രാഹുലിനെതിരെ പരാതി നൽകിയ യുവതിക്കെതിരായ സൈബർ ആക്രമണം: ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതിന് ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വിവിധ ജില്ലകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നൽകി പിന്നാലെയായിരുന്നു ഇവർക്കെതിരായ സൈബർ ആക്രമണം. സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിച്ച് നിയമനടപടി സ്വീകരിക്കാൻ എല്ലാ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലു നിർദേശം നൽകുകയായിരുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. ഇവർക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ് മുന്നോട്ട് പോകും.
സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിടാൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണം അടക്കം പിടിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്കെതിരെ കേസുണ്ടായേക്കുമെന്നാണ് വിവരം. യുവതിയെ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ , സന്ദീപ് വാര്യർ തുടങ്ങിയവർ ഉൾപ്പെടെ അഞ്ചു പേരെ പ്രതിയാക്കിയായിരുന്നു പൊലീസിന്റെ ആദ്യ എഫ്ഐആർ. ഇതിൽ രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുൻകൂർ ജാമ്യ അപേക്ഷയുമായി സന്ദീപ് വാര്യർ കോടതിയെ സമീപിച്ചിരിക്കുകയാണ്. അറസ്റ്റ് നിയമവിരുദ്ധമാണെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം. കോടതി രാഹുലിനെ റിമാൻഡ് ചെയ്തിരുന്നു. ജയിലിൽ നിരാഹാരമിരിക്കുമെന്നാണ് രാഹുൽ ഈശ്വർ വ്യക്തമാക്കിയിരിക്കുന്നത്. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും രാഹുൽ ഈശ്വർ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെയുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച കൂടുതൽ ആളുകളെ അന്വേഷണസംഘം ചോദ്യം ചെയ്യും. അതിജീവിതയുടെ പരാതിയിൽ കൂടുതൽ ആളുകളിൽനിന്ന് ഇന്ന് മൊഴി രേഖപ്പെടുത്തും. നാളെയാണ് രാവിലെ മുൻകൂർ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുക. ഇതിനുമുമ്പ് രാഹുലിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് നീക്കം. രാഹുലിന്റെ ജാമ്യ അപേക്ഷയെ ശക്തമായി എതിർക്കാനാണ് തീരുമാനം

