KSDLIVENEWS

Real news for everyone

വാദ്യഘോഷങ്ങളോടെ കുട്ടികളെ വരവേറ്റ് മുക്കൂട് സ്കൂൾ

SHARE THIS ON

കോവിഡ് കാല ഒറ്റപ്പെടലിന് വിരാമമിട്ടു കൊണ്ട് അക്ഷര മുറ്റത്തേക്ക് തിരികെയെത്തിയ കുഞ്ഞുങ്ങൾക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മുക്കൂട് സ്കൂളിൽ ഉജ്ജ്വല വരവേൽപ്പ്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ ആകെയുള്ള 126 കുട്ടികളിൽ ബയോബബിളുകളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച ആദ്യ ബാച്ചിലെ 50 കുട്ടികളും കൃത്യം 9.30 നു തന്നെ രക്ഷിതാക്കളോടൊപ്പം സ്കൂൾ ഗെയിറ്റിന് പുറത്ത് അണി നിരന്നു. സ്കൂളിലെ പാർട് ടൈം ജീവനക്കാരനായ കുട്ടമത്ത് പത്മനാഭമാരാറുടെ നേതൃത്വത്തിൽ വാദ്യ മേളം ഉയർന്നതോടെ വരിവരിയായി മുന്നോട്ടു നീങ്ങിയ കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുകയും ചെയ്ത ശേഷം വർണബലൂണുകൾ നൽകി വാർഡ് മെമ്പർ എം.ബാലകൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് റിയാസ് അമലടുക്കം, വിദ്യാലയ വികസന സമിതി വൈസ് ചെയർമാൻ എം. മൂസാൻ എന്നിവർ ചേർന്ന് കുഞ്ഞുമക്കളെ സ്വീകരിച്ചു. തുടർന്ന് പ്രഥമാധ്യാപകൻ ഒയോളം നാരായണൻ അധ്യാപകരായ ധനുഷ്, സുജിത , ദിവ്യ, രത്നമണി, നൂർജഹാൻ എന്നിവർ കുട്ടികളെ അവരവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു. അലങ്കരിച്ച ക്ലാസ്സുമുറികളിൽ അകലം പാലിച്ച് ഇരുത്തിയ ശേഷം കൊച്ചു വർത്തമാനവും പാട്ടും, കളിയും കഥകളുമായി അധ്യാപകർ ഒപ്പം ചേർന്നതോടെ കുഞ്ഞു കണ്ണുകളിൽ കൂട്ടു ചേരലിന്റെ ആഹ്ലാദത്തിളക്കം! ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും കൂടിയായപ്പോൾ ആദ്യ ദിവസത്തെ സ്കൂളനുഭവങ്ങൾ കുട്ടികൾ ശരിക്കും ആസ്വദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!