ഇന്നലെ മാത്രം 21 കോടി; ഓണക്കാലത്ത് സപ്ലൈകോ വില്‍പ്പന 300 കോടി കടന്നു

തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോ വഴിയുള്ള വില്‍പ്പന 319 കോടി കടന്നു. ഇന്നലെ വൈകിട്ടുവരെയുള്ള കണക്കാണിത്.
300 കോടിയുടെ വില്‍പ്പനയായിരുന്നു സപ്ലൈകോ ലക്ഷ്യമിട്ടത്. 2024ല്‍ ഇത് 183 കോടിയായിരുന്നു. ഇന്നലെ മാത്രം 21 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. സർക്കാരിൻ്റെ വിപണി ഇടപെടലിൻ്റെ പ്രയോജനം രണ്ടുകോടിപ്പേരിലെത്തിയെന്ന് ഭക്ഷ്യമന്ത്രി ജിആർ അനില്‍ പറഞ്ഞു.
അരിയുടെയും വെളിച്ചെണ്ണയുടെയും മുളകിൻ്റെയും കാര്യത്തില്‍ സവിശേഷമായ ഇടപെടല്‍ നടത്തി. ഓഗസ്റ്റ് 31 വരെ 45.4 ലക്ഷം (45,40,030) ഉപഭോക്താക്കള്‍ സപ്ലൈകോ വില്‍പനശാലകള്‍ സന്ദർശിച്ചു. കേരളത്തിലെ 3.33 കോടി ജനങ്ങളില്‍ 2 കോടി പേർക്കെങ്കിലും സർക്കാരിൻ്റെ വിപണിയിടപെടലിന്റെ നേരിട്ടുള്ള പ്രയോജനം ലഭിച്ചതായി മന്ത്രി പറഞ്ഞു.
ഓഗസ്റ്റില്‍ സർവകാല റെക്കോർഡുകള്‍ തകർക്കുന്ന രീതിയിലുള്ള വില്‍പനയാണ് സപ്ലൈകോ ഔട്ട് ലെറ്റുകള്‍ വഴി നടക്കുന്നത്. ഓഗസ്റ്റ് 31 വരെയുള്ള വിറ്റുവരവ് 297.3 കോടി രൂപയാണ്. ആഗസ്റ്റ് 11, 12 തീയതികളില്‍ പ്രതിദിന വിറ്റുവരവ് പത്തു കോടി കവിഞ്ഞു. 27ന് സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിറ്റുവരവായ 15.7 കോടിയിലെത്തി (ഇതിനു മുമ്ബുള്ള പ്രതിദിന വിറ്റുവരവ് 15.37 കോടിയായിരുന്നു). ഓഗസ്റ്റ് 30 ന് വീണ്ടും റെക്കോർഡ് മുന്നേറ്റം നടത്തി 19.4 കോടി രൂപയായി.
വെളിച്ചെണ്ണ വിലവർധനയില്‍ സപ്ലൈകോ ഇടപെടല്‍ വളരെ ഫലപ്രദമായി. സപ്ലൈകോ വില്പനശാലയില്‍ നിന്ന് 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ആവശ്യാനുസരണം നല്‍കി. ഓഗസ്റ്റ് 25 മുതല്‍ 457 രൂപയില്‍ നിന്നും 429 രൂപയിലേക്ക് കേര വെളിച്ചെണ്ണയുടെ വില കുറച്ചു. നേരത്തെ ഒരു ബില്ലിന് ഒരു ലിറ്റർ കേര വെളിച്ചെണ്ണ മാത്രം എന്ന നിബന്ധനയില്‍ മാറ്റം വരുത്തി.
സപ്ലൈകോ ബ്രാൻഡായ ശബരിയുടെ ഒരു ലിറ്റർ സബ്ലിഡി വെളിച്ചെണ്ണ 349 രൂപയ്ക്ക് നല്‍കിയിരുന്നത് ഇപ്പോള്‍ 339 രൂപയായും സബ്‌സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയില്‍ നിന്നും 389 രൂപയായും കുറവു വരുത്തിയാണ് വില്‍പന നടത്തുന്നത്. ഇതിലൂടെ പൊതുവിപണിയിലെ വെളിച്ചെണ്ണയുടെ വില പിടിച്ചുനിർത്താൻ കഴിഞ്ഞു. വിലയില്‍ ഇനിയും കുറവ് വരുത്താൻ സാധിക്കും. മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എംആർപി യേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്ലിഡി നിരക്കില്‍ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്തിരുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാർഡൊന്നിന് 20 കിലോ പച്ചരി/പുഴുക്കലരി 25 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കുന്നു. 92.8 ലക്ഷം കിലോ ഗ്രാം അരി ഈ മാസം വില്‍പന നടത്തി. മറ്റ് പ്രമുഖ റീറ്റെയ്ല്‍ വ്യാപാര ശൃംഖലകളോട് കിട പിടിക്കുന്ന വിധത്തില്‍ ബ്രാൻഡഡ് എഫ്‌എംസിജി ഉത്പന്നങ്ങളുടെ ഒരു വൻനിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകളും, വിലക്കുറവും ഓണത്തിന് പ്രത്യേകമായി നല്‍കുന്നുണ്ട്. സപ്ലൈകോ പുറത്തിറക്കിയ ഓണം ഗിഫ്റ്റ് പദ്ധതിക്കും വലിയ പ്രതികരണമാണുള്ളതെന്ന് മന്ത്രി പറഞ്ഞു.