അവധി കഴിഞ്ഞ് യുഎഇയിലെത്തുന്നവരെ കാത്തിരിക്കുന്നത് കനത്ത ടിക്കറ്റ് നിരക്ക്

ഷാർജ: അവധിക്കാലം കഴിഞ്ഞ് കേരളത്തിൽനിന്ന് യു.എ.ഇ.യിലേക്ക് വരുന്നവരെ കാത്തിരിക്കുന്നത് വിമാനടിക്കറ്റ് നിരക്കിലെ ‘കഴുത്തറപ്പൻ’ വർധന. നിരക്ക് താങ്ങാൻ സാധിക്കാത്തതിനാൽ പല കുടുംബങ്ങൾ വേവലാതിയിലാണ്. ഈ മാസം 20 മുതൽ സെപ്റ്റംബർ 10 വരെ കേരളത്തിൽനിന്ന് തിരിച്ചെത്തുന്ന യാത്രക്കാരിൽനിന്നാണ് വിമാനക്കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത്. സ്‌കൂൾ തുറക്കുന്നതിനാൽ കൃത്യസമയത്തുതന്നെ മടങ്ങിവരാതിരിക്കാനും കഴിയില്ല. നിരക്കുവർധന കാരണം കുടുംബങ്ങൾ നാട്ടിൽ ഓണംകൂടാൻ പോലും കാത്തുനിൽക്കുന്നുമില്ല. ഏറ്റവും കൂടുതൽ നിരക്ക് കണ്ണൂരിൽനിന്നാണ്. ഈ മാസം 20-ന് കണ്ണൂർ-ദുബായ് എയർ ഇന്ത്യ എക്സ്പ്രസിലെ നിരക്ക് 2427 ദിർഹം (55,000 രൂപ) ആണ്. ഈ മാസം 25 ആകുമ്പോഴേക്കും ഇത് അൽപം കുറഞ്ഞ് 1863 ദിർഹത്തിൽ (41,000 രൂപ) എത്തുന്നുണ്ട്. 29-ന് കേരളത്തിൽ ഓണം ആയതിനാലാണ് ഈ ദിവസങ്ങളിൽ നിരക്കിൽ നേരിയ കുറവ് അനുഭവപ്പെടുന്നത്. യു.എ.ഇ.യിലെ മിക്ക സ്‌കൂളുകളും വേനലവധികഴിഞ്ഞ് ഓണത്തിനുമുൻപ് അധ്യയനം പുനരാരംഭിക്കുന്നതിനാലാണ് വിമാനനിരക്ക് ഉയർന്നത്. ഓണംകഴിഞ്ഞ് തൊട്ടടുത്ത ദിവസങ്ങളിൽ 2145 ദിർഹം (47,000 രൂപ) ആണ് കേരളത്തിൽനിന്നുള്ള നിരക്ക് തുടങ്ങുന്നത്. ദുബായിൽ പല സ്കൂളുകളിലും സെപ്റ്റംബറിൽ അധ്യയനം പുനരാരംഭിക്കുന്നതിനാൽ അടുത്തമാസം ആദ്യവാരം കേരളത്തിൽനിന്നുള്ള നിരക്ക് 1510 ദിർഹം (33,000 രൂപ) ആണ്. ഈ മാസം 25 മുതൽ കോഴിക്കോട്ടുനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1819 ദിർഹം (40,000 രൂപ) വരെ നിരക്ക് ഈടാക്കുന്നുണ്ട്. ഇതേദിവസങ്ങളിൽ മംഗളൂരുവിൽനിന്ന് യു.എ.ഇ. യാത്രക്കാർ 2152 ദിർഹംവരെയാണ് ടിക്കറ്റുനിരക്കായി നൽകേണ്ടത്. സാധാരണ കുടുംബങ്ങൾ കനത്ത നിരക്കുകളിൽനിന്ന് എങ്ങിനെ രക്ഷപ്പെടാൻ സാധിക്കുമെന്ന ചിന്തയിലാണ്. പലരും ഒരു ദിശയിലേക്കുള്ള ടിക്കറ്റ് മാത്രമെടുത്താണ് നാട്ടിലെത്തിയത്. തിരിച്ചുവരുമ്പോൾ ഡൽഹി , മുംബൈ വഴി വരുന്നവരും കുറവല്ല. നിരക്കിൽ ചെറിയ കുറവുണ്ടാകുമെങ്കിലും യാത്ര ബുദ്ധിമുട്ടേറിയതുമാണ്

