KSDLIVENEWS

Real news for everyone

അസുഖമുള്ളതായി അറിയില്ല, ആരോഗ്യം ശ്രദ്ധിച്ചിരുന്നു’; പൂനത്തിൻ്റെ മരണം വിശ്വസിക്കാതെ ബോഡിഗാർഡ്

SHARE THIS ON

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേയുടെ മരണവാര്‍ത്തയിൽ പ്രതികരിക്കാതെ കുടുംബം. പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് താരം അന്തരിച്ചുവെന്ന് ആദ്യമായി അറിയിച്ചത്. പിന്നാലെ നടിയുടെ മനേജര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ പൂനം പാണ്ഡേയുടെ മരണവാര്‍ത്ത വിശ്വാസത്തിലെടുക്കാൻ ആരാധകരും സോഷ്യല്‍ മീഡിയയും തയാറായിട്ടില്ല. പൂനത്തിൻ്റെ കുടുംബം ഔദ്യോഗികമായി പ്രതികരിക്കാത്തതും ആരാധകരിൽ സംശയമുണർത്തുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൂനം പൊതുവേദിയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. മൂന്ന് ദിവസം മുന്‍പ് വരെ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു.

https://www.instagram.com/reel/C2rgDmOoFcx/?igsh=NDBkb2FhMTE5bHZ5
നാല് ദിവസം മുമ്പ് ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ്‌ ചെയ്ത വീഡിയോ

കാന്‍സറിന് ചികിത്സയിലായിരുന്നുവെന്ന് പറയുന്നുവെങ്കിലും വളരെ ആരോഗ്യവതിയായാണ് കാണപ്പെട്ടത്. അതുകൊണ്ടു തന്നെയാണ് ഒട്ടേറെയാളുകള്‍ സംശയം രേഖപ്പെടുത്തുന്നത്. പൂനത്തിന്റെ മരണവാര്‍ത്ത രേഖപ്പെടുത്തിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലെ കമന്റ് ബോക്‌സ് ഇപ്പോള്‍ ഓഫ് ചെയ്തിട്ടുണ്ട്. ”ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങിയെന്ന വിവരം ദുഖത്തോടെ പങ്കുവെക്കുന്നു. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.”- എന്ന കുറിപ്പോടെയാണ് മരണവാര്‍ത്ത പങ്കുവച്ചിരിക്കുന്നത് മരണവാർത്ത കേട്ട് ഞെട്ടിപ്പോയെന്നും വിശ്വസിക്കാനാകുന്നില്ലെന്നും പൂനത്തിന്റെ ബോഡിഗാർഡ് അമീൻ ഖാൻ പറഞ്ഞു. നടിയുടെ സഹോദരിയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അമീൻ വ്യക്തമാക്കി. പൂനം എപ്പോഴും ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുവായിരുന്നെന്നും എന്തെങ്കിലും അസുഖമുള്ളതിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അസുഖമുള്ളതിന്റെ യാതൊരു ലക്ഷണവും നടിക്കില്ലായിരുന്നുവെന്നും സ്വന്തമായി അവർക്കൊരു ട്രെയിനർ ഉണ്ടെന്നും അമീൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ 11 വ‍ർഷമായി പൂനത്തിന്റെ ബോഡിഗാർഡ് ആയി പ്രവർത്തിക്കുകയാണ് അമീൻ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പൂനം ജനിച്ചത്. ശോഭനാഥ് പാണ്ഡേ, വിദ്യാ പാണ്ഡേ എന്നിവരാണ് മാതാപിതാക്കള്‍. മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്. 2010ല്‍ നടന്ന ഗ്ലാഡ്രാഗ്സ് മാന്‍ഹണ്ട് ആന്‍ഡ് മെഗാമോഡല്‍ മത്സരത്തിലെ ആദ്യ ഒന്‍പതു സ്ഥാനങ്ങളിലൊന്നില്‍ ഇടംനേടിയതോടെ ഫാഷന്‍ മാസികയുടെ മുഖചിത്രമായി. 2013 ല്‍ പുറത്തിറങ്ങിയ നഷ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ് പോയിസണ്‍, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങി കന്നഡ, ഹിന്ദി, തെലുഗ് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ വിവാദങ്ങളിലൂടെയാണ് പൂനം പ്രശസ്ത നേടുന്നത്. 2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളില്‍ നിന്നും ബി.സി.സി.ഐ.യില്‍ നിന്നും ശക്തമായ വിമർശനമാണ് പുനം നേരിട്ടത്. 2012-ലെ ഐ.പി.എല്‍. 5-ആം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോള്‍ പൂനം പാണ്ഡെ തന്റെ നഗ്നചിത്രങ്ങള്‍ പോസ്റ്റുചെയ്തിരുന്നു 2020 ല്‍ പൂനം, സാം ബോംബെ എന്ന ഒരു വ്യവസായിയെ വിവാഹം ചെയ്തു. വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. പിന്നീട് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പൂനം മുംബൈ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ സാം ബോംബെയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. 2021 ല്‍ ഇവര്‍ ഔദ്യോഗികമായി വിവാഹമോചിതരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!