ആയുധ സഹായം ഭാഗികമായി മരവിപ്പിച്ച് യു.എസ്; റഷ്യന്‍ ആക്രമണം തടയാനാകാതെ വലഞ്ഞ് യുക്രൈന്‍

വാഷിങ്ടണ്‍: യുക്രൈനുവേണ്ടിയുള്ള ആയുധ സഹായം ഭാഗികമായി മരവിപ്പിച്ച് യു.എസ്. വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകൾ ഉള്‍പ്പെടെയുള്ള നിര്‍ണായക ആയുധ സഹായമാണ് യു.എസ് മരവിപ്പിച്ചത്. വിദേശരാജ്യങ്ങള്‍ക്ക് നല്‍കുന്ന ആയുധസഹായത്തില്‍ ട്രംപ് ഭരണകൂടം നടത്തുന്ന പുനഃപരിശോധനയുടെ ഭാഗമായാണ് ഈ നീക്കം. അമേരിക്കന്‍ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി തീരുമാനത്തെ പറ്റി പറഞ്ഞത്.
റഷ്യന്‍ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാശ്ചാത്യരാജ്യങ്ങളുടെ സഹായം യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റഷ്യയില്‍ നിന്ന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സെലെന്‍സ്‌കി സഹായം തേടിയത്. കഴിഞ്ഞ ഞായറാഴ്ച നൂറുകണക്കിന് ഡ്രോണുകളും അറുപതിലധികം മിസൈലുകളുമാണ് റഷ്യ യുക്രൈന് നേരെ പ്രയോഗിച്ചത്. ആക്രമണത്തില്‍ ഒരു എഫ്-16 വിമാനം തകരുകയും പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2022 യുദ്ധം ആരംഭിച്ചതിനുശേഷം യുക്രൈന്‍ നേരിട്ട ഏറ്റവും വലിയ ആക്രമണമാണ് ഞായറാഴ്ചയുണ്ടായത്.
ഇതിന് പിന്നാലെ യു.എസിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ സന്നദ്ധമാണെന്ന് സെലെന്‍സ്‌കി പറഞ്ഞിരുന്നു. ട്രംപ് അധികാരത്തില്‍ വന്നതുമുതല്‍ യുക്രൈന് നല്‍കിവരുന്ന ആയുധ സഹായം ക്രമേണ കുറഞ്ഞിരുന്നു. നേരത്തെ യുക്രൈന്‍ ഉപയോഗിച്ചിരുന്ന വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഡ്രോണുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍ക്കെതിരേ ഉപയോഗിക്കുന്ന ആയുധങ്ങള്‍, യുദ്ധ ടാങ്കുകള്‍ എന്നിവയില്‍ അധികവും യു.എസ് ആയുധങ്ങളായിരുന്നു.
നിലവില്‍ യു.എസിന്റെ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനമാണ് യുക്രൈന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതില്‍ ഉപയോഗിക്കുന്ന മിസൈലുകളുടെ ദൗര്‍ലഭ്യം അവരുടെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നുണ്ട്. ഇതിനിടെയാണ് യു.എസ് ആയുധസഹായം മരവിപ്പിച്ചിരിക്കുന്നത്.