KSDLIVENEWS

Real news for everyone

അറ്റകുറ്റപ്പണി: 6 മാസത്തേക്ക് അടച്ച് കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാൻഡ്

SHARE THIS ON

കാഞ്ഞങ്ങാട്: കോട്ടച്ചേരി ബസ് സ്റ്റാൻഡ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ടു. 6 മാസത്തേക്കാണ് ബസ് സ്റ്റാൻഡ് യാഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി അടച്ചിടുന്നത്. അതേസമയം, ബസുകൾ അലക്ഷ്യമായി നിർത്തി ആളുകളെ കയറ്റിയിറക്കുന്നത് നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമായി. 60 ലക്ഷമാണ് കോൺക്രീറ്റ് ചെയ്യാനായി എസ്റ്റിമേറ്റ് തയാറാക്കിയത്. 53 ലക്ഷത്തിനാണ് കരാർ.    നിലവിൽ ബസ് സ്റ്റാൻഡ് യാഡ് പൂർണമായി തകർന്നു കിടക്കുകയാണ്. ടാറിങ് ഇളകി പലയിടത്തും വലിയ കുഴിയാണ്. ബസുകൾ ഏറെ കഷ്ടപ്പെട്ടാണ് സ്റ്റാൻഡിൽ കയറി പുറത്തേക്ക് പോകുന്നത്. നേരത്തെ കോൺക്രീറ്റ് ചെയ്യാനായി ബസ് സ്റ്റാൻഡ് കെട്ടിടം അടച്ചിടുമെന്ന് നഗരസഭ അറിയിച്ചിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് വന്നതോടെ ഭരണാനുമതി വൈകുകയായിരുന്നു. കോട്ടച്ചേരി ബസ് സ്റ്റാൻഡ് അടച്ചിടുമ്പോൾ അലാമിപ്പള്ളി ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനാണ് നഗരസഭയുടെ തീരുമാനം. 

ഗതാഗതക്കുരുക്ക് രൂക്ഷം
കോട്ടച്ചേരി ബസ് സ്റ്റാൻഡ് അടച്ചിട്ടതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. ബസുകൾ ആളുകളെ കയറ്റിയിറക്കാൻ ഏറെ നേരമെടുക്കുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. കാഞ്ഞങ്ങാട് വരെ സർവീസ് നടത്തുന്ന ബസുകൾ കോട്ടച്ചേരി ബസ് സ്റ്റാൻഡിൽ ആളെ ഇറക്കി അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ നിർത്തിയിടാനാണ് നിർദേശം. എന്നാൽ, ചില ബസുകൾ ഈ നിർദേശം പാലിക്കാതെ ബസുകൾ സ്റ്റാൻഡിൽ തന്നെ നിർത്തിയിടുന്നു. ഓരോ ഭാഗത്തേക്കും പോകേണ്ട ബസുകൾക്ക് കൃത്യമായി സ്ഥലം കണ്ടെത്തി മാർക്ക് ചെയ്തു നൽകണം. വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താതെയാണ് ബസ് സ്റ്റാൻഡ് അടച്ചിട്ടതെന്ന ആരോപണവും ഉയരുന്നുണ്ട്.

പൊലീസിന്റെ സഹായത്തോടെ ബസുകൾ 2 മിനിറ്റിലധികം നിർത്തിയിടുന്നത് ഒഴിവാക്കാനായി നടപടി സ്വീകരിക്കണമെന്ന ആവശ്യവുമുണ്ട്. കെഎസ്ആർടിസി അടക്കമുള്ള ബസുകൾ നേരത്തെയെത്തി ബസ് സ്റ്റാൻഡിൽ 10 മിനിറ്റിലധികം നിർത്തിയിടാറുണ്ട്. ഇതൊഴിവാക്കണമെന്നാണ് നിർദേശം. ചന്ദ്രഗിരി ഭാഗത്തേക്കുള്ള ബസുകൾ നേരത്തെയെത്തി നിർത്തിയിടുന്നതിനെതിരെ നേരത്തെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. നീലേശ്വരം ഭാഗത്തേക്കും ഇതേ നടപടി സ്വീകരിക്കേണ്ടി വരും. ബസുകൾ പലയിടങ്ങളിലായി നിർത്തി ആളെ കയറ്റുന്നത് യാത്രക്കാർക്കും ദുരിതമാകുന്നു. തങ്ങളുടെ ബസുകൾ എവിടെയാണ് നിർത്തുന്നതെന്ന കാര്യത്തിൽ പ്രായമായവർക്കു ആശങ്കയുണ്ട്. ഗതാഗതം നിയന്ത്രിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലെ സ്ഥിതി ഗുരുതരമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!