സ്വര്‍ണവില വീണ്ടും 35,000 നിലവാരത്തില്‍: അഞ്ചുമാസത്തിനിടെ ഇടിഞ്ഞത് 6,200 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 35,800 രൂപയായി. 4475 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് അഞ്ചുമാസത്തിനിടെ 6200 രൂപയുടെ ഇടിവാണുണ്ടായത്.
സ്വർണവില എക്കാലത്തേയും ഉയർന്ന നിലവാരമായ 42,000 രൂപയിലെത്തിയശേഷം 2020 നവംബർ 30നാണ് ഏറ്റവും കുറഞ്ഞവിലയായ 35,760 രൂപ രേഖപ്പെടുത്തിയത്. മൂന്നുമാസത്തിനുശേഷം വില വീണ്ടും 35,800ത്തിലെത്തിയിരിക്കുകയാണ്. 2020 ഓഗസ്റ്റ് ഏഴിനാണ് പവന്റെ വില 42,000 രൂപയിലെത്തി റെക്കോഡിട്ടത്.
ആഗോള വിപണിയിൽ ഔൺസിന് 1,844.48 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം വില കുത്തനെ ഇടിഞ്ഞശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.2ശതമാനം ഉയർന്ന് 47,947 രൂപയിലെത്തി. കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിലായി 1,800 രൂപയാണ് ഇടിഞ്ഞത്.

