സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ;
അഞ്ചുപേരിൽ കൂടുതൽ കൂടിച്ചേരരുത് ; വിവാഹം , മരണമൊഴികെ ചടങ്ങുകൾക്ക് കർശന നിയന്ത്രണം 31 വരെ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. മരണനാന്തര ചടങ്ങുകള്‍, വിവാഹം എന്നിങ്ങനെ ഇളവുകള്‍ അനുവദിച്ചിട്ടുള്ളവ ഒഴികെ സംസ്ഥാനത്ത് വരെ 5 പേരില്‍ കൂടുതല്‍ വരുന്ന എല്ലാ മീറ്റിങ്ങുകളും യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു. ഒക്ടോബര്‍ മൂന്നിന് രാവിലെ ഒമ്ബത് മണിമുതല്‍ 31ന് അര്‍ദ്ധരാത്രി വരെയാണ് കൂടിച്ചേരലുകള്‍ക്ക് കര്‍ശന നിയന്ത്രണം.
സാമൂഹിക അകലം പാലിക്കുന്നത് ലംഘിച്ചാല്‍ ക്രിമിനല്‍ ചട്ടം സെക്ഷന്‍ 144 പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രോഗവ്യാപനം തടയുന്നതിന് ക്രിമിനല്‍ ചട്ടം സെക്ഷന്‍ 144 പ്രകാരമുള്ള നിയമനടപടി സ്വീകരിക്കാന്‍ അതത് ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ ഒഴികെയുള്ള എല്ലാ കൂടിച്ചേരലുകള്‍ക്കും വിലക്ക് ഉണ്ടായിരിക്കും. സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നിരുന്നു. ഇതില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഒക്ടോബര്‍ 31 വരെ കൂടിച്ചേരലുകള്‍ വിലക്കിയിരിക്കുന്നത്.
കേരളത്തില്‍ ഇന്ന് 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 218 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7013 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്. എറണാകുളം ജില്ലയിലെ 2 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 2828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,43,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,12,849 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,258 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3150 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

