KSDLIVENEWS

Real news for everyone

മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്; മറിയം ജുമൈല കൊല്ലപ്പെട്ടത് പിതാവ് ബന്ധുക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ

SHARE THIS ON

കാസര്‍കോട്: മഞ്ചേശ്വരത്ത് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വത്ത് തര്‍ക്കവും തുടർന്നുള്ള ഏറ്റുമുട്ടലുമാണ് നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തിൽ കലാശിച്ചത്. ഉമ്മയുടെ സഹോദരിയെയും ഭർത്താവിനെയും പിതാവ് ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് മറിയം ജുമൈലയ്ക്ക് കഴുത്തിൽ വെട്ടേറ്റതെന്നാണ് വിവരം. മംഗളൂരുവിലെ ആശുപത്രിയിൽ അത്യാസന്ന ചികിത്സയിൽ കഴിഞ്ഞിരുന്ന മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയും മരണത്തിന് കീഴടങ്ങി. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശിയാണ് കൊല്ലപ്പെട്ട 18കാരി മറിയം ജുമൈല. മറിയത്തിൻ്റെ പിതാവ് ഉമർ ഫാറൂഖാണ് കൊലയാളി. ഉമർ ഫാറൂഖിൻ്റെയും ഭാര്യയുടെയും ഏക മകളായിരുന്നു മറിയം.

ഉമർ ഫറൂഖും ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവായ ഷേഖ് അബ്ബയും തമ്മിൽ സ്വത്ത് തർക്കമുണ്ടായിരുന്നു. ഇന്നലെ ഷേഖ് അബ്ബയെയാണ് ഉമർ ഫാറൂക് ആദ്യം വെട്ടിപ്പരിക്കേൽപ്പിച്ചത്. പിന്നാലെ ഭാര്യയുടെ സഹോദരിയെയും വെട്ടി. പിതാവിൻ്റെ അതിക്രമം കണ്ട് സഹിക്കാനാവാതെ മറിയം ഇത് തടയാനായി എത്തി. ഇതിനിടെയാണ് മറിയത്തിൻ്റെ കഴുത്തിൽ ആഴത്തിൽ വെട്ടേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മറിയം ജുമൈല മരിച്ചിരുന്നു. പരിക്കേറ്റ മൂന്നാമത്തെയാളുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കൊലപാതകത്തിന് ശേഷം സ്ഥലത്ത് തന്നെ തുടർന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഒരുഘട്ടത്തില്‍ വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു. ബന്ധുക്കള്‍ ഇടപെട്ടായിരുന്നു പ്രശ്നം പരിഹരിച്ചത്. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. ലഹരി ഉപയോഗിച്ച ശേഷം വീട്ടിലെത്തി ഇയാൾ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇതിൻ്റെ പേരിൽ ഉമർ ഫാറൂക്കിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!