KSDLIVENEWS

Real news for everyone

കുട്ടിയുമായി ട്രെയിനിൽ മദ്യപൻ, ഇടപെട്ട് യാത്രക്കാർ; തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ കാസർകോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

SHARE THIS ON

കാസർകോട്: മംഗളൂരു കങ്കനാടിയിൽനിന്ന് രണ്ടരവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ആളെ റെയിൽവേ അധികൃതരുടെ സമയോചിതമായ ഇടപെടലിലൂടെ പിടിച്ചു. എറണാകുളം പറവൂർ സ്വദേശി അനീഷ്‌കുമാറാണ് (49) കാസർകോട് റെയിൽവേ പോലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്.

ശനിയാഴ്ച വൈകീട്ട് ഗാന്ധിധാം-നാഗർകോവിൽ എക്‌സ്‌പ്രസിലായിരുന്നു (16335) സംഭവം. മംഗളൂരുവിൽനിന്നാണ് പ്രതി കുട്ടിയുമായി തീവണ്ടിയുടെ മുൻഭാഗത്തെ ജനറൽ കോച്ചിൽ കയറിയത്. ഇയാൾ മദ്യപിച്ചിരുന്നതിനാൽ സംശയം തോന്നിയ യാത്രക്കാർ റെയിൽവേ ഗാർഡിനെ വിവരമറിയിച്ചു. ഗാർഡ് കാസർകോട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് വിവരം കൈമാറി. 6.47-ന് തീവണ്ടി കാസർകോട്ടെത്തിയപ്പോൾ റെയിൽവേ പോലീസും ആർ.പി.എഫും ചേർന്ന് അനീഷ്‌കുമാറിനെ പിടികൂടുകയായിരുന്നു.


കുട്ടി കരയുകയോ ബഹളം വയ്ക്കുകയോ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ ചെയ്തിരുന്നില്ല. കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ കണ്ടതാണെന്നും ഭക്ഷണം വാങ്ങിത്തരാൻ ആവശ്യപ്പെട്ടപ്പോൾ കൂടെ കൂട്ടിയതാണെന്നുമാണ്‌ പ്രതിയുടെ മറുപടി. കൂടുതൽ ചോദ്യം ചെയ്തപ്പോൾ തട്ടിക്കൊണ്ടുവന്നതാണെന്ന് സമ്മതിച്ചു. തുടർന്ന് പോലീസ് ജനറൽ ആസ്പത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. മംഗളൂരു പോലീസിനെയും വിവരമറിയിച്ചു.

പരിശോധനയ്ക്ക് ശേഷം കുട്ടിയെ കാസർകോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറാനായിരുന്നു തീരുമാനം. കുട്ടിയെ കാണാനില്ലെന്ന് കങ്കനാടിയിൽ നിന്ന് മാതാപിതാക്കൾ പരാതി നൽകിയതായി മംഗളൂരു പോലീസ് അറിയിച്ചു. കുട്ടിയുടെ ഫോട്ടോ അയച്ചതിലൂടെ മാതാപിതാക്കൾ സ്ഥിരീകരിക്കുകയും ചെയ്തു. മംഗളൂരു പോലീസ്, ചൈൽഡ്‌ലൈൻ പ്രവർത്തകർ, റെയിൽവേ അധികൃതർ എന്നിവർ രാത്രി 12-ഓടെ കാസർകോട്ടെത്തി കുട്ടിയെ കൊണ്ടുപോയി.

മംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് 100 മീറ്റർ ദൂരമാണ് കുട്ടിയുടെ വീട്ടിലേക്കുള്ളത്. അതിനാൽ ഇയാൾ കുട്ടിയെ വീടിനടുത്തുനിന്ന് തട്ടിക്കൊണ്ടുപോയതാകാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!