മഞ്ചേശ്വരം താലൂക്ക് ആസ്ഥാനത്തിന് ഫണ്ട് അനുവദിക്കും -ഇ. ചന്ദ്രശേഖരൻ

മഞ്ചേശ്വരം: താലൂക്ക് ആസ്ഥാനം വൈകാതെ ഉചിതമായ സ്ഥലത്ത് നിർമിക്കുമെന്നും ആവശ്യമായ ഫണ്ട് സർക്കാർ അനുവദിക്കുമെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ഹൊസബെട്ടു ഗ്രൂപ്പ് വില്ലേജ് ഓഫീസിന്റെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ബഹുഭാഷാ സംഗമഭൂമിയായ ഈ പ്രദേശത്തിന്റെ പ്രാധാന്യം സർക്കാർ മനസ്സിലാക്കുന്നുതായും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം താലൂക്കിലെ ഹൊസബെട്ടു, ബങ്കര, മഞ്ചേശ്വരം, ബഡാരി വില്ലേജുകൾ അടങ്ങുന്നതാണ് ഹൊസബെട്ടു ഗ്രൂപ്പ് വില്ലേജ്. എൽ.ഡി.എഫ്. സർക്കാർ നടപ്പാക്കിയ സ്മാർട്ട് വില്ലേജ് പദ്ധതി വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റി. സംസ്ഥാനത്തെ 1664-ൽ 310 വില്ലേജ് ഓഫീസുകളിൽ ചുറ്റുമതിൽ നിർമിച്ചു. 317 കെട്ടിടങ്ങളിൽ ശൗചാലയ സൗകര്യവും കുടിവെള്ള സൗകര്യവും ഒരുക്കി. 300-ൽ അധികം ഓഫീസുകളിൽ കൂടുതൽ മുറി നൽകി. 441 ഓഫീസുകൾക്ക് മനോഹരമായ പുതിയ കെട്ടിടം നൽകി. 2021-22 ലെ പുതിയ ബജറ്റിൽ 76 ഓഫീസുകൾക്കുള്ള ഫണ്ട് വകയിരുത്തി. ജില്ലയിൽ മാത്രം 28 സ്മാർട്ട് വില്ലേജ് ഓഫീസുകൾ അനുവദിച്ചു. 213 കോടി രൂപയാണ് വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപ്പണിക്കായി സർക്കാർ അനുവദിച്ചത്. 150-ൽ അധികം വില്ലേജ് ഓഫീസുകൾക്ക് തറക്കല്ലിട്ടു. നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും ആശ്വാസമായ അന്തരീക്ഷമാണ് ഇന്ന് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ഗീൻ ലവീന മോന്തെരോ അധ്യക്ഷതവഹിച്ചു. കളക്ടർ ഡോ. ഡി.സജിത് ബാബു, ഷാജുമോൻ ജോസഫ്, എ.ഷംസീന, ജൈബുന്നീസ ഫസർ, കമലാക്ഷ കനില, ബി.വി.രാജൻ, എം.മൊയ്തീൻ, മനോജ്കുമാർ, ടി.വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

