ഹഥ്റസ് കൂട്ട ബലാത്സംഗം ;
പ്രധിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ ;
ഇന്ത്യ ഗേറ്റിൽ നിരോധനാജ്ഞ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്റസിലെ കൂട്ട ബലാത്സംഗക്കൊലയില്‍ ഡല്‍ഹിയിലും പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്ത് എം.എല്‍.എയും സാമൂഹിക പ്രവര്‍ത്തകനുമായ ജിഗ്നേഷ് മേവാനി ഇന്ത്യ ഗേറ്റില്‍ പ്രതിഷേധ കൂട്ടായ്മക്ക് ആഹ്വാനം ചെയ്തു. വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയുടെ കീഴില്‍ വൈകിട്ട് അഞ്ചു മണിക്ക് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് അറിയിച്ചതോടെ ഇന്ത്യ ഗേറ്റില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്, എ.എ.പി നേതാക്കള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കും.
പെണ്‍കുട്ടിയുടെ കുടുംബത്തെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചും കുടുംബത്തെ ഒറ്റപ്പെടുത്തിയും കേസ് ഒതുക്കാനാണ് യു.പി സര്‍ക്കാറും പൊലീസും ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ല എന്നാണ് യു.പി പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പറയുന്നത്. മാധ്യമങ്ങളും ബാക്കി എല്ലാവരും പോകും ഞങ്ങള്‍ മാത്രമേ കാണൂ എന്ന് ജില്ലാ മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു. നിയമസഹായം നല്‍കാന്‍ തയാറായ നിര്‍ഭയ കേസിലെ അഭിഭാഷക സീമ കുശ്വാഹയെ ഹഥ്രസിലെത്താനും പൊലീസ് അനുവദിച്ചില്ല.
പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. യു.പി സര്‍ക്കാറിെന്റ അടിച്ചമര്‍ത്തലിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറിയിച്ചു. അഞ്ച് മണിക്ക് ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയുടെ തീരുമാനം. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം. ഇത് മുന്നില്‍ കണ്ടാണ് ഇന്ത്യ ഗേറ്റില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജന്തര്‍മന്തറില്‍ ധര്‍ണ നടത്തുമെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചിരുന്നുവെങ്കിലും പരിപാടിക്ക് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ജന്തര്‍മന്തറിലെ പരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണമെന്നും 100 പേര്‍ക്കേ പങ്കെടുക്കാനാകൂ എന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.

