക്കന്ദര്‍ റാസയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ വമ്പനടിക്ക് പേരുകേട്ട റിങ്കു സിങ്ങും (4) മടങ്ങിയതോടെ കൊല്‍ക്കത്ത പതറി. പക്ഷേ ആറാം വിക്കറ്റില്‍ വെങ്കടേഷ് അയ്യര്‍ക്കൊപ്പം ആന്ദ്രേ റസ്സല്‍ എത്തിയതോടെ കൊല്‍ക്കത്തന്‍ ഇന്നിങ്‌സ് ഉണര്‍ന്നു. അതിവേഗം 50 റണ്‍സ് അടിച്ചെടുത്ത ഈ സഖ്യം കൊല്‍ക്കത്ത സ്‌കോര്‍ 130-ല്‍ എത്തിച്ചു. എന്നാല്‍ തകര്‍ത്തടിച്ച റസ്സലിനെ 15-ാം ഓവറില്‍ മടക്കി സാം കറന്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 19 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 35 റണ്‍സെടുത്താണ് റസ്സല്‍ മടങ്ങിയത്. പിന്നാലെ 28 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത വെങ്കടേഷിനെ മടക്കി അര്‍ഷദീപ് കൊല്‍ക്കത്തയെ ഞെട്ടിച്ചു. എട്ട് റണ്‍സുമായി ശാര്‍ദുല്‍ താക്കൂറും ഏഴ് റണ്‍സുമായി സുനില്‍ നരെയ്‌നും ക്രീസില്‍ നില്‍ക്കെയാണ് മഴയെത്തിയത്. ഈ സമയം 24 പന്തില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് ജയത്തിലേക്ക് വേണ്ടിയിരുന്നത് 46 റണ്‍സായിരുന്നു. തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ള ശാര്‍ദുലും നരെയ്‌നും ക്രീസില്‍ നില്‍ക്കേ അവര്‍ക്ക് ജയപ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ മഴയെത്തിയത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി. മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് പഞ്ചാബിനായി തിളങ്ങിയത്. സാം കറന്‍, നഥാന്‍ എല്ലിസ്, സിക്കന്ദര്‍ റാസ, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഭാനുക രജപക്സ, ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ എന്നിവരുടെ ഇന്നിങ്സുകളുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തിരുന്നു. 32 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 50 റണ്‍സെടുത്ത രജപക്സയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 29 പന്തുകള്‍ നേരിട്ട ധവാന്‍ ആറ് ബൗണ്ടറിയടക്കം 40 റണ്‍സെടുത്തു. ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി 12 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 23 റണ്‍സെടുത്ത ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. എന്നാല്‍ രണ്ടാം ഓവറിലെ അവസാന പന്തില്‍ ടിം സൗത്തി, പ്രഭ്സിമ്രാനെ വീഴ്ത്തി. പക്ഷേ താരം നല്‍കിയ മികച്ച തുടക്കം രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ധവാന്‍ – ഭാനുക രജപക്സ സഖ്യം നന്നായി മുതലാക്കി. 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം 11 ഓവറില്‍ പഞ്ചാബ് സ്‌കോര്‍ 109-ല്‍ എത്തിച്ചു. പിന്നാലെ രജപക്സയെ ഉമേഷ് യാദവ് മടക്കി. തുടര്‍ന്നെത്തിയ ജിതേഷ് ശര്‍മ വെറും 11 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് റണ്‍റേറ്റ് താഴാതെ കാത്തു. 14-ാം ഓവറില്‍ ജിതേഷിനെ സൗത്തിയും 15-ാം ഓവറില്‍ ധവാനെ വരുണ്‍ ചക്രവര്‍ത്തിയും പുറത്താക്കി. സിക്കന്ദര്‍ റാസ 13 പന്തില്‍ നിന്ന് 16 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ 17 പന്തില്‍ നിന്ന് രണ്ട് സിക്സടക്കം 26 റണ്‍സെടുത്ത സാം കറനും ഏഴ് പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ഷാരൂഖ് ഖാനും ചേര്‍ന്നാണ് പഞ്ചാബ് സ്‌കോര്‍ 191-ല്‍ എത്തിച്ചത്.