KSDLIVENEWS

Real news for everyone

അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം: പി.പി. ദിവ്യയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

SHARE THIS ON

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പി.പി ദിവ്യയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന ജില്ലാ സമ്മേളനത്തിലും മുഖ്യമന്ത്രി ദിവ്യക്കെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും മുഖ്യമന്ത്രി വിമര്‍ശനം ആവര്‍ത്തിച്ചത്.

പൊതുചര്‍ച്ചയ്ക്ക് ശേഷം നടന്ന മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണമെന്നാണ് ദിവ്യയുടെ നടപടിയെ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം ദിവ്യയെ പൂര്‍ണമായും തള്ളിക്കൊണ്ടല്ല മുഖ്യമന്ത്രി പ്രതികരണം നടത്തിയത്. പി.പി ദിവ്യയ്ക്ക് പാര്‍ട്ടി സ്ഥാനങ്ങളിലേക്ക് തിരികെ വരാന്‍ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജില്ലാ സമ്മേളനത്തിലെ പ്രതിനിധിചര്‍ച്ചകളില്‍ ദിവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുയര്‍ന്നിരുന്നു. ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായത് ന്യായീകരിക്കാനാവാത്ത നടപടിയെന്നാണ് പ്രവര്‍ത്തനറിപ്പോര്‍ട്ടിലടക്കം ചൂണ്ടിക്കാട്ടിയിരുന്നത്. ചില പ്രതിനിധികള്‍ ദിവ്യയുടെ നടപടി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അഭിപ്രായപ്പെട്ടു. അതേസമയം നടപടി വേഗത്തിലായെന്നും മാധ്യമവാര്‍ത്തകള്‍ക്കനുസരിച്ച് നടപടിയെടുത്തു തുടങ്ങിയ അഭിപ്രായങ്ങളും ഉയര്‍ന്നു.

മുൻ എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാനത്തെ പരാമർശമാണെന്ന് നേരത്തേ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞിരുന്നു. കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ ദിവ്യയ്ക്കെതിരേ പാർട്ടി സ്വീകരിച്ച നടപടിയിൽ വിമർശനമുണ്ടായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് ജയരാജന്റെ പരാമർശം. എന്നാൽ വാക്കുകൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചതായി പിന്നീട് എം.വി. ജയരാജൻ വിശദീകരിച്ചു.

അതേസമയം സി.പി.എമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിങ്കളാഴ്ച തിരഞ്ഞെടുക്കും. നിലവിലെ സെക്രട്ടറി എം.വി. ജയരാജൻ സെക്രട്ടറിസ്ഥാനത്ത് തുടരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!