ഗസ്സയിൽ ഭക്ഷണത്തിന് വേണ്ടി വരിനിന്നവർക്ക് നേരെ വീണ്ടും ഇസ്രായേൽ നരനായാട്ട്; 31 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ദുബൈ: ഗസ്സ മുനമ്പിൽ ഭക്ഷണം സ്വീകരിക്കാനെത്തിയവർക്ക് നേരെ വീണ്ടും ഇസ്രായേലിന്‍റെ നരനായാട്ട്. ഇസ്രായേല്‍ വെടിവെപ്പില്‍ 31 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ വകുപ്പ് അറിയിച്ചു. ആക്രമണവും ഉപരോധവും തുടരുന്ന ഗസ്സയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്. പതിനായിരങ്ങളാണ് പട്ടിണി മൂലം പൊറുതിമുട്ടുന്നത്.
കഴിഞ്ഞ മാസം അവസാനവും ഗസ്സയിലെ റഫയിൽ ഒരുക്കിയ ബദൽ ഭക്ഷ്യവിതരണ കേന്ദ്രത്തിലേക്ക് ഇരച്ചെത്തിയ പതിനായിരങ്ങൾക്ക് നേരെ ഇസ്രായേലിന്റെ ബലപ്രയോഗവും വെടിവെപ്പുമുണ്ടായിരുന്നു. രണ്ടര മാസത്തിലേറെയായി സമ്പൂർണ ഉപരോധത്തിൽ കഴിയുന്ന ഗസ്സയിൽ ഇസ്രായേൽ ഒരുക്കിയ ബദൽ ഭക്ഷ്യവിതരണ കേന്ദ്രത്തിലാണ് തിക്കും തിരക്കുമുണ്ടായത്.
അതിനിടെ, ഗസ്സയിലെ യു.എസ് വെടിനിർത്തൽ നിർദേശവുമായി ബന്ധപ്പെട്ട് അടിയന്തര അനൗപചാരിക ചർച്ചക്ക് ഒരുക്കമാണെന്ന് ഹമാസ്. വെടിനിർത്തൽ നിർദേശത്തിൽ ഭേദഗതി വേണമെന്ന ഹമാസ് ആവശ്യം അമേരിക്കയും ഇസ്രായേലും നേരത്തെ തള്ളിയിരുന്നു. മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും നടത്തിയ മധ്യസ്ഥനീക്കങ്ങളെ തുടർന്നാണ് ചർച്ച തുടരാനുള്ള ഹമാസ് തീരുമാനം.
അതേസമയം, ആക്രമണം അവസാനിപ്പിച്ച് സൈന്യം ഗസ്സ വിടുകയെന്ന ലക്ഷ്യത്തിലേക്ക് വെടിനിർത്തൽ എത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായും മധ്യസ്ഥ രാജ്യങ്ങൾ ആശയവിനിമയം നടത്തി. ബന്ദി മോചനത്തിന്റെ സമയം, ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം, ഗസ്സയിൽ സഹായ വസ്തുക്കൾ എത്തിക്കൽ, ഇസ്രായേൽ കരാർ ലംഘിക്കില്ലെന്ന് അമേരിക്ക ഉറപ്പുനൽകൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ഹമാസ് ഭോദഗതി നിർദേശം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുമെന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ പ്രസ്താവനക്കെതിരെ ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക് ഹുകാബീ രംഗത്തുവന്നു. നിർബന്ധമാണെങ്കിൽ ഫ്രാൻസിൽ എവിടെയെങ്കിലും ഫലസ്തീൻ രാഷ്ട്രമാകാം എന്നായിരുന്നു അംബാസഡറുടെ വിവാദ പ്രതികരണം. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രവുമായി ബന്ധപ്പെട്ട് ഈ മാസം മൂന്നാം വാരം ഉച്ചകോടി വിളിച്ചു ചേർക്കാനുള്ള യൂറോപ്യൻ യൂനിയൻ- അറബ് ലീഗ് നീക്കത്തെയും മൈക് ഹുകാബി വിമർശിച്ചു. ഇസ്രായേലിന്‍റെ വംശഹത്യാ പദ്ധതിക്കുള്ള തുറന്ന പിന്തുണയാണ് പ്രസ്താവനയെന്ന് ഹമാസ് കുറ്റപ്പെടുത്തി.