കോവിഡ് ആദ്യ കേസിന് നാളെ നാലാണ്ട്: ജില്ലയിലെ പ്രാണൻ കാക്കാനുള്ള ഓക്സിജൻ പ്ലാന്റ് പ്രവർത്തനം കടലാസിൽ
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ മൂന്നാമത്തെ കോവിഡ് ബാധിതൻ, ജില്ലയിലെ ആദ്യ കേസ്. 2020 ഫെബ്രുവരി മൂന്നിനായിരുന്നു അത്. ഒന്നരമാസത്തിനുശേഷം രണ്ടാമത്തെ കേസ്. പിന്നീടങ്ങോട്ട് കോവിഡ് ബാധിതർ നിറഞ്ഞു. ജില്ലയിൽ കോവിഡെത്തിയിട്ട് ശനിയാഴ്ച നാലാണ്ട് തികയുമ്പോൾ, അന്ന് പ്രഖ്യാപിച്ച പദ്ധതികളെല്ലൊം എവിടെയെന്ന് ചോദിക്കുന്നു പൊതുജനം. ജില്ലയിൽ രണ്ടുലക്ഷത്തോളം പേർക്ക് കോവിഡ് ബാധിക്കുകയും 1500-ലേറെപ്പേർ മരിക്കുകയും ചെയ്തു. ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളേജ് ഉടൻ യാഥാർഥ്യമാക്കുമെന്ന് കേട്ടത് ആ സമയത്തായിരുന്നു. പേരിനൊരു മെഡിക്കൽ കോളേജ് എന്നതിനപ്പുറത്തേക്ക് ഒരുപടി മുന്നോട്ടുപോയില്ല. 60 കോടി രൂപയുടെ ടാറ്റാ ആസ്പത്രി സൂപ്പർ സ്പെഷ്യാലിറ്റിയാക്കുമെന്നായിരുന്നു ഒടുവിലത്തെ പ്രഖ്യാപനം. അതും എങ്ങുമെത്തിയില്ല. പ്രാണവായുവിനായി പ്ലാന്റ് എന്നതായിരുന്നു മറ്റൊരു പ്രഖ്യാപനം. അതും ഫയലിലൊതുങ്ങി. ജില്ലയുടെ ആരോഗ്യ മേഖയിലൊട്ടാകെ മുന്നേറ്റമുണ്ടാക്കുമെന്നായിരുന്നു അന്ന് സർക്കാർ പറഞ്ഞത്. ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരും വേണ്ടത്രയില്ലാതെ, ഭൗതികസൗകര്യങ്ങൾ ഒട്ടും മെച്ചപ്പെടാതെ ആരോഗ്യമേഖല വീർപ്പുമുട്ടുകയും ജനം ശ്വാസംമുട്ടുകയും ചെയ്യുന്ന ദയനീയ സ്ഥിതിയാണിന്ന്. എവിടെ 100 കോടിയുടെ പദ്ധതി :കോവിഡ് ബാധിച്ച് ജനം പ്രയാസപ്പെടുന്ന കാലത്ത് ജില്ലാ ആസ്പത്രിക്ക് വികസനം വേണമെന്ന ആവശ്യം ശക്തമായിരുന്നു. 100 കോടിയുടെ പദ്ധതി വിഭാവനംചെയ്ത് ഈ ആവശ്യത്തിനൊപ്പം നിൽക്കാൻ അധികൃതർ തയ്യാറായി. അതെല്ലാം സ്വപ്നപദ്ധതിയായി അവശേഷിക്കുന്നു. 10 ബ്ലോക്കുകളിലായി സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനമാണ് പദ്ധതിയിൽ ഒന്നാമത്തേത്. ജില്ലാ ജയിൽ സ്ഥിതിചെയ്യുന്ന സ്ഥലം ഏറ്റെടുത്ത് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സ്ഥാപിക്കാനായിരുന്നു ലക്ഷ്യം. പ്രത്യേക പ്രസവശുശ്രൂഷാകേന്ദ്രങ്ങളില്ലെന്നതായിരുന്നു കോവിഡ് കാലത്തെ മറ്റൊരു പ്രയാസം. സമരങ്ങളുടെ വേലിയേറ്റത്തിനൊടുവിൽ കാഞ്ഞങ്ങാട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രി വന്നു. എന്നാൽ വേണ്ടത്ര സൗകര്യങ്ങൾ ഇവിടെയില്ല. ജനകീയാരോഗ്യകേന്ദ്രങ്ങൾ പൂർണമായില്ല :നഗരസഭകളിൽ സ്ഥാപിക്കുന്ന ജനകീയാരോഗ്യകേന്ദ്രങ്ങൾ മൂന്നെണ്ണം ഇനിയും ഉദ്ഘാടനം ചെയ്തില്ല. 15,000 പേർക്ക് എന്ന കണക്കിൽ ഒരു ജനകീയാരോഗ്യ കേന്ദ്രം സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നത്. കാസർകോട്ട് കസബ കടപ്പുറം, അണങ്കൂർ, തളങ്കര, കാഞ്ഞങ്ങാട്ട് വാഴുന്നോറൊടി, പടന്നക്കാട്, ആവിക്കര, നീലേശ്വരത്ത് ചെറപ്പുറം, ആനച്ചാൽ, പടിഞ്ഞാറ്റംകൊഴുവൽ എന്നിവിടങ്ങളിലാണ് ജനകീയാരോഗ്യകേന്ദ്രങ്ങൾ അനുവദിച്ചത്. പടിഞ്ഞാറ്റംകൊഴുവൽ, വാഴുന്നോറൊടി, കസബ കടപ്പുറം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്യാൻ ബാക്കിയുള്ളത്. തെക്കിലിലെ പുതിയ ആസ്പത്രിക്ക് കാത്തിരിപ്പ് പൊയിനാച്ചി: ജില്ലയിലെ അയ്യായിരത്തോളം കോവിഡ് രോഗികൾക്ക് ആശ്വാസകേന്ദ്രമായിരുന്ന തെക്കിൽ ടാറ്റ ട്രസ്റ്റ് ഗവ. ആസ്പത്രി രണ്ടുവർഷമായി മഹാമാരിയുടെ ഓർമകൾ പേറി നിശ്ചലാവസ്ഥയിലാണ്. വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെ ഇവിടെ പ്രവർത്തിച്ചിരുന്ന 191 ജീവനക്കാരിൽ ഭൂരിഭാഗം പേരും മറ്റിടങ്ങളിലേക്ക് പുനർവിന്യസിക്കപ്പെട്ടു. ആസ്പത്രിയിലെ ഉപകരണങ്ങൾ ആരോഗ്യവകുപ്പ് തിരികെയെടുത്തു. കോവിഡ് ആസ്പത്രിയുടെ സ്ഥാനത്ത് ക്രിട്ടിക്കൽ കെയർ ആസ്പത്രി പണിയുമെന്നായിരുന്നു ഒടുവിലത്തെ പ്രഖ്യാപനം. എന്നാൽ ഒന്നും നടന്നില്ല. റവന്യൂഭൂമിയിൽ ആരോഗ്യവകുപ്പിന് ഉപയോഗാനുമതി നൽകിയെങ്കിലും മറ്റു നടപടികളെല്ലാം ഇനിയും പൂർത്തിയാക്കാനുണ്ട്. ഒരുവർഷത്തിനകം ആസ്പത്രിയുടെ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെങ്കിലും ഇക്കാര്യത്തിൽ ഉറപ്പില്ലാത്തനിലയിലാണ് കാര്യങ്ങളുടെ പോക്ക്. 23.75 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തത്. ട്രോമാകെയർ ഉൾപ്പെടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആസ്പത്രി സാധ്യമായാൽ അപകടഘട്ടത്തിൽ മംഗളൂരുവിനെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാകും. ‘പ്രാണവായു’ പ്രഖ്യാപനത്തിലൊതുങ്ങി :നീരാവിയിൽനിന്ന് പ്രാണവായു ഉത്പാദിപ്പിക്കാൻ അത്യാധുനിക സംവിധാനങ്ങളോടെ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ച് 81 ദിവസത്തിനകം പ്രവർത്തനം തുടങ്ങാനായിരുന്നു ജില്ലാപഞ്ചായത്തിന്റെ ലക്ഷ്യം. കോവിഡ് കാലത്ത് പ്രാണവായുവിന് ക്ഷാമം നേരിട്ടപ്പോൾ എടുത്ത ഈ തീരുമാനം വെറും ഭംഗിവാക്കായി. ചട്ടഞ്ചാൽ കുന്നാറയിലെ വ്യവസായപാർക്കിലാണ് പ്രാണവായു പ്ലാന്റ് ഒരുക്കിയത്. ദിവസവും 200 സിലിൻഡർ നിറയ്ക്കാൻ ശേഷിയുള്ള പ്ലാന്റിന് മൂന്നരക്കോടിയാണ് ചെലവാക്കിയത്. നടത്തിപ്പുചുമതല ഏറ്റെടുക്കാൻ ആളില്ലാത്തതാണ് പ്ലാന്റ് തുറക്കാത്തതിന് കാരണമായി ജില്ലാ പഞ്ചായത്തധികൃതർ പറയുന്നത്. തെക്കിൽ ടാറ്റ ട്രസ്റ്റ് ആസ്പത്രിക്ക് സ്വന്തമായി ഓക്സിജൻ പ്ലാന്റുണ്ടെങ്കിലും ഇതുവരെ ഉപയോഗിച്ചില്ല. കാസർകോട് ജനറൽ ആസ്പത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും പ്ലാന്റ് സ്ഥാപിച്ചതല്ലാതെ പ്രവർത്തനം തുടങ്ങിയില്ല.