KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങി; തിരഞ്ഞെടുപ്പ് ഉന്നമിട്ട് ശബരിമലക്കേസിൽ രാഷ്ട്രീയനീക്കം

SHARE THIS ON

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് നിയമസഭാതിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുമെന്ന് ഉറപ്പിച്ചതോടെ രാഷ്ട്രീയമായി അനുകൂലമാക്കാനുള്ള തന്ത്രങ്ങളിലാണ് എൽഡിഎഫും യുഡിഎഫും. തദ്ദേശതിരഞ്ഞെടുപ്പിൽ ശബരിമല ചർച്ചയാവാതിരിക്കാനുള്ള കരുതലായിരുന്നു എൽഡിഎഫ് നടത്തിയത്. എന്നാൽ, യുഡിഎഫ് ഇടതുപക്ഷത്തെയും സർക്കാരിനെയും കടന്നാക്രമിക്കാനുള്ള വിഷയമാക്കി.

ശബരിമലയാണ് തോൽവിക്ക് പ്രധാനകാരണമെന്ന് സിപിഎം പരസ്യമായി സമ്മതിക്കുന്നില്ലെങ്കിലും അതാണെന്ന് പാർട്ടിയും സർക്കാരും തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇതോടെയാണ് നിയമസഭാതിരഞ്ഞെടുപ്പിൽ ശബരിമല യുഡിഎഫിനെതിരായി തിരിച്ചുവിടാനുള്ള രാഷ്ട്രീയ അജൻഡ സെറ്റുചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ രംഗത്തെത്തിയത്.

സ്വർണക്കൊള്ളക്കേസിലെ അന്വേഷണം 15-നകം പൂർത്തിയാക്കണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, ഈ സമയത്തിനുള്ളിൽ പൂർത്തിയാകാനുള്ള സാധ്യത കുറവാണ്.

ഇടതുപക്ഷഭരണം, കേസിൽ പ്രതിയായവർ സിപിഎം നേതാക്കൾ, ചോദ്യംചെയ്തിരിക്കുന്നത് മുൻദേവസ്വം മന്ത്രിയെ – ഇതെല്ലാം എൽഡിഎഫിനെ തിരിഞ്ഞുകുത്തുന്ന ഘടകങ്ങളാണ്. ഇതിന്റെ ആഘാതം കുറയ്ക്കാനാണ് കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻപോറ്റിയും ഗോവർധനും സോണിയാഗാന്ധിയെ കണ്ടതിനെ സംശയത്തിൽനിർത്തി മുഖ്യമന്ത്രി യുഡിഎഫിനെതിരേയുള്ള പ്രചാരണനീക്കത്തിന് തുടക്കമിട്ടത്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലംമുതലുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്ന് നേരത്തേ സിപിഎം ഉന്നയിക്കുകയും ചെയ്തതാണ്. പോറ്റി സോണിയയെ കണ്ടത് അക്കാലത്താണെന്നതാണ് മുഖ്യമന്ത്രി നീട്ടിയെറിഞ്ഞ വാദത്തിന്റെ ഊന്നൽ. യുഡിഎഫ് കൺവീനറായ അടൂർ പ്രകാശിന്റെയും ആന്റോ ആന്റണി എംപിയുടെയും സാന്നിധ്യവും സംശയത്തിൽനിർത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. ഇരുവരും നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലാത്തത് യുഡിഎഫ് വാദത്തെ പരുങ്ങലിലാക്കുന്നുണ്ട്. യുഡിഎഫും അത്ര ശുദ്ധമല്ലെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് എൽഡിഎഫ്. സിപിഎം നേതാക്കൾ പ്രതികളായി അകത്തുകിടക്കുന്നിടത്തോളം എൽഡിഎഫിന്റെ പ്രചാരണം ജനങ്ങൾ വിശ്വാസത്തിലെടുക്കില്ലെന്നതാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. പ്രത്യേക അന്വേഷണ സംഘത്തിൽനിന്ന് വിവരങ്ങൾചോർത്താൻ ‘ചാരന്മാരെ’ നിയോഗിച്ചെന്ന രീതിയിൽ സർക്കാരിനെ സംശയത്തിൽ നിർത്തുന്ന ആരോപണവും കടുപ്പിച്ചു. സിപിഎം നേതാക്കളടക്കം പങ്കാളിയായി സ്വർണം കടത്തിയതിനെക്കാൾ വലിയ കുറ്റമായി സോണിയയ്‌ക്കൊപ്പമുള്ള ഫോട്ടോ മുഖ്യമന്ത്രി ഉയർത്തിക്കാണിക്കുന്നത് രാഷ്ട്രീയപാപ്പരത്തമാണെന്നാണ് അവരുടെ വാദം. നയതന്ത്ര സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ വസതിയിലെത്തി ചർച്ചനടത്തിയില്ലേയെന്നാണ് യുഡിഎഫിന്റെ മറുചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!