നൂതന പദ്ധതിയുമായി കാസർകോട് നഗരസഭ അങ്കണവാടികളിൽ എസി വരും; നഗരത്തിൽ യാത്രയ്ക്ക് സൈക്കിൾ

കാസർകോട്: കത്തുന്ന ചൂടാണ്. കുട്ടികളുൾപ്പെടെ എല്ലാവരും തളർന്നുപോകും. എന്നാൽ, കുരുന്നുമുഖങ്ങൾ വാടാതിരിക്കാൻ നൂതന പദ്ധതി ആവിഷ്കരിക്കുകയാണ് കാസർകോട് നഗരസഭ.
അങ്കണവാടിയുടെ അകത്തളങ്ങളെ തണുപ്പിച്ച് നിർത്താൻ എസി സ്ഥാപിക്കാനൊരുങ്ങുകയാണ് അധികൃതർ. നൂതന പദ്ധതിയെന്ന നിലയിൽ കഴിഞ്ഞ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. നഗരസഭയിൽ നിലവിൽ 49 അങ്കണവാടികളുണ്ട്. അതിൽ സ്വന്തം കെട്ടിടമുള്ളത് 27 എണ്ണത്തിനാണ്. ഇവയെല്ലാം നിലം ടൈൽ പാകിയിട്ടുണ്ട്. ഇവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുകയെന്നും അനുമതി ലഭിച്ചാലുടൻ എസി സ്ഥാപിക്കുമെന്ന് ചെയർമാൻ അബ്ബാസ് ബീഗം പറഞ്ഞു.
നഗരസഭയുടെ നൂതനാശയം ഇവിടെയും തീർന്നില്ല. എല്ലാ വിഭാഗം ജനങ്ങളുടെ കായികക്ഷമത ഉറപ്പാക്കാനും യാത്രാ സൗകര്യം കൂടുതൽ ലളിതമാക്കാനും നഗരത്തിൽ സൈക്കിളുകളൊരുക്കാനാണ് മറ്റൊരു പദ്ധതി. റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ 10 വീതം സൈക്കിളുകൾ എത്തിക്കും.
ഇവിടങ്ങളിലെത്തുന്നവർക്ക് ഹ്രസ്വ യാത്രയാണെങ്കിൽ സൈക്കിൾ ഉപയോഗിക്കാം. മൂന്ന് കേന്ദ്രങ്ങളിലും സൈക്കിൾ നിർത്തിയിടാൻ പ്രത്യേക സ്ഥലമുണ്ടാകും. റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങുന്നൊരാൾക്ക് അവിടെയുള്ള സൈക്കിൾ എടുത്ത് കെഎസ്ആർടിസിയിലേക്കോ പുതിയ ബസ് സ്റ്റാൻഡിലേക്കോ വരാം.
ഇതൊരു ചാക്രിക പ്രക്രിയയാകുമ്പോൾ എല്ലായിടത്തും ഒരു പോലെ സൈക്കിൾ യാത്രയ്ക്ക് സൗകര്യമുണ്ടാകും.
ആരോഗ്യ സംരക്ഷണത്തിനൊപ്പം അന്തരീക്ഷ മലിനീകരണമൊഴിവാക്കുകയെന്നതുമാണ് നഗരസഭ ലക്ഷ്യമിടുന്നത്. പ്രത്യേക പൂട്ടോ മറ്റ് നിയന്ത്രണങ്ങളോ ഇല്ലെന്നതിനാൽ അതുമായി ദൂരസ്ഥലങ്ങളിലേക്ക് പോകാമെന്ന് കരുതരുത്.
പ്രത്യേക നിറം കൊടുത്തായിരിക്കും സൈക്കിളുകൾ നിരത്തിലിറക്കുക. ഭാവിയിൽ ക്യൂആർ കോഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലേക്ക് ഇത് മാറുമെന്നാണ് അധികൃതർ നൽകുന്ന സൂചന. പദ്ധതിക്ക് വേഗത്തിൽ അനുമതി ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഭരണസമിതി.

