അന്താരാഷ്ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സ്; സച്ചിനെയും പിന്നിലാക്കി കോലി

ലണ്ടൻ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മറ്റൊരു റെക്കോഡ് കൂടി തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ വേഗത്തിൽ 23,000 റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് സച്ചിനെ മറികടന്ന് കോലി വ്യാഴാഴ്ച സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിനിടെയാണ് കോലിയുടെ നേട്ടം.
490 ഇന്നിങ്സുകളിൽ നിന്നാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടത്. ഇതിനായി സച്ചിനേക്കാൾ 32 ഇന്നിങ്സുകൾ കുറവേ കോലിക്ക് വേണ്ടിവന്നുള്ളൂ. ഈ നാഴികക്കല്ല് പിന്നിടുന്ന ഏഴാമത്തെ താരമാണ് കോലി.
522 ഇന്നിങ്സുകളിൽ നിന്നാണ് സച്ചിൻ ഈ നേട്ടത്തിലെത്തിയത്. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് 544 ഇന്നിങ്സുകളിൽ നിന്നാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. കുമാർ സംഗക്കാര (568), രാഹുൽ ദ്രാവിഡ് (576), മഹേള ജയവർധനെ (645) എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ് പിന്നിട്ട മറ്റ് താരങ്ങൾ.

