തോന്നിയ പോലെ വാഹന നികുതി ഈടാക്കാൻ സാധിക്കില്ല; നിർണായക വിധിയുമായി സുപ്രീംകോടതി

പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് മോട്ടര്‍ വാഹന നികുതി നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി. പൊതു റോഡുകള്‍, ദേശീയപാതകള്‍ തുടങ്ങിയ പൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്നാണ് മോട്ടര്‍ വാഹന നികുതി ഈടാക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് മനോജ് മിശ്ര, ഉജ്ജല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. 2024ലെ ആന്ധ്രപ്രദേശ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പിച്ച ഹരജിയിലാണ് സുപ്രീംകോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
‘പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് പകരമായിട്ടാണ് വാഹന നികുതി നല്‍കേണ്ടത്. റോഡുകള്‍, ദേശീയപാതകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്നാണ് ഇത് ഈടാക്കേണ്ടത്. ഏതെങ്കിലും വാഹനം പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ആ വാഹനത്തില്‍ നിന്നും മോട്ടര്‍ വാഹന നികുതി ഈടാക്കേണ്ടതില്ല’ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വിധിയില്‍ വ്യക്തമാക്കുന്നു.
1963ലെ ആന്ധ്രപ്രദേശ് മോട്ടര്‍വാഹന നികുതി നിയമത്തിലെ മൂന്നാം വകുപ്പും സുപ്രീംകോടതി വിധിയില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ വകുപ്പില്‍ ‘പൊതു സ്ഥലം’ എന്ന് വ്യക്തമായി പറയുന്നുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ആന്ധ്രപ്രദേശിലെ രാഷ്ട്രിയ ഇസ്പത് നിഗം ലിമിറ്റഡ്(RINL) എന്ന സ്ഥാപനത്തിന്റെ വളപ്പില്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളുടെ നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി വന്നിരിക്കുന്നത്.
രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിനുള്ളില്‍ മാത്രം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ വാഹന നികുതി ചുമത്തിയിരുന്നു. ഇതിനെതിരെ 2020 നവംബര്‍ മുതല്‍ ആര്‍ഐഎന്‍എല്ലിലെ ചരക്കു നീക്കത്തിന്റെ ചുമതലയുള്ള കമ്പനിയാണ് കോടതിയെ സമീപിച്ചത്. ഈ കമ്പനിയുടെ 36 വാഹനങ്ങളാണ് ആര്‍ഐഎന്‍എല്ലിനുള്ളില്‍ ചരക്കു നീക്കം നടത്തിയിരുന്നത്. ആര്‍ഐഎന്‍എല്ലില്‍ ചരക്കു നീക്കം നടത്തുന്ന വാഹനങ്ങളെ മോട്ടര്‍ വാഹന നികുതിയില്‍ നിന്നും ഒഴിവാക്കണമെന്നു കാണിച്ച് ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാര്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നികുതി ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.
ഇതോടെ പൊതുമേഖലാസ്ഥാപനത്തിനുള്ളിലെ പ്രദേശം പൊതു സ്ഥലമല്ലെന്ന് കാണിച്ച് ആര്‍ഐഎന്‍എല്ലിലെ കരാര്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി മോട്ടര്‍ വാഹന വാഹന നികുതിയായി നല്‍കിയ 22,71,700 രൂപ സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന് വിധിച്ചു. ഇതിനെതിരെ ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ആര്‍ഐഎന്‍എല്ലിനു ചുറ്റും മതിലും പ്രവേശന കവാടങ്ങളില്‍ സിഐഎസ്എഫ് സുരക്ഷയുമുണ്ടെന്ന് കരാര്‍ കമ്പനി സുപ്രീംകോടതിയെ അറിയിച്ചു. പൊതു ജനങ്ങള്‍ക്ക് ആര്‍ഐഎന്‍എല്ലിലേക്ക് പ്രവേശനമില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ആര്‍ഐഎന്‍എല്ലിന്റെ ഉള്ളിലെ പ്രദേശം പൊതുസ്ഥലമല്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് കമ്പനിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.