കരയുദ്ധത്തിന് ഇറാൻ ജനത ഒന്നടങ്കമെന്ന് സ്പീക്കർ; യുഎസിനെതിരെ 70 ലക്ഷം പേർ ഇപ്പോഴേ സജ്ജം

ടെഹ്റാൻ: കരയുദ്ധത്തിൽ യുഎസ് സൈന്യത്തെ നേരിടുക ഇറാനിലെ ജനങ്ങളായിരിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഗലിബാഫ് . 70 ലക്ഷം ജനങ്ങൾ ഇതിനകം തന്നെ യുഎസിനെതിരെ സജ്ജരായിക്കഴിഞ്ഞു. കരയുദ്ധം തുടങ്ങിയാൽ രാജ്യത്തെ സാധാരണ ജനങ്ങൾ ആയുധമെടുക്കും. ആയുധമേന്തി നിൽക്കുന്ന കുടുംബങ്ങളെയാണ് യുഎസ് കാണേണ്ടി വരികയെന്ന് ഗലിബാഫ് വ്യക്തമാക്കി.
ഇറാൻ മണ്ണിലെത്തുന്ന ഒരൊറ്റ അമേരിക്കൻ സൈനികനും ജീവനോടെ മടങ്ങില്ലെന്ന് സൈനികമേധാവി പ്രസ്താവിച്ചു. പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി യുഎസ് സൈനികർ മാറുമെന്ന് കഴിഞ്ഞദിവസം ഇറാൻ സൈനികമേധാവി പ്രഖ്യാപിച്ചിരുന്നു.
ഇറാൻ സൈനിക കമാൻഡർ ഇൻ ചീഫ് ഉന്നതതല യോഗം വിളിച്ചുചേർത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ സൈന്യം എത്രത്തോളം യുദ്ധസജ്ജമാണെന്ന് വിലയിരുത്തുകയായിരുന്നു ലക്ഷ്യം. യുദ്ധം രൂക്ഷമാകുന്ന സ്ഥിതി സംജാതമായതോടെ പശ്ചിമേഷ്യയിൽ വലിയ ആശങ്കയ്ക്ക് വഴിതുറന്നിരിക്കുകയാണ്. യുഎസിന്റെ നീക്കം കരയുദ്ധത്തിലേക്ക് തന്നെയാണെന്ന് ഇറാൻ കരുതുന്നു.
പെസഹ ആഘോഷം ബങ്കറുകളിലേക്ക് മാറ്റി ഇസ്രായേലികൾ; പാഞ്ഞു ചെന്നത് ഹിസ്ബുള്ളയുടെ 50ലധികം റോക്കറ്റുകളും നിരവധി ഡ്രോണുകളും
ഇറാൻ പശ്ചിമേഷ്യയിൽ സാധ്യമായ അത്രയും യുദ്ധമുന്നണികൾ തുറക്കുമെന്നാണ് കരുതുന്നത്. സെബനണിൽ ഹിസ്ബുള്ള സജ്ജമായിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ഹിസ്ബുള്ള ഇസ്രായേലിനെതിരെ ആക്രമണം നടത്തി വരികയാണ്. യെമനിൽ ഹൂതികളും സജ്ജമാകുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതുകൂടാതെ ഇറാഖിലും മറ്റും ഗറില്ലകൾ തയ്യാറെടുത്തു കഴിഞ്ഞു.
പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കരയുദ്ധ ഭീഷണി തുടർച്ചയായി മുഴക്കിക്കൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യയിൽ യുഎസ് സൈനികസാന്നിധ്യം വൻതോതിൽ ഉയർത്തിയിട്ടുണ്ട്. കരയുദ്ധം വലിയ തോതിൽ യുഎസ് സൈനികരുടെ ജീവനെടുക്കുമെന്ന നിരീക്ഷണങ്ങൾ വരുന്നുണ്ട്. ട്രംപിന്റെ നീക്കങ്ങളിലെ ആശയക്കുഴപ്പം ഇപ്പോഴും നിലനിൽക്കുകയാണ്.
ഇറാനിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്നും, മൂന്നാഴ്ചയ്ക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്നും, ഇറാന്റെ നാവിക-വ്യോമസേനകൾ ഇല്ലാതായെന്നുമെല്ലാം പലപ്പോഴായി ട്രംപ് പ്രസ്താവിക്കുന്നുണ്ട്. ഇത് പൊതുവെ ലോകരാജ്യങ്ങൾക്കിടയിൽ യുദ്ധത്തിന്റെ ലക്ഷ്യം സംബന്ധിച്ച അവ്യക്തത സൃഷ്ടിക്കുന്നുണ്ട്. യുഎസിന്റെ സഖ്യരാഷ്ട്രങ്ങളും ഇക്കാര്യത്തിൽ അതൃപ്തരും ആശയക്കുഴപ്പമുള്ളവരുമാണ്. ഇപ്പോൾ നടക്കുന്നത് തങ്ങളുടെ യുദ്ധമല്ലെന്ന് യുകെ പ്രധാനമന്ത്രി ഇതിനകം തന്നെ പ്രസ്താവിച്ചിട്ടുണ്ട്.

