തദ്ദേശ തെരഞ്ഞെടുപ്പ് ;
ജില്ലയിൽ 127 പ്രശ്നബാധിത ബൂത്തുകൾ

കാസർഗോഡ് : ജില്ലയിൽ 127 പ്രശ്നബാധിത ബൂത്തുകൾ. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകൻ നരസിംഹുഗാരി ടി.എൽ. റെഡ്ഡി പ്രശ്നബാധിത ബൂത്തുകളിൽ പരിശോധന നടത്തി. കളക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ പോലീസ് മേധാവി ഡി. ശില്പ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ മംഗൽപ്പാടി ഗ്രാമപഞ്ചായത്തിലെ മുട്ടം കുന്നിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്നാണ് ബൂത്തുകളുടെ പരിശോധന ആരംഭിച്ചത്.
തുടർന്ന് മംഗൽപ്പാടി ജി.എച്ച്.ഡബ്ല്യു.എൽ.പി. സ്കൂൾ, ജി.എൽ.പി.എസ്. മുളിഞ്ച, ഗവ. ഹിന്ദുസ്ഥാനി യു.പി. സ്കൂൾ കുറിച്ചിപ്പള്ള തുടങ്ങിയ സ്കൂളുകളിലെ ബൂത്തുകളും സന്ദർശിച്ചു. ചില ബൂത്തുകളിലെ ഭിന്നശേഷിക്കാർക്കുള്ള റാമ്പ് ഉൾപ്പെടെയുളള അപര്യാപ്തതകൾ പരിഹരിക്കാൻ സംഘം നിർദേശം നൽകി. കോവിഡ് സുരക്ഷയുടെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ നടത്താനും സുരക്ഷാ ക്രമീകരണങ്ങൾക്കും വേണ്ട നിർദേശവും നൽകി.

