KSDLIVENEWS

Real news for everyone

ചുമ മരുന്ന് കഴിച്ച രണ്ട് കുട്ടികകൾക്ക് ദാരുണാന്ത്യം: 10 കുട്ടികൾ ആശുപത്രിയിൽ; മരുന്ന് കുറിച്ചു നൽകിയ ഡോക്ടർക്കുംഅസ്വസ്ഥത അനുഭവപ്പെട്ടു

SHARE THIS ON

ജയ്‌പൂർ: രാജസ്ഥാനിൽ ചുമ മരുന്ന് കഴിച്ച രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. സികാർ ജില്ലയിൽ നിന്നുള്ള നിതീഷ്(5), സാമ്രാട്ട്(2) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പത്തോളം പേർ ചികിത്സയിലാണ്. കമ്മ്യൂണിറ്റി സെന്ററിലെ ഡോക്ടറായ താരാചന്ദ് യോഗിയാണ് മരുന്ന് കുറിച്ച് നൽകിയത്. മരുന്ന് സുരക്ഷിതമാണെന്ന് കാണിക്കുന്നതിനായി ഒരു ഡോസ് കഴിച്ച ഡോക്ടറും അബോധാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച്ച മരണപ്പെട്ട നിതീഷ് എന്ന കുട്ടിക്ക് ഡെക്സസ്ട്രോമെതോർഫൻ ഹൈഡ്രോബ്രൊമൈഡ് എന്ന സംയുക്തം അടങ്ങിയ മരുന്നായിരുന്നു നൽകിയത്.

മരുന്ന് കഴിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം തന്നെ കുട്ടി മരിക്കുകയായിരുന്നു. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നതായി മാതാപിതാക്കൾ അറിയിച്ചു. നിതീഷിന്റെ മരണവാർത്ത പുറത്തുവന്നതോടെ തങ്ങളുടെ കുഞ്ഞ് മരിച്ചതും സമാന കാരണത്താലാണെന്ന് വ്യക്തമാക്കി സാമ്രാട്ടിൻ്റെ ബന്ധുക്കളും രംഗത്തെത്തുകയായിരുന്നു. ഏതാനും ആഴ്ച്ചകൾക്ക് മുന്നെയായിരുന്നു സാമ്രാട്ട് മരണപ്പെട്ടത്. വാർത്ത പുറത്തു വന്നതോടെ ഗ്രാമം മുഴുവൻ ആശങ്കയിലായിരിക്കുകയാണ്.

എന്നാൽ മരുന്നിന് പ്രശ്‌നമില്ലെന്നായിരുന്നു ഡോ.താരാചന്ദിന്റെ വാദം. ഇത് തെളിയിക്കുന്നതിനായി ഡോക്ടർ മരുന്ന് കഴിച്ച് കാണിക്കുകയും ചെയ്‌തു. ഇതിന് ശേഷം കാറോടിച്ച് പോകുന്നതിനിടെ ഡോക്ടർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് മണിക്കൂറുകളുടെ അന്വേഷണത്തിന് ശേഷമാണ് ഡോക്ടറെ കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ചുമ മരുന്നിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ രാജസ്ഥാൻ സർക്കാർ ആ കമ്പനിയുടെ 22 ബാച്ചുകൾ വിലക്കുകയും മരുന്നിൻ്റെ വിതരണം മരവിപ്പിക്കുകയും ചെയ്തു. സമാന സംഭവത്തിൽ മധ്യപ്രദേശിൽ 15 ദിവസത്തിനിടെ മരിച്ചത് ആറ് കുട്ടികളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!