വിജയ് മല്യയും നീരവ് മോദിയുമടക്കമുള്ള 15 സാമ്പത്തികക്കുറ്റവാളികൾ; രാജ്യത്തെ ബാങ്കുകൾക്ക് കിട്ടാനുള്ളത് 58,000 കോടി

ന്യൂഡൽഹി: വിജയ് മല്യയും നീരവ് മോദിയുമടക്കമുള്ള 15 സാമ്പത്തികക്കുറ്റവാളികൾ ഇന്ത്യയിലെ ബാങ്കുകൾക്ക് നൽകാനുള്ളത് പലിശയടക്കം 58,000 കോടി.
ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി തിങ്കളാഴ്ച ലോക്സഭയ്ക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇത്രയധികം തുക ലഭിക്കാനുണ്ടെന്നറിയിച്ചത്. പിഎൻബി, ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യുസിഒ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയുൾപ്പെടെ 12 പൊതുമേഖലാ ബാങ്കുകൾക്കാണ് തുകലഭിക്കാനുള്ളത്.
2018-ലെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫെൻഡേഴ്സ് ആക്ട് (എഫ്ഇഒഎ) പ്രകാരം, ഒക്ടോബർ 31 വരെ സാമ്പത്തികക്കുറ്റവാളികളായി പ്രഖ്യാപിച്ചത് 15 പേരെ
ഇതിൽ ഒൻപതുപേർ തട്ടിപ്പിനിരയാക്കിയത് പൊതുമേഖലാ ബാങ്കുകളെ
സാമ്പത്തികക്കുറ്റവാളികൾ ബാങ്കുകൾക്ക് നൽകാനുള്ളത് -26,645 കോടി
പലിശ -31,437 കോടി
ആകെ കിട്ടേണ്ട തുക -58,082 കോടി
ഒക്ടോബർ 31 വരെ വീണ്ടെടുത്ത തുക -19,187 കോടി
പട്ടികയിലുള്ള പ്രമുഖർ
വിജയ് മല്യ, നീരവ് മോദി, നിതിൻ ജെ. സന്ദേശര, ചേതൻ ജെ. സന്ദേശര, ദീപ്തി സി. സന്ദേശര, സുദർശൻ വെങ്കിട്ടരാമൻ, രാമാനുജം ശേഷരത്നം, പുഷ്പേഷ് കുമാർ ബൈദ്, ഹിതേഷ് കുമാർ, നരേന്ദ്രഭായ് പട്ടേൽ.

