KSDLIVENEWS

Real news for everyone

ഈ സത്യസന്ധതയ്ക്ക് സ്വർണത്തെക്കാൾ തിളക്കം
കളഞ്ഞു കിട്ടിയ 9 പവൻ സ്വർണ്ണവും പണവും, മൊബൈലും അടങ്ങിയ ബാഗ് ഉടമക്ക് തിരുച്ചു നൽകി കുഞ്ഞിക്കണ്ണൻ മാതൃകയായി

SHARE THIS ON

ഈ സത്യസന്ധതയ്ക്ക് സ്വർണത്തെക്കാൾ തിളക്ക

ചെർക്കള: കഷ്ടപ്പാടുകൾക്ക് നടുവിലാണ് കുഞ്ഞിക്കണ്ണന്റെ ജീവിതമെങ്കിലും പാതയോരത്തെ കുറ്റിക്കാട്ടിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണവും പണവുമടങ്ങിയ ബാഗ് ഉടമയ്ക്ക് നൽകിയപ്പോഴാണ് മനസ്സിന് സമാധാനമായത്. ചെങ്കള കെ.കെ.പുറത്തെ കൂലിപ്പണിക്കാരനായ എ.കുഞ്ഞിക്കണ്ണ(61)നാണ് ഒൻപത് പവനും 2500 രൂപയും വിലകൂടിയ സ്മാർട്ട് ഫോണും എം.ടി.എം.കാർഡും ഉൾപ്പെടെയുള്ള ബാഗ് ഉടമയ്ക്ക് കൈമാറിയത്. ഞായറാഴ്ച പുലർച്ചെ ആറിന് ചെർക്കള-ബദിയഡുക്ക അന്തസ്സംസ്ഥാനപാതയിൽ കെട്ടുംകല്ലിൽ നിന്നാണ് കുഞ്ഞിക്കണ്ണന്‌ ബാഗ് കിട്ടിയത്.

കുറ്റിക്കാട്ടിൽനിന്ന് മൊബൈൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സ്ത്രീകൾ ഉപയോഗിക്കുന്ന തോൾബാഗ് ശ്രദ്ധയിൽപ്പെട്ടത്. ബാഗുമായി കെ.കെ.പുറത്തെ വീട്ടിലെത്തിയശേഷം ഉദുമ അച്ചേരിയിൽ താമസിക്കുന്ന മകൻ രൻജീഷിനെ വിവരമറിയിച്ചു. രൻജീഷ് അറിയിച്ചതിനെത്തുടർന്ന്‌ വിദ്യാനഗർ എസ്.ഐ. എം.വി.വിഷ്ണു പ്രസാദ് കെ.കെ.പുറത്തെ വീട്ടിലെത്തി സ്വർണവും പണവുമടങ്ങുന്ന ബാഗ് ഏറ്റുവാങ്ങുകയായിരുന്നു.

ചെർക്കള ചേരൂരിലെ സി.യു.ഹസൈനാറുടെ ഭാര്യ ഹൈറുന്നിസയുടെ ബാഗാണ് കുഞ്ഞിക്കണ്ണന്റെയും കുടുംബത്തിന്റെയും സത്യസന്ധതയിലൂടെ തിരികെ കിട്ടിയത്. ഹസൈനാർ ഗൾഫിലാണ്. ശനിയാഴ്ച വൈകീട്ട് ആറരയോടെ ബദിയഡുക്കയിലെ സഹോദരിയുടെ വീട്ടിൽ പോയി ഓട്ടോ റിക്ഷയിൽ തിരിച്ചുവരുമ്പോഴാണ് ബാഗ് നഷ്ടമായത്. മാതാവ് സുഹറയും പത്ത് വയസ്സിന് താഴെയുള്ള മക്കളായ സിനാസ്, ഫാത്തിമ, ആയിഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഫാത്തിമയുടെ കൈയിലാണ് ബാഗുണ്ടായിരുന്നത് കല്ലക്കട്ടയിൽ എത്തിയപ്പോഴാണ് ബാഗ്‌ നഷ്ടപ്പെട്ടത് അറിഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ രാത്രി 12 മണിവരെ കെട്ടുംകല്ലിനും എടനീരിനും ഇടയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

ഹൈറുന്നിസയുടെ ഭർത്തൃസഹോദരൻ സി.യു.മുഹമ്മദ് കുഞ്ഞി അതിനിടയിൽ വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സൈബർസെല്ലിലും അറിയിച്ചു. ഫോൺ റിങ് ചെയ്യുന്നുണ്ടെന്നും ലൊക്കേഷൻ ചെർക്കളയാണെന്നും വ്യക്തമായി. ഞായറാഴ്ച പുലർച്ചെ അഞ്ചുമുതൽ മുഹമ്മദ് കുഞ്ഞി സുഹൃത്തുക്കളുമായെത്തി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

എട്ടുമണിയോടെ നഷ്ടപ്പെട്ട ബാഗ് കിട്ടിയതായി വിദ്യാനഗർ പോലീസ് സ്റ്റേഷനിൽനിന്ന് വിളിച്ചറിയിക്കുകയായിന്നു
വിദ്യാനഗർ സ്റ്റേഷനിലെത്തിയ ഹൈറുന്നിസയ്ക്ക് എ.കുഞ്ഞിക്കണ്ണൻ ബാഗ് കൈമാറി. വിദ്യാനഗർ ഇൻസ്പെക്ടർ വി.വി.മനോജ്, എസ്.ഐ. എം.വി.വിഷ്ണുപ്രസാദ് എന്നിവരുടെ സാനിധ്യത്തിലാണ് ബാഗ് കൈമാറിയത്.

പോലീസ് സ്റ്റേഷനിൽ ഹൈറുന്നിസയ്ക്കൊപ്പമെത്തിയിരുന്ന മുഹമ്മദ് കുഞ്ഞി സമ്മാനമായി ഒരുതുക കുഞ്ഞിക്കണ്ണന് നൽകാൻ ശ്രമിച്ചെങ്കിലും സ്നേഹപൂവം നിരസിച്ചു.

സ്വകാര്യ ബീഡിത്തൊഴിലാളി ബേബിയാണ്‌ കുഞ്ഞിക്കണ്ണന്റെ ഭാര്യ. മകൾ: രതീഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!