റഷ്യന്‍ എണ്ണ കൂടുതല്‍ വിലക്കിഴിവില്‍ ഇന്ത്യക്ക്; ബാരലിന് 3-4 ഡോളർ കുറയും, യു.എസ് കലിപ്പിന് വഴങ്ങില്ല

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയില്‍ കൂടുതല്‍ വിലക്കിഴിവ് നല്‍കി റഷ്യ. ബാരലിന് മൂന്നുഡോളര്‍ മുതല്‍ നാലുഡോളര്‍ വരെ വിലക്കിഴിവാണ് നല്‍കുന്നത്. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് യുഎസ് ഇന്ത്യക്കുമേൽ ഉയര്‍ന്ന താരിഫ് ചുമത്തുന്നതിനിടെയാണ് ഈ വിലക്കിഴിവെന്നത് ശ്രദ്ധേയമാണ്.
സെപ്റ്റംബര്‍ മാസം അവസാനവും ഒക്ടോബറിലും കയറ്റുമതി ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള യുരാള്‍സ് ഗ്രേഡില്‍പെട്ട ക്രൂഡ് ഓയിലിന് ഇതിനകംതന്നെ വിലക്കിഴിവ് നിശ്ചയിച്ചുകഴിഞ്ഞു. ജൂലൈമാസത്തില്‍ ബാരലൊന്നിന് നല്‍കിയിരുന്ന ഒരു ഡോളര്‍ വിലക്കിഴിവ്, കഴിഞ്ഞയാഴ്ചയോടെ 2.50 ഡോളറായി വർധിപ്പിച്ചിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 2022 മുതലാണ് റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വന്‍വര്‍ധനയുണ്ടാകുന്നത്. ഒരുശതമാനത്തിന് താഴെനിന്ന് നാല്‍പ്പതുശതമാനത്തോളം എത്തിനില്‍ക്കുകയാണ് ഈ വളര്‍ച്ച. 5.4 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യയുടെ പ്രതിദിന ഇറക്കുമതി. 2024-25 ല്‍ ഇറാഖ്, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയെ മറികടന്ന് റഷ്യയിൽനിന്നായിരുന്നു ഇന്ത്യ 36 ശതമാനവും ഇറക്കുമതി ചെയ്തത്.
ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാന്‍ നീക്കംനടത്തുന്ന ട്രംപ് ഭരണകൂടം, റഷ്യയുമായുള്ള രാജ്യത്തിന്റെ ക്രൂഡ് വ്യാപാരത്തിന് മേല്‍ സമ്മര്‍ദം കടുപ്പിച്ചിരുന്നു. യുക്രൈനിലെ കൂട്ടക്കൊല നിര്‍ത്താന്‍ എല്ലാവരും ആവശ്യപ്പെടുന്ന സാഹചര്യത്തില്‍പ്പോലും റഷ്യയില്‍നിന്ന് ഇന്ത്യ കൂടുതല്‍ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയായിരുന്നു ഇന്ത്യക്കെതിരേ ട്രംപ് തീരുവ ഏർപ്പെടുത്തിയത്. 25 ശതമാനം തീരുവയായിരുന്നു ഇന്ത്യക്കെതിരേ ആദ്യം ട്രംപ് പ്രഖ്യാപിച്ചത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാൻ ഇന്ത്യ തയ്യാറാവാത്തതിനെ തുടർന്ന് 25 ശതമാനം കൂടി അധികമായി ചുമത്തിയിരുന്നു.