മൂന്നംഗ കുടുംബം വീട്ടിനുള്ളിൽ മരിച്ച നിലയിൽ ; സാമ്പത്തിക പ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതെന്ന് സംശയം

കൊച്ചി: അച്ഛനെയും അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുവാരം ഗവ.ഹോമിയോ ആശുപത്രിക്കു സമീപം വാടകയ്ക്കു താമസിച്ചിരുന്ന കുഴുപ്പിള്ളി സ്വദേശി പതിയാപറമ്ബില്‍ പി.എന്‍.രാജേഷ് (55), ഭാര്യ നിഷ (49), ഏകമകന് ആനന്ദ് രാജ് (16) എന്നിവരാണു മരിച്ചത്. ഇവര്‍ പെരുവാരത്തു താമസം തുടങ്ങിയിട്ട് ഒന്നര വര്‍ഷമായി. ഇന്നലെ രാവിലെ ഇവരെ പുറത്തു കാണാതിരുന്നതിനാല്‍ വീട്ടുടമ എത്തി ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറന്നില്ല. പുറത്തെവിടെയെങ്കിലും പോയതായിരിക്കുമെന്നു കരുതി തിരിച്ചുപോയെങ്കിലും ഏറെനേരമായിട്ടും ആരെയും കാണാതായതോടെ പലതവണ ഇവരുടെ മൊബൈല്‍ ഫോണിലേക്കു വിളിച്ചു. എന്നിട്ടും ആരും ഫോണ്‍ എടുക്കാതെ വന്നതോടെ രാത്രി 7 മണിയോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന്, പൊലീസ് എത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ് മൂന്നു പേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജേഷും നിഷയും നിലത്തു ചാരി ഇരിക്കുന്ന നിലയിലും ആനന്ദ് രാജ് കട്ടിലില്‍ നിന്നു താഴേക്കു കിടക്കുന്ന നിലയിലുമായിരുന്നു. വീട്ടില്‍ ഭക്ഷണപദാര്‍ഥങ്ങളും ശീതളപാനീയവും ഉണ്ടായിരുന്നു.വിദേശത്തായിരുന്ന രാജേഷ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം മത്സ്യ മൊത്ത വിതരണക്കാരനായിരുന്നു. രണ്ടുതവണ കുഴിപ്പിള്ളി പഞ്ചായത്ത് അംഗമായിട്ടുണ്ട്. മത്സ്യം കൊടുത്തിട്ടു പണം കൃത്യമായി ലഭിക്കാത്തതുമൂലമുള്ള സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്നാണ് അറിയുന്നത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.

