ഗസ്സയില്‍ പ്രത്യേക അജണ്ടകളില്ല: മേഖലയില്‍ ആകെ ലഭിച്ച സഹായങ്ങളില്‍ 45%വും യുഎഇയുടേത്

മുംബൈ: ഗസ്സ വിഷയത്തില്‍ യുഎഇക്ക് പ്രത്യേകമായോ ഏകപക്ഷീയമായോ ഉള്ള അജണ്ടകളില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.
അൻവർ ഗർഗാഷ്. ദുബൈയില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയിലെ പാനല്‍ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയില്‍ സിവില്‍ ഭരണത്തിന്റെ ചുമതല യുഎഇ ഏറ്റെടുക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങളെ അദ്ദേഹം പൂർണമായും നിഷേധിച്ചു.
ഗസ്സയിലെ ജനതയ്ക്കായി യുഎഇ നല്‍കിവരുന്ന വലിയ മാനുഷിക സഹായങ്ങളെക്കുറിച്ച് അദ്ദേഹം ചർച്ചയില്‍ എടുത്തുകാട്ടി. ഗസ്സയിലേക്ക് എത്തുന്ന ആകെ സഹായത്തിന്റെ ഏകദേശം 45 ശതമാനവും നല്‍കുന്നത് യുഎഇ ആണ്. ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിലും ഫലസ്തീനികളുടെ കൂടെ തങ്ങള്‍ നിന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗസ്സയിലെ പ്രശ്നപരിഹാരത്തിന് കൂട്ടായ പരിശ്രമമാണ് വേണ്ടത്. അമേരിക്കയുടെ നേതൃത്വപരമായ പങ്കും ഇതില്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും മെച്ചപ്പെട്ട ഒരു ഭാവി ഉറപ്പാക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാനാണ് യുഎഇ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

