IPL2020 : ഇന്ന് ചെന്നൈ – ഹൈദരാബാദ് പോരാട്ടം

ഡൽഹി ക്യാപിറ്റൽസിനോട് തോറ്റ ശേഷം ആറ് ദിവസത്തെ ഇടവേളകഴിഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ് സീസണിലെ തങ്ങളുടെ നാലാം മത്സരത്തിന് ഇന്നിറങ്ങും . സൗത്ത് ഇന്ത്യൻ ഡെർബിയിൽ ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ആണ് ധോണിയുടെ ടീമിന്റെ എതിരാളികൾ . ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30 ന് ആണ് മത്സരം . മൂന്ന് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ ഒരു ജയവും രണ്ട് തോൽവിയുമാണ് രണ്ട് ടീമുകളുടേയും അക്കൗണ്ടിൽ ഉള്ളത് . മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് തുടങ്ങിയ ചെന്നെ പിന്നീട് രാജസ്ഥാനോടും ഡൽഹിയോടും തോറ്റു . ബാംഗ്ലൂരിനോടും കൊൽക്കത്തയോടും തോറ്റ ഹൈദരാബാദ് ആകട്ടെ ശക്തരായ ഡൽഹിയെ തോൽപ്പിച്ചാണ് വരുന്നത് . പരിക്ക് ഭേദമായ അമ്പട്ടി റായുഡു തിരികെ എത്തുന്നത് ചെന്നെക്ക് ആശ്വാസമാണ് . എന്നാൽ ഓപ്പണർമാർ ( മുരളി വിജയ് , ഷെയ്ൻ വാട്സൺ ) തിളങ്ങാത്തത് ചെന്നെത് തലവേദനയാണ് . ഫാഫ് ഡുപ്ലസിസ് നല്ല ഫോമിൽ കളിക്കുന്നുണ്ട് , റായുഡു മടങ്ങിയെത്തുമ്പോൾ വാട്സണ് ഒപ്പം ഓപ്പൺ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല . അങ്ങനെയാണെങ്കിൽ ധോണി ബാറ്റിംഗ് ഓർഡറിൽ സ്വയം സ്ഥാനക്കയറ്റം നൽകി മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കുമോ എന്നും കാത്തിരുന്ന് തന്നെ കാണണം . കേദാർ ജാദവിനും കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല . ഓൾറൗണ്ടർമാരിൽ സാം കറൻ മികവ് കാണിക്കുന്നുവെങ്കിലും ധോണിയുടെ വിശ്വസ്ഥനായ ജഡേജ ഫോം കണ്ടത്താത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് . പീയൂഷ് ചൗള തന്നെയാകും സ്പെഷ്യലിസ്റ്റ് സ്പിന്നർ . ദീപക് ചഹാർ , ലുങ്കി എംഗിഡി എന്നിവരാകും ഫാസ്റ്റ് ബൗളിങ് നിരയിൽ . മൂന്നാം പേസറായി സാം കറനെ ഉപയോഗിക്കും . ഇന്ന് ജയം അനിവാര്യമായതിനാൽ തന്നെ നല്ല ഒരു കോമ്പിനേഷൻ കണ്ടെത്തേണ്ടതും ചെന്നെത് അത്യാവശ്യമാണ് . മറു വശത്ത് രണ്ട് തോൽവിയോടെയാണ് തുടങ്ങിയതെങ്കിലും ശക്തരായ ഡൽഹിയെ വീഴ്ത്തിയ ആവേശത്തിലാണ് മുൻ ചാമ്പ്യൻമാരായ ഹൈദരാബാദ് . കെയ്ൻ വില്യംസൺ മടങ്ങിയെത്തിയതോടെ ടീമിന്റെ മധ്യനിരയിലെ പ്രശ്നങ്ങൾക്ക്
പരിഹാരമായിട്ടുണ്ട് . വാർണർ , ബെസ്റ്റോ , വില്യംസൺ , മനീഷ് പാണ്ഡ് എന്നിവരാണ് ബാറ്റിംഗ് കരുത്ത് . പരിക്ക് ഭേദമായാൽ യുവ താരം പ്രിയം ഗാർഗിന് പകരം ഓൾറൗണ്ടർ വിജയ് ശങ്കർ ടീമിൽ ഇടംപിടിക്കും . റാഷിദ് ഖാൻ നയിക്കുന്ന സ്പിൻ വിഭാഗത്തിൽ യുവ താരം അഭിഷേക് ശർമ്മയും ഉൾപ്പെടുന്നു . കഴിഞ്ഞ മത്സരത്തിൽ മികവ് കാണിച്ച ടി നടരാജൻ , ഖലീൽ അഹമ്മദ് , ഭുവനേശ്വർ കുമാർ എന്നിവരായിരിക്കും പേസർമാർ . ഇതുവരെ 12 തവണ ഏറ്റുമുട്ടിയപ്പോൾ 9 തവണയും ജയം തങ്ങൾക്കൊപ്പമായിരുന്നു എന്നത് ചെന്നെയ്ക്ക് ആത്മവിശ്വാസം പകരും

