KSDLIVENEWS

Real news for everyone

ആശ്വാസമായി ഗോ ടോക്കൺ ആപ്: ജില്ലാ ആശുപത്രി ഒപി ടിക്കറ്റ് ഇനി ഓൺലൈൻ വഴിയും

SHARE THIS ON

കാഞ്ഞങ്ങാട്∙ മലയോരത്ത് നിന്നു പുലർച്ചെ എത്തി ജില്ലാ ആശുപത്രിയിൽ ഒപി ടിക്കറ്റിനായി കാത്തുനിൽക്കേണ്ടി വരുന്ന കാലം അവസാനിക്കുന്നു. ഓൺലൈൻ വഴി ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്ന സംവിധാനം ഉടൻ തന്നെ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടികളുമായി ജില്ലാ പഞ്ചായത്ത് രംഗത്തെത്തി. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ പെടുത്തി 5 ലക്ഷം ചെലവിട്ടാണ് ‘ഗോ-ടോക്കൺ’ ആപ് തയാറാക്കുന്നത്. ഇതുവഴി ജനങ്ങൾക്ക് എവിടെ നിന്നും ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയും. പദ്ധതി പരീക്ഷണാർഥം നടപ്പാക്കി തുടങ്ങി. ഇപ്പോൾ ദിവസവും 6 പേർക്ക് ഇതുവഴി ഒപി ടിക്കറ്റ് നൽകുന്നുണ്ട്. പദ്ധതിയുടെ പ്രായോഗിക വശം കൂടി കണക്കിലെടുത്ത ശേഷം അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു.  വരിയും തുടരും ഓൺലൈൻ ബുക്കിങ് കൂടാതെ വരി നിന്ന് ഒപി ടിക്കറ്റ് എടുക്കുന്ന സംവിധാനം തുടർന്നും ഉണ്ടാകും. ഓരോ വിഭാഗത്തിലും നിശ്ചിത എണ്ണം ടോക്കൺ മാത്രമാണ് ലഭിക്കുക. ദൂരെ നിന്നു വരുന്നവർ പലപ്പോഴും ടോക്കൺ ലഭിക്കാതെ മടങ്ങി പോകേണ്ട സ്ഥിതി ഉണ്ടാകാറുണ്ട്. ഇതിന് ഇ-ടോക്കൺ പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതിരാവിലെ ആശുപത്രിയിൽ എത്തിയാൽ മാത്രമാണ് നിലവിൽ ടോക്കൺ ലഭിക്കുക. ഇ-ടോക്കൺ സംവിധാനത്തിലൂടെ മൊബൈൽ വഴിയോ കംപ്യൂട്ടർ വഴിയോ അതത് ദിവസത്തെ ടോക്കൺ നിമിഷങ്ങൾക്കുള്ളിൽ എടുക്കാൻ കഴിയും. ടോക്കണിന്റെ കൂടെ ഡോക്ടറെ കാണാനുള്ള സമയവും ലഭിക്കുന്നത് തിരക്കു പിടിച്ച യാത്രയും ഒഴിവാക്കും. ഇ ടോക്കൺ വഴി ഒപി ടിക്കറ്റ് എടുത്തവർക്ക് പണം അടയ്ക്കാന്‍ പ്രത്യേക കൗണ്ടറും ഒരുക്കും.  എങ്ങനെ ഉപയോഗിക്കാം ‘ഗോ-ടോക്കൺ’ ആപ് ഡൗൺലോഡ് ചെയ്യുക. ആപ് തുറക്കുമ്പോൾ ആദ്യം ജില്ല, പിന്നീട് ആശുപത്രിയും തിരഞ്ഞെടുക്കാനുള്ള നിർദേശം വരും. ഇത് സബ്മിറ്റ് ചെയ്യുമ്പോൾ രോഗിയുടെ പേര്, വയസ്സ്, ആൺ, പെൺ, സ്ഥലം എന്നിവ രേഖപ്പെടുത്താൻ ആവശ്യപ്പെടും. ഇതോടെ ആശുപത്രിയിൽ ലഭ്യമായ വകുപ്പുകളും വിവരങ്ങളും ടോക്കണ്‍ എണ്ണവും ലഭിക്കും. അതിൽ നിന്ന് ആവശ്യമായ ചികിത്സ വിഭാഗം തിരഞ്ഞെടുക്കാം. ലഭ്യമായ ടോക്കൺ തിരഞ്ഞെടുത്താൽ ടോക്കൺ നമ്പർ ഉറപ്പിക്കാനുള്ള നിർദേശം ലഭിക്കും. ഉറപ്പു നല്‍കുന്നതോടെ ടോക്കൺ നമ്പറും ഡോക്ടറെ കാണാനുള്ള സമയവും ലഭിക്കും. ആദ്യ ടോക്കണ്‍ ഒപി കൗണ്ടറില്‍ ക്യൂ നിന്നവര്‍ക്ക് മാത്രമാണ് ലഭിക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!