റോഡരികിൽ ഫോണിൽ സംസാരിച്ചുനിൽക്കെ മാവിന്റെ കൊമ്പൊടിഞ്ഞ് ദേഹത്ത് വീണു: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരന് ദാരുണാന്ത്യം

അരുവിക്കര (തിരുവനന്തപുരം): കാച്ചാണിയിൽ റോഡരികിൽ നിന്ന കൂറ്റൻ മാവിന്റെ കൊമ്പൊടിഞ്ഞു വീണ് ഒരാൾ മരിച്ചു. നെടുമങ്ങാട് പറണ്ടോട് തെക്കുംകര ദേവീക്ഷേത്രത്തിനു സമീപം സ്വാതിയിൽനിന്ന് കാച്ചാണി മോനി എൻക്ലേവിൽ താമസിക്കുന്ന റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ ബി.സുനിൽ ശർമ്മ(56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കച്ചാണി ഹൈസ്കൂളിനു സമീപമായിരുന്നു അപകടം.
റോഡരികിൽ ഫോണിൽ സംസാരിച്ചുകൊണ്ടുനിൽക്കുകയായിരുന്ന സുനിൽ ശർമ്മയുടെ ദേഹത്തേക്ക് മാവിന്റെ വലിയ ശിഖരം ഒടിഞ്ഞുവീഴുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന കുടപ്പനക്കുന്ന് സ്വദേശി മിഥുനും ഭാര്യയും സഞ്ചരിച്ച കാറിന്റെ മുകളിലൂടെയും മാവിന്റെ ശിഖരങ്ങൾ വീണു. ഇവർ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
ഗുരുതരമായി പരിക്കേറ്റ സുനിൽ ശർമ്മയെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച ബന്ധുക്കളേറ്റുവാങ്ങി സംസ്കരിക്കും. ഭാര്യ: നിഷ. മകൾ: രേവതി.
നെടുമങ്ങാട്, ചെങ്കൽച്ചൂള എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് മരത്തിന്റെ ശിഖരം മുറിച്ചുനീക്കിയത്. റോഡിൽ ഗതാഗതതടസ്സവുമുണ്ടായി.

