പെരിയ കേന്ദ്രസർവകലാശാലയിലെ കോവിഡ് സ്ഥിരം ലാബ്ജനറേറ്റിന് വഴി തുറക്കുന്നു

പെരിയ: ഒടുവിൽ കേന്ദ്രസർവകലാശാലയിലെ കോവിഡ് പരിശോധനയ്ക്ക് സ്ഥിരം ലാബ് തുറക്കാൻ വഴിയൊരുങ്ങുന്നു.
സർവകലാശാല പൂർണമായും പ്രവർത്തനസജ്ജമായതിനാൽ പുതിയ കെട്ടിടത്തിലേക്ക് പരിശോധനാ സംവിധാനം മാറ്റുമ്പോൾ ജനറേറ്റർ സംവിധാനം ആവശ്യമുണ്ട്.
ജനറേറ്റർ സജ്ജീകരിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് തുക അനുവദിക്കുന്നതിനെക്കുറിച്ച് അടുത്ത ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ പരിഗണിക്കാൻ തീരുമാനമായി. ലാബ് പ്രവർത്തനം ആരംഭിക്കാൻ സാധിക്കാത്തതിനെക്കുറിച്ച് ‘മാതൃഭൂമി’ നിരന്തരം വാർത്തകൾ നൽകിയിരുന്നു.
കഴിഞ്ഞയാഴ്ച ലാബ് അധികൃതർ കളക്ടറുമായി വിഷയം ചർച്ച ചെയ്തിരുന്നു. 2020 ജൂലായിൽ പ്രഖ്യാപിച്ച ലാബിൽ സ്ഥിരം വൈദ്യുതിസംവിധാനം ലഭിക്കാത്തതിനാൽ പ്രവർത്തനസജ്ജമാക്കുവാൻ സാധിച്ചിരുന്നില്ല.
കാമ്പസിനോട് ചേർന്നുള്ള തണ്ണോട്ട് റോഡിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം ലാബാക്കി മാറ്റുകയായിരുന്നു. 1.75 കോടി രൂപയാണ് ചെലവ്. നിലവിൽ സർവകലാശാലയിലെ ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി ലാബിലാണ് കോവിഡ് പരിശോധനകൾ നടക്കുന്നത്.
ഗവേഷണവിദ്യാർഥികൾ ഉപയോഗിക്കുന്ന ലാബാണിത്. പരിശോധന സ്ഥിരം ലാബിലേക്ക് മാറ്റിയാൽ വിദ്യാർഥികൾക്ക് അവരുടെ പഠനപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സാധിക്കും. കൂടാതെ ജില്ലയിലെ ആർ.ടി.പി.സി.ആർ. പരിശോധനാഫലം വൈകുന്നു എന്ന പരാതിക്കും പരിഹാരമാകും.

