വിദ്യാർഥിനിയെ പീഡിപ്പിച്ചശേഷം ഫോട്ടോയെടുത്ത കേസ്; പ്രതിക്ക് രണ്ടുവർഷം തടവും പിഴയും

കാസർകോട് : കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ചശേഷം മൊബൈൽഫോണിൽ ഫോട്ടോയെടുത്ത് വീണ്ടും പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയെ രണ്ടുവർഷം തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുമ്പള കോയിപ്പാടിയിലെ സി. സാഗറിനെയാണ് (34) ജില്ലാ അഡീഷണൽ സെഷൻസ് (ഒന്ന്) കോടതി ജഡ്ജി എ. മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. ഈ ശിക്ഷയ്ക്ക് പുറമേ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തിയതിന് 20 ദിവസം തടവും 500 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഈ പിഴ അടച്ചില്ലെങ്കിൽ അഞ്ച് ദിവസം അധികതടവും അനുഭവിക്കണം. 2018 ജൂൺ 15-നും സെപ്റ്റംബർ 29-നുമാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ജൂൺ 15-ന് വൈകിട്ട് കോളേജ് വിട്ട് വീട്ടിലേക്ക് നടക്കുമ്പോൾ പ്രതി പെൺകുട്ടിയെ മോട്ടോർ ബൈക്കിൽ പിന്തുടരുകയും പെർവാഡ്-ദേവീനഗർ റോഡിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന് പിറകിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചെങ്കിലും ആളൊഴിഞ്ഞ സ്ഥലമായിരുന്നതിനാൽ ആരും കേട്ടില്ല. ഈ ദൃശ്യം മൊബൈലിൽ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയും സെപ്റ്റംബർ 29-ന് വൈകിട്ട് ഇതേ സ്ഥലത്ത് വെച്ച് വീണ്ടും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്. കുമ്പള എസ്.ഐ.യായിരുന്ന എ. സന്തോഷ്‌കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) പ്രകാശ് അമ്മണ്ണായ ഹാജരായി

