KSDLIVENEWS

Real news for everyone

ഓക്സിജൻ ക്ഷാമം,തീപ്പിടിത്തം,വാക്സിൻ:എട്ട് രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ ‘പണി തെറിപ്പിച്ച്’ കോവിഡ്

SHARE THIS ON

സാധാരണക്കാർക്കും സർക്കാരിനും വെല്ലുവിളി ഉയർത്തിക്കൊണ്ട് കോവിഡ് മഹാമാരിയുടെ താണ്ഡവം തുടരുകയാണ്. കോവിഡിനെ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെ തുടർന്ന് വിവിധ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാർക്കാണ് രാജിവെക്കേണ്ടി വന്നിട്ടുള്ളത്. ഇത്തരത്തിൽ 2021-ൽ ഇതുവരെ രാജിവെച്ച എട്ട് ആരോഗ്യമന്ത്രിമാർ ഇതാ. ഇക്വഡോർ: സ്ഥാനമേറ്റ് വെറും മൂന്നാഴ്ചയ്ക്കു ശേഷം ഇക്വഡോറിലെ ആരോഗ്യമന്ത്രി റൊഡോൾഫോ ഫർഫാൻ രാജി സമർപ്പിച്ചു. വാക്സിൻ വിതരണ പ്രക്രിയയിൽ സ്വജനപക്ഷപാതം കാണിച്ചുവെന്ന ആരോപണത്തെ തുടർന്നായിരുന്നു രാജി. ആരോപണത്തെ തുടർന്ന് ഫർഫാൻ അന്വേഷണവും നേരിടുന്നുണ്ട്. ഓസ്ട്രിയ: ഏപ്രിൽ 13-നാണ് ഓസ്ട്രിയയുടെ ആരോഗ്യമന്ത്രി റുഡോൾഫ് ആൻഷോബർ രാജി സമർപ്പിക്കുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം കാരണം ‘അത്യധ്വാനം’ ചെയ്തെന്നും ഓസ്ട്രിയക്ക് മിടുക്കനായ ഒരാളെയാണ് ആരോഗ്യമന്ത്രിയായി ആവശ്യമെന്നും ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി. രാജിസമർപ്പിക്കാനുള്ള നിർദേശമാണ് തന്റെ ഡോക്ടർമാരിൽനിന്ന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇറാഖ്:മേയ് മാസത്തിലാണ് ഇറാഖ് ആരോഗ്യമന്ത്രി ഹസൻ അൽ തമിമി രാജി സമർപ്പിക്കുന്നത്. കോവിഡ് ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തിൽ 80-പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇദ്ദേഹം രാജിസമർപ്പിച്ചത്. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അർജന്റീന: ഇക്കൊല്ലം ഫെബ്രുവരിയിലാണ് അർജന്റീനയുടെ ആരോഗ്യമന്ത്രി ജൈൻസ് ഗോൺസാലസ് ഗാർഷ്യ രാജി സമർപ്പിച്ചത്. രാജ്യത്തെ കോവിഡ് വാക്സിൻ വിതരണത്തിലുണ്ടായ ക്രമക്കേടുകളാണ് രാജിയിലേക്ക് നയിച്ചത്. ജോർദാൻ: സർക്കാർ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ആറുപേർ മരിച്ചതിനു പിന്നാലെയാണ് ജോർദാന്റെ ആരോഗ്യമന്ത്രി നസീർ ഒബീദത് മാർച്ചിൽ രാജി സമർപ്പിച്ചത്. നസീറിനോട് രാജി സമർപ്പിക്കാൻ ജോർദാൻ പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഓക്സിജൻ ക്ഷാമം ഉണ്ടായ സംഭവത്തിൽ തനിക്ക് ധാർമിക ഉത്തരവാദിത്തമുണ്ടെന്ന് നസീർ വ്യക്തമാക്കുകയും ചെയ്തിരുന്നു. പെറു:ഫെബ്രുവരിയിലാണ് പെറുവിന്റെ ആരോഗ്യമന്ത്രി ഡോ. പിലാർ മസെത്തി രാജി സമർപ്പിച്ചത്. പൊതുജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കി തുടങ്ങുന്നതിന് മുൻപ് പെറുവിന്റെ മുൻ പ്രസിഡന്റ് മാർട്ടിൻ വിസ്കാരയ്ക്ക് വാക്സിൻ നൽകിയതുമായി ബന്ധപ്പെട്ട വിവാദമാണ് രാജിയിലേക്ക് നയിച്ചത്. സ്ലോവാക്യ: ഇക്കഴിഞ്ഞ മാർച്ചിലാണ് സ്ലോവാക്യയുടെ ആരോഗ്യമന്ത്രി മാരേക് ക്രാജി രാജി സമർപ്പിച്ചത്. സഖ്യസർക്കാരാണ് സ്ലോവാക്യ ഭരിക്കുന്നത്. മാരേക്കിന്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനം പരാജയമാണെന്നും സ്ഥാനം ഒഴിയണമെന്നും സഖ്യസർക്കാരിലെ മറ്റുകക്ഷികൾ ആവശ്യപ്പെട്ടതിനു പിന്നാലെ ആയിരുന്നു രാജി. റഷ്യൻ നിർമിത കോവിഡ് വാക്സിൻ സ്പുട്നികുമായി ബന്ധപ്പെട്ട തർക്കങ്ങളും രാജിക്ക് വഴിവെച്ചു. മംഗോളിയ:2021 ജനുവരിയിലാണ് മംഗോളിയയുടെ പ്രധാനമന്ത്രി ഖുറേൽസുഖ് ഉഖ്നായും മുഴുവൻ കാബിനറ്റ് അംഗങ്ങളും രാജി സമർപ്പിച്ചത്. കോവിഡ് ബാധയെ തുടർന്ന് ഒരമ്മയും നവജാതശിശുവും മരിച്ചത് ആരോഗ്യവകുപ്പ് ജീവനക്കാരുടെ അനാസ്ഥയെ തുടർന്നാണ് എന്ന ആരോപണത്തിന് പിന്നാലെയായിരുന്നു ഇത്. 2020-ലും ന്യൂസീലൻഡ്, ബ്രസീൽ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാർ കോവിഡ് പ്രതിസന്ധിയെ തുടർന്ന് രാജിസമർപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!