മായങ്ക്, ഡി കോക്ക് തീക്കാറ്റിലമര്‍ന്ന് ബെംഗളൂരു; ചിന്നസ്വാമിയില്‍ ലഖ്‌നൗവിന് തകര്‍പ്പന്‍ ജയം

ബെംഗളൂരു: ആദ്യം ക്വിന്റണ്‍ ഡി കോക്കിന്റെ ബാറ്റുകൊണ്ടുള്ള പ്രഹരം. പിന്നീട് മായങ്ക് യാദവിന്റെ തീപ്പാറും പന്തു കൊണ്ടുള്ള പ്രഹരം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലെത്തിയ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ആരാധകരെ നിരാശപ്പെടുത്താന്‍ ഈ രണ്ടുപേര്‍ തുനിഞ്ഞിറങ്ങിയതോടെ ജയം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം നിന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ലഖ്‌നൗ, നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് പുറത്തായി. ഇതോടെ ലഖ്‌നൗവിന് 28 റണ്‍സ് ജയം.
ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വെടിക്കെട്ട് പ്രകടനമാണ് ലഖ്നൗവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 56 പന്തുകളില്‍ 81 റണ്‍സാണ് ഡി കോക്കിന്റെ സമ്പാദ്യം. ഇതില്‍ അഞ്ച് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നു. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി മായങ്ക് യാദവ് ബെംഗളൂരുവിന്റെ മൂന്നുപേരെ മടക്കിയതാണ് കളിയില്‍ ഏറ്റവും നിര്‍ണായകമായത്. രജത് പാട്ടിദര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറോണ്‍ ഗ്രീന്‍ എന്നീ മധ്യനിരയിലെ അക്രമണകാരികളെയാണ് മായങ്ക് മടക്കിയത്. അവസാന ഓവറുകളില്‍ ഇംപാക്ട് പ്ലെയറായെത്തിയ മഹിപാല്‍ ലാംറര്‍ ബെംഗളൂരുവിനുവേണ്ടി ഉജ്ജ്വല പ്രകടനം നടത്തിയെങ്കിലും (12 പന്തില്‍ 33) വിജയത്തില്‍ എത്തിക്കാനായില്ല.
ആദ്യം ബാറ്റുചെയ്ത ലഖ്‌നൗവിന് ആറാം ഓവറില്‍ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെയാണ് ആദ്യം നഷ്ടമായത്-14 പന്തില്‍ 20 റണ്‍സ്. ഗ്ലെന്‍ മാക്സ്വെലിന്റെ പന്തില്‍ മായങ്ക് ദാഗറിന് ക്യാച്ച് നല്‍കിയാണ് മടക്കം. ടീം സ്‌കോര്‍ 73-ല്‍ നില്‍ക്കേ, ദേവ്ദത്ത് പടിക്കലും പുറത്തായി. മുഹമ്മദ് സിറാജെറിഞ്ഞ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച പടിക്കല്‍, അനൂജ് റാവത്തിന്റെ കൈകളില്‍ കുരുങ്ങി പുറത്താവുകയായിരുന്നു. ടീം സ്‌കോര്‍ 129-ല്‍ നില്‍ക്കേ, മാര്‍ക്കസ് സ്റ്റോയ്നിസും പുറത്തായി. മാക്സ്വെല്ലിന്റെ പന്തില്‍ മായങ്ക് ദാഗര്‍ ക്യാച്ചെടുത്താണ് മടക്കിയത്.
ഈ നേരത്തെല്ലാം ഒരുവശത്ത് തകര്‍പ്പനടികളോടെ നിലയുറപ്പിച്ച ക്വിന്റണ്‍ ഡി കോക്ക്, നാലാമതായാണ് പുറത്തായത്. 17-ാം ഓവറില്‍ ടോപ്ലിയുടെ പന്തില്‍ മായങ്ക് ദാഗറിന് ക്യാച്ച് നല്‍കിയാണ് ഡി കോക്ക് മടങ്ങിയത്. പിന്നാലെ ആയുഷ് ബദോനിയും (പൂജ്യം) പുറത്തായി. യഷ് ദയാലിനാണ് വിക്കറ്റ്. അവസാന ഓവറുകളില്‍ നിക്കോളാസ് പുരാന്റെ വമ്പനടികളാണ് (21 പന്തില്‍ 40 റണ്‍സ്) ലഖ്നൗവിനെ 180 കടത്തിയത്.
ബെംഗളൂരു നിരയില്‍ ഗ്ലെന്‍ മാക്സ്വെല്‍ നാലോവറില്‍ 23 റണ്‍സ് നേടി രണ്ട് വിക്കറ്റ് നേടി. റെസെ ടോപ്ലി, യഷ് ദയാല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. നാലോവറില്‍ 47 റണ്‍സാണ് സിറാജ് വഴങ്ങിയത്.
മറുപടിക്കിറങ്ങിയ ബെംഗളൂരുവിന് അഞ്ചാം ഓവറില്‍ത്തന്നെ വിരാട് കോലിയ നഷ്ടപ്പെട്ടു. മണിമാരന്‍ സിദ്ദാര്‍ഥിന്റെ പന്തില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയാണ് മടക്കം (16 പന്തില്‍ 22 റണ്‍സ്). അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും പുറത്തായി (13 പന്തില്‍ 19). റണ്ണൗട്ടായാണ് മടക്കം. അതേ ഓവറിലെ നാലാം പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെലിനെ (പൂജ്യം) മായങ്ക് യാദവ് മടക്കിയയച്ചതോടെ ബെംഗളൂരുവിന്റെ നില പരുങ്ങലിലായി.
ടീം സ്‌കോര്‍ 58-ല്‍ നില്‍ക്കേ, കാമറോണ്‍ ഗ്രീനും (9) മായങ്കിന്റെ പന്തില്‍ പുറത്തായി. അനുജ് റാവത്ത് (11), ദിനേഷ് കാര്‍ത്തിക് (4), മായങ്ക് ദാഗര്‍ (പൂജ്യം), മുഹമ്മദ് സിറാജ് (12) എന്നിവരും പുറത്തായതോടെ ബെംഗളൂരുവിന്റെ കഥ കഴിഞ്ഞു. ലഖ്‌നൗവിനായി നവീനുല്‍ ഹഖ് രണ്ടും മണിമാരന്‍ സിദ്ദാര്‍ഥ്, യഷ് ഠാക്കൂര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ ഓരോന്നുവീതവും വിക്കറ്റുനേടി.