ഇസ്രായേൽ-ഇറാൻ വെടിനിർത്തലിന് പിന്നാലെ ആണവകരാർ സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ഖത്തർ

ദോഹ: ഇറാൻ-ഇസ്രായേൽ വെടിനിർത്തലിന് പിന്നാലെ ആണവ കരാർ സാധ്യമാക്കുന്നതിനുള്ള ശ്രമം ഊർജിതമാക്കി ഖത്തർ. ആണവ കരാറിൽ എത്തിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ഖത്തർ പ്രധാന പങ്കുവഹിക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി വ്യക്തമാക്കി.
ഗസ്സ വെടിനിർത്തൽ സംബന്ധിച്ച് നിലവിൽ ചർച്ചകളൊന്നും നടക്കുന്നില്ലെന്നും എന്നാൽ ചർച്ചകളിലേക്ക് എല്ലാ കക്ഷികളേയും എത്തിക്കാന്‍ ഖത്തര്‍ ശ്രമം നടത്തുന്നുണ്ടെന്നും മധ്യസ്ഥരാജ്യങ്ങളായ അമേരിക്കയുമായും ഈജിപ്തുമായും നിരന്തരം ആശയവിനിമയം നടത്തുന്നതായും ആദ്ദേഹം പറഞ്ഞു. അമേരിക്ക-ഇറാൻ ആണവ കരാർ സാധ്യമാക്കുകയാണ് മറ്റ് രാജ്യങ്ങളെപോലെ തന്നെ ഖത്തറിന്റെയും മുൻഗണന.
ഇക്കാര്യത്തിൽ വിവിധ കക്ഷികളുമായി ഖത്തർ ആശയവിനിമയം നടത്തിവരികയാണ്. ഗസ്സയിലെ മാനുഷിക ദുരന്തത്തെ ഡോ. മാജിദ് അൽ അൻസാരി അപലപിച്ചു. രണ്ട് വര്‍ഷത്തോളമായി ഈ പ്രതിസന്ധി തുടരുന്നു. മനുഷ്യജീവനുകള്‍ക്ക് മാധ്യമങ്ങള്‍ പോലും അക്കങ്ങള്‍ക്ക് അപ്പുറത്തേക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നും മാനുഷിക സഹായം കാത്തുനില്‍ക്കുന്നവരെ പോലും ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊല്ലുകയാണെന്നും മാജിദ് അല്‍ അന്‍സാരി പറഞ്ഞു.