KSDLIVENEWS

Real news for everyone

ജില്ലയിൽ ഓൺലൈൻ പഠനസൗകര്യമില്ലാതെ 3129 കുട്ടികൾ; പ്രശ്നങ്ങൾ പരിഹരിച്ച് പഠന സൗകര്യമൊരുക്കാൻ തീരുമാനം

SHARE THIS ON

കാസർകോട്: ജില്ലയിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്തത് 3129 കുട്ടികൾക്ക്. വൈദ്യുതിയില്ലാതെ പഠനം തടസ്സപ്പെടുന്നത് 136 കുട്ടികൾക്കാണ്. ടി.വി. റീചാർജ് ചെയ്യാനാവാത്ത 436 കുട്ടികളുണ്ട്. ഇവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് പഠനസൗകര്യമൊരുക്കാൻ അവലോകന യോഗത്തിൽ തീരുമാനമായി. കേബിൾ ടി.വി. സൗകര്യമില്ലാത്ത കുട്ടികൾക്ക് കേബിൾ ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ടും ക്ലാസുകൾ കാണാൻ സംവിധാനമൊരുക്കും. വൈദ്യുതിയില്ലാത്തിടത്ത് വൈദ്യുതിയെത്തിക്കും. ടി.വി. റീചാർജ് ചെയ്യാനാകാതെ ബുദ്ധിമുട്ടുന്നിടത്ത് കേബിൾ ടി.വി. മുഖേന ഫ്രീ ചാനലുകളിൽ ഉൾപ്പെടുത്തി ക്ലാസുകൾ കാണാൻ വഴിയൊരുക്കും. ആദിവാസി മേഖലയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികളെ വിവിധ ഇടങ്ങളിലെ പൊതുപഠന കേന്ദ്രങ്ങളിലെത്തിച്ചും ക്ലാസുകൾ നൽകും. അഞ്ചുമുതൽ ഒൻപതുവരെ ക്ലാസുകളിലെ കുട്ടികൾക്ക് ടാബുകളും 10 മുതൽ 12 വരെ ക്ലാസുകളിൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ലാപ്ടോപും വിതരണം ചെയ്യുന്നതിനും ശ്രമിക്കും. ജില്ലയിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള പ്രശ്നങ്ങൾ മനസ്സിലാക്കാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഉപസമിതിയും രൂപവത്‌കരിച്ചു. മൂന്ന് ദിവസത്തിലൊരിക്കൽ ഉപസമിതി യോഗം ചേർന്ന് അവലോകനം ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനും തീരുമാനിച്ചു. കളക്ടർ ഡോ. ഡി.സജിത്ബാബു, വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.വി. പുഷ്പ, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ അഡ്വ. എസ്.എൻ.സരിത, ഡി.ഡി.പി. ജയ്സൺ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ സാജു, പട്ടികജാതി വികസന ഓഫീസർ മീനാ റാണി തുടങ്ങിയവർ അവലോകനയോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!