കാറഡുക്കയിൽ കാട്ടാന ശല്യം രൂക്ഷം ; വ്യാപക കൃഷി നാശം

മുള്ളേരിയ: മലയോരത്ത് കൃഷി നശിപ്പിക്കുന്ന കാട്ടാനക്കൂട്ടത്തെ തുരത്താൻ നടപടിയായി. കാറഡുക്ക, മുളിയാർ, ദേലംപാടി പഞ്ചായത്തുകളിലായുള്ള 19 ആനകളെയാണ് ഉൾവനത്തിലേക്ക് മാറ്റുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് തിരഞ്ഞെടുത്ത വനം വകുപ്പ് ജീവനക്കാരും ദ്രുതപ്രതികരണ സേനയും നാട്ടുകാരും ചേർന്നാണ് ആനക്കൂട്ടത്തെ തുരത്തുക.
ദ്രുതപ്രതികരണ സേനയെ സഹായിക്കാൻ യുവാക്കളെ ഒരുക്കുമെന്ന് സി.പി.എം. കാറഡുക്ക ഏരിയാ കമ്മിറ്റി സെക്രട്ടറി സിജി മാത്യു പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ പ്രവർത്തനം തുടങ്ങും. നിലവിൽ കാറഡുക്ക കൃഷിയിടത്തിന് സമീപത്തുള്ള ആനക്കൂട്ടത്തെ പയസ്വിനി പുഴ കടത്തും. മുമ്പും പയസ്വിനി പുഴ കടത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇത്തവണ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വൻ സംഘം തന്നെ ആനയെ തുരത്താൻ എത്തുന്നുണ്ട്. പയസ്വിനി പുഴകടക്കുന്ന ആനക്കൂട്ടത്തെ അതിർത്തി മേഖലയിലെ ഉൾവനത്തിലേക്ക് മാറ്റി സോളാർ വേലി, കിടങ്ങ് എന്നിവ നിർമിക്കും.
ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കുന്ന വനത്തിലേക്ക് മാറ്റിയാൽ കൃഷിയിടത്തിലേക്ക് എത്തുന്നത് ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മുമ്പൊക്കെ വേനൽക്കാലത്താണ് കൃഷിയിടത്തിലിറങ്ങുന്നതെങ്കിൽ, കഴിഞ്ഞവർഷം മുതൽ ആനക്കൂട്ടം മഴക്കാലത്തും കർണാടക വനത്തിലേക്ക് പോയില്ല. കൃഷിയിടത്തിലെ ആയിരക്കണക്കിന് വാഴയും തെങ്ങും ആനക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ ഒരു മാസമായി റോഡരികിലെ വീട്ടുവളപ്പിലെ കൃഷിവരെ ആനക്കൂട്ടം നശിപ്പിച്ചു. പലരുടെയും വീട്ടുമുറ്റത്തുവരെ ആനകളെത്തിയതോടെ ജീവനും ഭീഷണിയായി.
കൃഷിനാശം തുടരുന്നു
:കാറഡുക്ക പാണൂറിൽ കാട്ടാനകൾ ബുധനാഴ്ച രാത്രിയും വ്യാപകമായി കൃഷി നശിപ്പിച്ചു. കുളത്തിങ്കാലിലെ ഇ.കൃഷ്ണൻ നായർ, ഇ.രാഘവൻ നായർ, മാധവൻ നായർ, മൂവങ്കോളിലെ ഇ.വാരിജാക്ഷൻ നായർ, ഇടവേലിയിലെ പി.ബാലകൃഷ്ണൻ നായർ, പി.സതീശൻ, സി.കുഞ്ഞമ്പു നായർ, എം.ഗംഗാധരൻ, എം.പ്രഭാകരൻ, എം.കുമാരൻ നായർ, ഇ.സ്മിത, ഇ.ശുഭ, ഗോപാലകൃഷ്ണൻ, കെ.ബാലകൃഷ്ണൻ, കർമൻതോടിയിലെ കെ.കൃഷ്ണൻ എന്നിവരുടെ കൃഷി ആന നശിപ്പിച്ചു. രാവിലെ ഏഴുമണി വരെ ആനക്കൂട്ടം തോട്ടത്തിലായിരുന്നു.

