KSDLIVENEWS

Real news for everyone

ഇറാനില്‍ വന്‍ ഭൂചലനം; ഗള്‍ഫ് രാജ്യങ്ങളും വിറച്ചു

SHARE THIS ON

തെഹ്‌റാന്‍/അബൂദബി: ഇറാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ ഗള്‍ഫ് രാജ്യങ്ങളും വിറച്ചു. സംഭവത്തില്‍ ഇറാനില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഗള്‍ഫില്‍ എവിടെയും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദക്ഷിണ ഇറാനില്‍ ഗള്‍ഫ് തീരത്തോട് ചേര്‍ന്നുകിടക്കുന്ന ബന്ദര്‍ ഖമീറാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. ഇതിനാല്‍ യു.എ.ഇയിലെ മിക്കയിടത്തും ഭൂചലനം അനുഭവപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അര്‍ധരാത്രിയും ജനങ്ങള്‍ ഭയന്ന് വീടുവിട്ടിറങ്ങി. വിളക്കുകളും ഉപകരണങ്ങളും ഇളകാന്‍ തുടങ്ങിയതോടെയാണ് പലരും പേടിച്ച്‌ കെട്ടിടങ്ങള്‍ വിട്ട് ഇറങ്ങിയോടിയത്.

പ്രാദേശിക സമയം പുലര്‍ച്ചെ 1.32നാണ് 10 കി.മീറ്റര്‍ ദൂരത്തില്‍ ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. ഇത് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. പിന്നാലെ, 3.24ഓടെ മറ്റൊരു ഭൂകമ്ബം കൂടി അനുഭവപ്പെട്ടു. ഇതിനിടയില്‍ 4.6, 4.4 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങള്‍ 2.43നും 3.13നും റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇക്ക് പുറമെ സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലെല്ലാം പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭൂചലനം അനുഭവപ്പെട്ടു. തുടര്‍ചലനം അനുഭവപ്പെടുന്നതിനാല്‍ പലരും ആശങ്കയിലാണ്. രാത്രി 1.32നും പുലര്‍ച്ചെ 3.25നും ശക്തമായ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്.



യു.എ.ഇ സമയം രാത്രി 1.32ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം രേഖപ്പെടുത്തിയതായി ദേശീയ ഭൗമപഠന കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, യു.എ.ഇയിലെവിടെയും നാശനഷ്ടമോ അപകടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു. പൊലീസെത്തിയാണ് രാത്രി പുറത്തിറങ്ങിയ ജനങ്ങളെ വീടുകളിലേക്ക് തിരിച്ചയച്ചത്. ഇതിനു പിന്നാലെ പുലര്‍ച്ചെ മൂന്നോടെ തുടര്‍ചലനം അനുഭവപ്പെട്ടതോടെ ആളുകള്‍ വീണ്ടും ഭയചകിതരായി പുറത്തിറങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!