KSDLIVENEWS

Real news for everyone

തീരാവ്യഥയുടെ നാലാംനാൾ: മരണം 338 ആയി; ഇനിയും ഇരുന്നൂറിലധികംപേർ കാണാമറയത്ത്, നാളെയും തിരച്ചിൽ

SHARE THIS ON

മേപ്പാടി: ഉള്ളുപൊട്ടി മരവിച്ച വയനാടിന്റെ ഹൃദയഭൂമിയിൽ നേരിയ പ്രത്യാശ സമ്മാനിച്ച നാലാം നാൾ. നാലുപേരുടെ ജീവൻ തിരികെപിടിച്ച പകൽ. പ്രാണന്റെ തുടിപ്പിന്റെ സൂചനകള്‍ ലഭിച്ച രാത്രി. ഉരുൾപൊട്ടി ഉള്ളുലച്ചിട്ട് നാലാംദിനം പിന്നിടുമ്പോഴും തിരച്ചിലിന് അവസാനമില്ല. കാണാമറയത്തുള്ളവരെ കണ്ടെത്താതെ മടക്കമില്ലെന്ന നിശ്ചയദാർഢ്യം മുന്നോട്ടു നയിക്കുകയാണ് രക്ഷാപ്രവർത്തകരെ.

കരഞ്ഞ് കരഞ്ഞ് കണ്ണീർ വറ്റിയ ഒരു ജനതയുടെ വിലാപങ്ങളാണെങ്ങും. ഒരായുസിന്റെ അധ്വാനത്തിൽ തീർത്ത വീടുകളും അതിലെ മനുഷ്യരും അവർ കണ്ട സ്വപ്നങ്ങളുമെല്ലാമാണ് ചിതറിത്തെറിച്ച് കിടക്കുന്നത്. അതിനിടയിലെവിടെയെങ്കിലും ഇനിയും ഉയിർത്തെഴുന്നേൽക്കാവുന്ന ഒരു ജീവന്റെ തുടിപ്പ് റഡാറിൽ പതിയാവുന്ന ദൂരത്തിൽ കിടപ്പുണ്ടെങ്കിലോ എന്ന നേരിയ പ്രത്യാശയാണ് ബാക്കി. സാധ്യത വിരളമെങ്കിലും അങ്ങനെ ഒരു ജീവന്റെ തുടിപ്പുണ്ടെങ്കിൽ ഉറപ്പായും തിരികെ കൈപിടിക്കണമെന്ന ലക്ഷ്യത്തോടെ കൈമെയ് മറന്ന് തിരയുന്ന ഒരു കൂട്ടം മനുഷ്യർ. ഇടയ്ക്ക് മനുഷ്യ ശ്വാസത്തിന്റെ സൂചന ലഭിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അവസാനിക്കാത്ത പ്രതീക്ഷയോടെ അഞ്ചാം ദിനവും തിരച്ചിൽ തുടരും.

നാലാംദിനം വ്യാപക തിരച്ചിൽ
ബെയ്ലി പാലം യാഥാർഥ്യമായതോടെ യന്ത്രസന്നാഹങ്ങളെത്തിച്ച്, കാണാമറയത്തുള്ളവരെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിൽ വ്യാപകമായ തിരച്ചിലാണ് വെള്ളിയാഴ്ച നടന്നത്. സൈന്യം, എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ് ഗാര്‍ഡ്എന്നിവ ഉള്‍പ്പടെ 40 സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചിൽ. മുണ്ടക്കൈ ജങ്ഷന് മുകളിലുള്ള പുഞ്ചിരിമട്ടത്തിന് താഴെയുള്ള ഭാഗങ്ങളിലായിരുന്നു വ്യാഴാഴ്ച തിരച്ചിലെങ്കിൽ മുകള്‍ഭാഗത്തേക്ക് കയറിയുള്ള പരിശോധനയാണ് വെള്ളിയാഴ്ച നടത്തിയത്. കഡാവര്‍ നായകളേയും തിരച്ചിലിനായി ഉപയോഗിച്ചു. സൈന്യം ഉരുള്‍പൊട്ടലുണ്ടായ മേഖലകളിലാണ് തിരച്ചില്‍ കേന്ദ്രീകരിച്ചത്. മലപ്പുറത്ത് ലോക്കല്‍ പോലീസും അഗ്നിരക്ഷാസേനയും പ്രാദേശിക രക്ഷാപ്രവര്‍ത്തകരും ചേർന്നാണ് തിരച്ചില്‍ നടത്തിയത്.

സൈന്യത്തിന്റെ തിരച്ചിലില്‍ ഒരു വീട്ടിൽ ഒറ്റപ്പെട്ടു കഴിഞ്ഞ ഒരു കുടുംബത്തിലെ നാലുപേരെ നാലുപേരെ കണ്ടെത്താനായി. കഞ്ഞിരിക്കത്തോട്ട് തൊട്ടിയിൽ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് സൈന്യം കണ്ടെത്തിയത്. പിന്നാലെ ഇവരെ നാലു പേരെയും വ്യോമമാർഗം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി. ഉരുൾപൊട്ടൽ ദുരന്തംകഴിഞ്ഞ് 78 മണിക്കൂറിന് ശേഷമാണ് ഇവരെ കണ്ടെത്തുന്നത്. വീടിനെ കാര്യമായി ഉരുൾപൊട്ടൽ ബാധിച്ചില്ലെങ്കിലും വഴിയും മറ്റും തകർന്നതോടെയാണ് നാലുപേരും ഒറ്റപ്പെട്ടുപോയത്.

പിന്നാലെ തിരച്ചിലിനായി ഹെലികോപ്റ്ററുകളുമെത്തി. നിലമ്പൂർ പോത്തുകല്ല് ഭാ​ഗത്താണ് ചാലിയാറിനു മുകളിൽ കോപ്റ്ററുകൾ വഴി തിരച്ചിൽ നടത്തിയത്. ചിപ്സൺ ഏവിയേഷന്റെ കോപ്റ്ററുകളിൽ കോസ്റ്റ്​ഗാർഡാണ് പരിശോധന നടത്തിയത്. പോത്തുകൽ മുതൽ മഞ്ചേരിയിലെ തീരദേശ മേഖലകൾവരെ ആകാശപരിശോധന നടത്തി വിവരങ്ങൾ ദൗത്യസംഘത്തെ അറിയിച്ചു. പോലീസും അഗ്നിരക്ഷാസേനയും പ്രാദേശിക രക്ഷാപ്രവര്‍ത്തകരും ചാലിയാറിൽ സമാന്തര പരിശോധനയും നടത്തിവന്നു. അതിനിടെ മരിച്ചവരുടെ ആശങ്കപ്പെടുത്തുന്ന കണക്കുകളും പുറത്തുവന്നു. മൂന്നൂറിലധികം മനുഷ്യർ മരിച്ചെന്നാണ് പുറത്തുവന്ന അനൗദ്യോഗിക കണക്ക്‌.

പ്രതീക്ഷയുണർത്തി റഡാർ സിഗ്നൽ
തിരച്ചിൽ പുരോഗമിക്കുന്നതിനിടയിൽ മണ്ണിനടിയിൽ നിന്ന് വൈകുന്നേരം റഡാർ സിഗ്നൽ ലഭിച്ചത് പ്രതീക്ഷയുണർത്തി. മണ്ണിനടിയില്‍ ഏതെങ്കിലും തരത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോയെന്ന പരിശോധനയ്ക്കിടെയാണ് സിഗ്‌നല്‍ ലഭിച്ചത്. മനുഷ്യ ജീവന്റെ സൂചനതന്നെയാകണമെന്ന് ഉറപ്പില്ലെങ്കിലും രക്ഷാപ്രവർത്തകർ പ്രതീക്ഷ കൈവെടിയാതെ പരിശ്രമം തുടർന്നു. മണ്ണുകുഴിച്ചും കലുങ്കിനുള്ളില്‍ കയറിയും പരിശോധിച്ചു. മണിക്കൂറുകളോളം പരിശോധിച്ചെങ്കിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. മൂന്നാം തവണ നടത്തിയ റഡാർ പരിശോധനയിൽ സിഗ്നൽ ലഭിക്കാതെ വന്നതോടെ തിരച്ചിൽ താത്കാലികമായി നിർത്തിവെക്കുകയായിരുന്നു.

പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രാത്രിയിലും തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചു. പരിശോധനയ്ക്ക് കൂടുതല്‍ സംവിധാനങ്ങളെത്തിക്കാനും ധാരണയായി. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെത്തി സ്ഥലത്തെ സാഹചര്യം വിലയിരുത്തുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ ഭാഗികമായി തകര്‍ന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന നടപടികളാണ് ആരംഭിച്ചത്. പിന്നാലെ ജീവന്റെ തുടിപ്പിനായി റഡാര്‍ പരിശോധനയിലേക്ക് കടക്കുകയും ചെയ്തു.

അത്യപൂര്‍വ്വ രക്ഷാദൗത്യത്തിനാണ് സൈന്യം നേതൃത്വം കൊടുത്തത്. സന്നദ്ധപ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നു. പരിശോധനയില്‍ ബ്ലൂ സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്ന് വീണ്ടും പ്രതീക്ഷ കൈവന്നു. ഭാഗികമായി പൊളിഞ്ഞുകിടന്ന കെട്ടിടത്തിന്റെ ഷട്ടര്‍ പൊളിച്ചും സൈന്യം തിരച്ചില്‍ തുടര്‍ന്നു. ഇരുട്ട് തിരച്ചിലിന് വെല്ലുവിളി സൃഷ്ടിച്ചെങ്കിലും ഫ്‌ളെഡ് ലൈറ്റ് സംവിധാനമെത്തിച്ചാണ് മുന്നോട്ടുപോയത്. രണ്ട് മണ്ണ് മാന്തിയന്ത്രങ്ങളുമെത്തിച്ചു. നാലാം തവണയും സിഗ്നൽ ലഭിച്ചതോടെ പ്രതീക്ഷ വർധിച്ചു. ഒരു ജീവന്റെ തുടിപ്പ് എവിടെനിന്നെങ്കിലും കിട്ടുമെന്ന കണക്കുകൂട്ടലിലായിരുന്നു എല്ലാവരും. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നാലെ പരിശോധന അവസാനിപ്പിച്ച് ദൗത്യസംഘം മടങ്ങി.

മരണം 338 ആയി; കാണാമറയത്ത് ഇനിയും ഇരുന്നൂറിലേറെപേര്‍

ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 338 പേർ മരിച്ചെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരം. കാണാതായവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ മരണസംഖ്യ വളരെയേറെ ഉയർന്നേക്കാമെന്നും ആശങ്കയുണ്ട്. ഔദ്യോഗികമായി ഇതുവരെ 210 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 96 പുരുഷന്മാരും 85 സ്ത്രീകളും 29 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതിൽ 207 മൃതദേഹങ്ങളുടെ പോസ്റ്റ്മാർട്ടം കഴിഞ്ഞു. ഇനിയും ഇരുന്നൂറിലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

മരിച്ചവരിൽ146 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 134 ശരീരഭാഗങ്ങൾ പലയിടങ്ങളിൽ നിന്നായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പോസ്റ്റുമാർട്ടം നടപടികൾ‌ പൂർത്തിയായി. നിലവിൽ ബന്ധുക്കൾക്ക് 119 പേരുടെ മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും കൈമാറിയെന്നാണ് സർക്കാർ പുറത്തുവിട്ട കണക്ക്. ജില്ലാ ഭരണകൂടത്തിന് കൈമാറിയത് 62 മൃതദേഹങ്ങളാണ്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങി ബന്ധുക്കൾക്ക് 27 പേരുടെ മൃതദേഹങ്ങൾ കൈമാറി.

ദുരന്തബാധിതരിൽ പലരും ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. 273 പേരെയാണ് ദുരന്തപ്രദേശത്തുനിന്നും ആശുപത്രികളിലെത്തിച്ചത്. വയനാടിന് പുറമേ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 84 പേർ ചികിത്സയിലുണ്ട്. 187 പേർ ഡിസ്ചാർജായി.

error: Content is protected !!