തെളിവായി വാട്‌സാപ്പ് ചാറ്റുകള്‍: കോഴിക്കോട്ടെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ വാടകവീട്ടില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് ബഷീറുദ്ദീന്‍ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ജീവനൊടുക്കിയ ആയിഷ റഷയും പ്രതിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസിന് തെളിവ് ലഭിച്ചിരുന്നു. വാട്‌സാപ്പ് ചാറ്റുകളില്‍നിന്നാണ് ഈ തെളിവുകള്‍ അന്വേഷണസംഘത്തിന് കിട്ടിയത്. ഇതിനുപിന്നാലെയാണ് ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ്‌ചെയ്തത്.
ഞായറാഴ്ച രാത്രിയാണ് അത്തോളി സ്വദേശിനിയായ ആയിഷ റഷ(21)യെ എരഞ്ഞിപ്പാലത്തെ ബഷീറുദ്ദീന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. താന്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ ആയിഷ റഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നാണ് ഇയാളുടെ മൊഴി. തുടര്‍ന്ന് ഇയാള്‍ത്തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
കോഴിക്കോട്ട് ജിംനേഷ്യത്തില്‍ ട്രെയിനറാണ് ബഷീറുദ്ദീന്‍. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളെ കഴിഞ്ഞദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മംഗളൂരുവില്‍ ബിഫാം വിദ്യാര്‍ഥിനിയായ ആയിഷ റഷ ഓണാവധിക്കായാണ് നാലുദിവസം മുന്‍പ് നാട്ടിലെത്തിയത്. എന്നാല്‍, വീട്ടില്‍ പോയിരുന്നില്ല. ആണ്‍സുഹൃത്തിനൊപ്പം എരഞ്ഞിപ്പാലത്തെ വീട്ടിലായിരുന്നു താമസം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)