ഉപമുഖ്യമന്ത്രി പദത്തിന് മോഹമില്ല: വികസനം പറഞ്ഞ് വോട്ടു പിടിക്കുന്നത് കുറ്റസമ്മതം; കുഞ്ഞാലിക്കുട്ടി

കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന അതികായനാണ് പി.കെ. കുഞ്ഞാലിക്കുട്ടി. മൂന്നുതവണ വ്യവസായമന്ത്രി, ലോക്സഭാംഗം, തുടങ്ങി വിവിധ പദവികളിലെ ഭരണപരിചയം. യു.ഡി.എഫിലെ ഒന്നാം നിര നേതാവ്. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുമായി മാതൃഭൂമി ലേഖകരായ ബിജു സി.പി.യും കബീർ ചാവശ്ശേരിയും നടത്തിയ അഭിമുഖം.
* തിരഞ്ഞെടുപ്പിന് ചുരുങ്ങിയ ദിവസങ്ങൾ മാത്രം. ഒരുക്കങ്ങൾ എത്രത്തോളമായി?
വലിയ സൗകര്യമാണിത്. വലിച്ചുനീട്ടിക്കൊണ്ടു പോകുന്നതിലൊന്നും കാര്യമില്ല. യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം പത്തുവർഷമായി നടക്കുന്ന ഒരു ഭരണം – അതിനുള്ള ന്യൂനതയും ഞങ്ങളുടെ ആൾട്ടർനേറ്റീവ് അജണ്ടയും ഞങ്ങൾ നേരത്തേ പ്രസന്റ് ചെയ്ത് കഴിഞ്ഞതാണ്. പിന്നെ സ്ഥാനാർഥി നിർണയം പോലുള്ള കാര്യങ്ങൾ, അതിൽ യുഡിഎഫാണ് ഫാസ്റ്റായിട്ട് മൂവ് ചെയ്തത്. ഇടതുപക്ഷം കുറച്ചുംകൂടി ഞങ്ങടെ പിന്നിലാ വന്നത്.
* 27 സീറ്റുകളിലാണല്ലോ ലീഗ് മൽസരിക്കുന്നത്. അതിൽ എത്ര സീറ്റിൽ ജയിക്കും?
ലീഗിന്റെ ഏതു സീറ്റാ ഇപ്പ നമുക്ക് തോൽക്കും എന്നൊരു ഫീലിങ്ങ് ഉള്ളത്? ഇപ്പത്തെ ഈ ട്രെന്റ് വെച്ച് നോക്കുകയാണെങ്കിൽ ഞങ്ങൾ മത്സരിക്കുന്ന സീറ്റുകൾ എല്ലാം ജയിക്കാൻ തന്നെയാണ് സാധ്യത. ഉദാഹരണമായിട്ട് ചേലക്കര. ആ സീറ്റിൽ സാധാരണ ഗതിയിൽ ഇടതുപക്ഷം ജയിക്കുന്ന സീറ്റാണെന്നാണ് ആളുകൾ കരുതുന്നത്.
പക്ഷേ, ഞങ്ങൾടെ സ്ഥാനാർഥി വന്നതിനു ശേഷം വൻ മൂവ്മെന്റാണ് അവിടെ. ഇപ്പോ പൊതുവേ ഒരു ട്രെന്റ് വന്നിരിക്കുകയാണ്. ഇപ്പോ, പേരാമ്പ്ര… വല്യ മുന്നേറ്റമാണ്. അതുപോലെ കൂത്തുപറമ്പ്. ഇപ്പോ ഏതു സീറ്റാ സംശയിക്കണ്ടത് എന്നു ചോദിച്ചാ ഒന്നൂല്ല. ഇപ്പോ പുനലൂരിലെ പ്രോബ്ലംസ് ഒക്കെ തീർന്നു.
* 27 സീറ്റിലും ജയിക്കും എന്നുള്ളതാണ് ലീഗിന്റെ വിലയിരുത്തൽ അല്ലേ?
ഇപ്പോ ഒരതിമോഹം… മോഹം അതാണെങ്കിലും അങ്ങനെ പറയാറില്ല. ഇപ്പളത്തെ ട്രെന്റ് വെച്ച് അതിനുള്ള സധ്യത ഉണ്ട്. അത് തള്ളിക്കളയാൻ വയ്യാ.
* യു.ഡി.എഫിന് 100 സീറ്റുകൾ കിട്ടുമെന്നാണല്ലോ വി.ഡി.സതീശന്റെ വാദം? ലീഗിന്റെ പ്രതീക്ഷ എത്രയാണ്
അത് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. ഞങ്ങളിതൊക്കെ അങ്ങോട്ടുമിങ്ങോട്ടും ആലോചിച്ചൊക്കെയാ പറയുന്നത്. നിലമ്പൂരിലെ ബൈ ഇലക്ഷൻ കഴിഞ്ഞപ്പോ ഞങ്ങൾ സതീശനും ഞാനും പറഞ്ഞ അഭിപ്രായം – ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ വ്യത്യാസപ്പെട്ടേയില്ല.
* മുൻപ് എൽ.ഡി.എഫിനെ വികസനം മുടക്കികൾ എന്നാണ് ആക്ഷേപിച്ചിരുന്നത്. 10 വർഷത്തിനു ശേഷം ഇത്തവണ വികസനമാണ് അവർ പ്രധാന ചർച്ചയാക്കുന്നത്. ഇത് വെല്ലുവിളിയല്ലേ?
അവരായിരുന്നു വികസനം മുടക്കികൾ. ഞങ്ങൾ ഭരണത്തിൽ ഇരുന്നപ്പോൾ. ആവശ്യമുള്ളതിനും ആവശ്യമില്ലാത്തിനും എല്ലാം സമരവും ബഹളവും ഉണ്ടാക്കി കേരളത്തെക്കുറിച്ച് ഒരു ഇംപ്രഷൻ മോശമാക്കി ഇവിടുത്തെ അന്തരീക്ഷം മോശാക്കിക്കൊണ്ടിരുന്നത് അവരാണ്. കേരളത്തിന്റെ ഒരു പെർസെപ്ഷൻ മോശം ആക്കിയത് അവരാണ്. ട്രേഡ് യൂണിയൻ മിലിറ്റൻസിയാണ് അവര്. ഇപ്പോ അവർ വികസനം പറഞ്ഞ് വോട്ടു പിടിക്കണത് അവരുടെ കുറ്റസമ്മതംആണ്. ആ കാര്യത്തിൽ പയറ്റിത്തെളിഞ്ഞ ഞങ്ങളല്ലേ ഇന്നലെ വികസനം പറഞ്ഞ് തുടങ്ങിയവരെക്കാൾ നല്ലത്. പത്തു കൊല്ലത്തെ വികസനം പറഞ്ഞിട്ട് ഒറ്റയടിക്ക് ഒരു ടെക്നോപാർക്കോ ഒരു ഇൻഫോപാർക്കോ ഒരു സ്മാർട്ട് സിറ്റിയോ അവരായിട്ട് കൊണ്ടുവന്ന ഒരു സ്ഥാപനത്തിന്റെ പേര് പറയാമോ!
കാക്കനാട് എന്ന വിജനമായിരുന്ന സ്ഥലം ഇന്നത്തെ കാക്കനാടാക്കി മാറ്റിയത് ഞാൻ ഐ.ടി.വകുപ്പ് മന്ത്രി ആയിരുന്നപ്പോ, ഞങ്ങടെ ഗവർൺമെന്റ് ഇരുന്ന കാലത്താണ്. അതൊക്കെ ഞങ്ങളുടെ പ്രോജക്റ്റുകളാണ്. മെട്രോ ഞങ്ങളുടെയാണ്. പിന്നെ ഈ റോഡാണ് പറയുന്നതെങ്കിൽ, കന്യാകുമാരിയിലേക്കും മംഗലാപുരത്തിനപ്പുറവും ഈ റോഡ് പോകുന്നുണ്ടല്ലോ. ഇന്ത്യ ഒട്ടാകെയുള്ള റോഡാ. അത്… ആരാന്റെ കുട്ടി എന്റെയാന്ന് പറയുന്ന തത്ത്വമാണ്.
പിന്നെ, വയനാട് പാക്കേജിന്റെ കഥയെന്താ? ജനം മുഴുവൻ പണം കൊടുത്ത്, പണം വന്ന് കുന്നുകൂടിയിട്ട് ഇപ്പോൾ ഈ ഇലക്ഷൻ വന്നപ്പോൾ ഒരു വീട് അല്ലെങ്കിൽ രണ്ടു വീടു വെച്ച് ഉദ്ഘാടനം ചെയ്യുകയല്ലേ? ഒന്നുമല്ലാത്ത ഞങ്ങൾ മനോഹരമായ ഒരു പുനരധിവാസ പദ്ധതി അവിടെ ഉദ്ഘാടനം ചെയ്തു. അവിടെ ആളുകൾ പാർക്കാൻ തുടങ്ങി. അവരുടേത് എന്തായി? അവര് വളരെ ഫെയിലിയറാണ് ആ കാര്യത്തിൽ.
* വയനാട് പുനരധിവാസപദ്ധതിയിൽ ലീഗ് മാതൃക കാട്ടിയപ്പോൾ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. ഫണ്ടു പിരിവിന്റെ കണക്ക് ഉൾപ്പെടയുള്ള കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലേ?
വീട് നഷ്ടപ്പെട്ടവർക്ക് സർക്കാരിന്റെയും ലീഗിന്റെയും പദ്ധതികളിലായി വീട് കിട്ടി. രാഹുൽ ഗാന്ധിയുടെ പദ്ധതി – അവർ എന്താ ചെയ്തേന്ന് വെച്ചാൽ പൈസ ഗവൺമെന്റിന് കൊടുത്തു. തിരിഞ്ഞുനിന്ന് ഗവൺമെന്റ് നന്ദികേട് പറയുകയാണ്. കർണാടക ഗവൺമെന്റിനെക്കൊണ്ട്… കിട്ടാവുന്നവരെക്കൊണ്ടൊക്കെ കോൺഗ്രസ്, ഗവൺമെന്റിന്റെ പദ്ധതിയിലേക്ക് പണം കൊടുപ്പിച്ചു. ആ 20 കോടി മതിയാരുന്നു അവർക്ക് വീട് ചെയ്യാൻ. അവര് സ്വന്തമായിട്ട് ഒരു പ്രോജക്റ്റ് ചെയ്യാമായിരുന്നു വേണെങ്കിൽ. ഇപ്പോ, അവര് അവിടെ സ്ഥലം വാങ്ങി അവര് ഉണ്ടാക്കുന്നുണ്ട്. ബാക്കി അവര് എക്സ്പ്ലെയിൻ ചെയ്യട്ടെ.
* സർക്കാരിനെതിരേ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും അഴിമതി നിരക്കിൽ കേരളം വളരെ പിറകിലാണെന്നുമാണ് മുഖ്യമന്ത്രിയുടെ അവകാശവാദം?
ശബരിമലയിൽ വരെ അഴിമതി നടത്തിയ ഭരണമാണിത്. സി.പി.എം. നേതാക്കൾ ജയിലിൽ കിടക്കുകയായിരുന്നില്ലേ?. അത് കണ്ട കേരളീയരോടാണ് പറയുന്നത് അഴിമതി ഇല്ലാന്ന്. ഞങ്ങള് അൽപം പിന്നിലായത്, അവരുടെ മാതിരി രൂക്ഷമായി വ്യക്തിപരമായിട്ടൊക്കെ അറ്റാക്ക് ചെയ്യുന്ന കാര്യത്തിലാണ്. ഞങ്ങള് അങ്ങനെ അധികം നിക്കാറില്ല. വി.എസിനൊന്നും യാതൊരു ദയാവായ്പും ഉണ്ടായിരുന്നില്ലല്ലോ. അത് സി.പി.എമ്മിന് പൊതുവേ ഉണ്ടാകാറില്ലല്ലോ. ഞങ്ങള് അത്രയക്കങ്ങട് പോവാറില്ല. എത്ര അഴിമതിയാരോപണങ്ങളാ വന്നത്
* ശരിയാണ് ലീഗ് എല്ലാ കാര്യത്തിലും ഒരു സൗമ്യമായ നിലപാടാണ് എടുക്കാറുള്ളത്. പക്ഷേ കോൺഗ്രസും ശക്തമായ അഴിമതി ആരോപണങ്ങളൊന്നും ഉയർത്തിക്കൊണ്ടുവന്നില്ലല്ലോ. പ്രത്യേകിച്ച് ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട്… പ്രതിപക്ഷം ദുർബലമായിരുന്നോ?
അതിപ്പോ… എ.കെ.ആന്റണി പ്രതിപക്ഷ നേതാവായിരുന്നപ്പളും ഇതുപോലെ ദുർബലമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, നൂറിലേറെ സീറ്റ് നേടി ഭരണത്തിൽ വന്നു. എത്ര അഴിമതിയാരോപണങ്ങൾ ഞങ്ങൾ ഉന്നയിച്ചു. സഭയ്ക്കകത്തും പുറത്തും ഉന്നയിച്ചു. എഴുതിക്കൊടുത്ത് ഉന്നയിച്ച പലതും കേസിലാണ്.
* വികസനം എല്ലാവരിലും എത്തിച്ചെന്നാണ് എൽ.ഡി.എഫ്. പറയുന്നത്. ഇതിനെതിരേ എന്തു ബദലാണ് യു.ഡി.എഫിനുള്ളത്?
കേരളം ഇന്നലെ പെയ്ത മഴയ്ക്ക് പൊട്ടിമുളച്ചതല്ലല്ലോ. കേരളം ഇവിടെ ഉണ്ടായിരുന്നല്ലോ. ഇന്ത്യക്കും ലോകത്തിനും മാതൃകയായി ജീവിതനിലവാരം, ആരോഗ്യരംഗം അങ്ങനെ പലതിലും വേൾഡ് സ്റ്റാന്റേഡായിട്ട് എത്ര കാലമായി. മിഷനറിമാരുടെ കാലം മുതലേ ആ സ്റ്റാൻഡേഡുണ്ടായ നാടാണ് കേരളം. ഇപ്പോ ഇവരുടെ ഇൻഎഫിഷ്യൻസി കൊണ്ട് സംഭവിച്ചത് സാലറി കൊടുക്കാനുള്ള പണംതന്നെ ഗവൺമെന്റിന് വരുമാനമായി കിട്ടുന്നില്ല. ഡെവലപ്മെന്റിന് ഫണ്ട് സീറോ ആണ്. എന്തു മികവാണ് ഈ പറയുന്നത്? ആശുപത്രികൾക്ക് ഫണ്ടില്ലാത്ത ഈ സമയത്ത് എത്ര പണം ചെലവാക്കിയാണ് അവർ പരസ്യം ചെയ്യുന്നത്? ഇങ്ങനെ ചെയ്യാമോ? ധൂർത്താണ് ആ ചെയ്തത്. ഞങ്ങള് റിസോഴ്സസ് ഉണ്ടാക്കി ഇത് കറക്റ്റ് ചെയ്യും. യു.ഡി.എഫ് ഭരണത്തിലെത്തിയാൽ പുതിയ സ്രോതസ്സുകൾ ഉൾപ്പെടെ കണ്ടെത്തി വരുമാനം കണ്ടെത്തും. ജി.എസ്.ടി. വരുമാനം കൂട്ടി ജനങ്ങൾക്ക് സേവനമെത്തിക്കും. മലയോര ജനങ്ങൾക്ക് സംരക്ഷണമൊരുക്കും.
* തിരൂരങ്ങാടിയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരേ ലീഗിന്റെ സംസ്ഥാന സെക്രട്ടറി തന്നെ വിമർശനവുമായി രംഗത്തെത്തിയല്ലോ. മങ്കടയിൽ പ്രാദേശികനേതാക്കൾ പരസ്യമായി രംഗത്തുവന്നു. ഇത് ലീഗിൽ പതിവില്ലാത്തതല്ലേ?
ലീഗിൽ ഇപ്പോൾ പ്രോബ്ലം എത്ര കുറവാ. മുമ്പ് എത്ര പ്രശ്നങ്ങൾ നടന്നു. ലീഗ് പിളർന്നിട്ടില്ലേ. ഒരു കഷ്ണത്തെ എൽ.ഡി.എഫ്. കൊണ്ടുപോയില്ലേ. അതിന്റെ ഒരു കഷണം ഇപ്പളും അവിടെയുണ്ട്. അത് ഈ തവണ കോഴിക്കോട്ട് ഞങ്ങള് തീർക്കും. തിരൂരങ്ങാടിയിലെ സീറ്റിനെക്കുറിച്ച് ആക്ഷേപിച്ച ആള് തന്നെ പറഞ്ഞല്ലോ അതൊരു വികാരത്തിന്റെ പുറത്ത് പറഞ്ഞു പോയതാണെന്ന്. മങ്കടയിലേതൊക്കെ അപ്രധാനമായ കാര്യമാണ്. അതിൽ കാര്യമൊന്നുമില്ല.
*ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസിന്റേത് വളരെ വൈകിയിരുന്നല്ലോ. മുൻപ് കോൺഗ്രസിൽ പ്രശ്നം കൂടുമ്പോൾ ലീഗ് ഇടപെടുമായിരുന്നു. ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിൽ ഒരു ദുർബലതയുണ്ടോ?
ഇല്ല. അങ്ങനെ തോന്നിയിട്ടില്ല. ഇത്തവണ വലിയ പ്രശ്നമൊന്നുമുണ്ടായിട്ടില്ല. കുറച്ചു സമയമെടുത്തെങ്കിലും കോൺഗ്രസ് പെർഫക്ട് പട്ടിക പുറത്തിറക്കി. എന്നാൽ, ഇടതുപക്ഷം പിന്നോട്ടു പോകുന്ന സീറ്റുകളിൽ ബി.ജെ.പി.യെ സഹായിക്കുന്ന രീതിയിലാണ് സ്ഥാനാർഥികളെ നിർത്തിയത്. ട്രെഡീഷനലായിട്ട് എൽ.ഡി.എഫ്. പിന്നോട്ടു പോകുന്ന സ്ഥലത്ത് അവര് ബി.ജെ.പി.ക്ക് ഗുണം കിട്ടാൻ വഴിയൊരുക്കുകയാണ്… പ്രകടമായി ഇടതുപക്ഷം ചെയ്തത്. പാലക്കാട് പോലെയുള്ള മണ്ഡലങ്ങളിൽ ബി.ജെ.പി.ക്ക് സൗകര്യം ചെയ്തുകൊടുത്തു എന്നതാണ് ഇപ്പഴത്തെ പ്രശ്നം. അവിടെ മാത്രമല്ല, വേറെ രണ്ടു മൂന്ന് സ്ഥലത്തുണ്ട്.
* പാലക്കാട് ഉൾപ്പെടെ 10 മണ്ഡലങ്ങളിൽ ബി.ജെ.പി.- സി.പി.എം. ഡീൽ ഉണ്ട് എന്ന് യു.ഡി.എഫ്. ആരോപിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
ആ പത്ത് സീറ്റിൽ സീരിയസായി ഒരു മൽസരം കാഴ്ച വെക്കുന്നില്ല എന്ന് ഒരു ക്ലിയർ സന്ദേശം പുറത്തേക്കു കൊടുത്തതു കൊണ്ടാണ് അങ്ങനെ പറയുന്നത്. അല്ലെങ്കിൽ ഈ ചർച്ച ഉണ്ടാവില്ലായിരുന്നു. ആ പത്ത് മണ്ഡലങ്ങളിൽ സീരിയസായി ഒരു മൽസരം കാഴ്ച വെക്കുന്നില്ല എന്നൊരു സമീപനമാണ് അവർക്ക്. അത് രാഷ്്ട്രീയകേരളത്തിന് വ്യക്തമായി. അതുകൊണ്ടാണ് ഞങ്ങളിത് പറയുന്നത്.
* അതിന്റെ പ്രയോജനം സി.പി.എമ്മിന് ഉണ്ടാകും എന്ന് കരുതുന്നുണ്ടോ?
അവര് – ബി.ജെ.പി.- വിജയിക്കാത്ത സീറ്റുകളല്ലേ ബാക്കിയുള്ളതൊക്കെ. അവിടെ കുറച്ചൊക്കെ കിട്ടുമായിരിക്കും.
* അങ്ങനെ വരികയാണെങ്കിൽ അത് എൽ.ഡി.എഫിന് വിജയത്തിലേക്കുള്ള വഴിയാവില്ലേ? ബി.ജെ.പി.ക്കു പത്തു സീറ്റ് വരെകിട്ടാനും അത് വഴിയൊരുക്കുമോ? യു.ഡി.എഫ്. എങ്ങനെയാണ് അതിനെ പ്രതിരോധിക്കുക?
എൽ.ഡി.എഫിന്റെ വിജയത്തിന് ഒരു സാധ്യതയുമില്ല. യു.ഡി.എഫ്. ട്രെന്റ് ആയതു കൊണ്ട് ഒരു സാധ്യതയുമില്ല. യു.ഡി.എഫ്. ട്രെന്റ് ഉള്ളതുകൊണ്ട് ഇതിനെയൊക്കെ മറികടന്ന് അങ്ങു പോകും. അല്ലെങ്കിൽ ചിലപ്പോ സാധിച്ചേനേ. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇപ്പോ.. കണ്ടില്ലേ? ആരും പ്രതീക്ഷിക്കാത്ത റിസൽറ്റ് ഉണ്ടായില്ലേ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇവിടെ എന്തായിരുന്നോ ട്രെന്റ്, ആ ട്രെന്റ് ഇപ്പളും ഇവിടെയുണ്ട്.
* പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പഞ്ചായത്തു തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ ബി.ജെ.പി.ക്ക് വോട്ട് നേരിയ തോതിലെങ്കിലും കുറയുകയാണ് ചെയ്തത്. വലിയ നേട്ടം യു.ഡി.എഫിന് ഉണ്ടാവുകയും ചെയ്തു. ആ സമയത്തു പോലും 57 നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് മേൽക്കൈ നിലനിർത്താനായി.
ബി.ജെ.പി.ക്ക് വോട്ട് കൂടിയാലും കുറഞ്ഞാലും ഒന്നും യു.ഡി.എഫിനെ ബാധിക്കില്ല. യു.ഡി.എഫിന് അനുകൂലമായ ട്രെന്റ് ഉണ്ട്. അവര് എന്ത് അഭ്യാസം കാണിച്ചാലും ഈ ട്രെന്റിനെ മറികടക്കാൻ സാധിക്കില്ല. അവർ പല അഭ്യാസവും നടത്തും. അതിന്റെ പ്രയോജനം അൽപസ്വൽപം ഒക്കെ അവർക്ക് എവിടെയെങ്കിലും കിട്ടുമായിരിക്കും. എൽ.ഡി.എഫിന് പരമ്പരാഗതമായി കിട്ടിയിരുന്ന വോട്ടുകൾ അവർക്ക് കിട്ടാതെ പോകും. അവരുടെ പരമ്പരാഗത വോട്ടുകളിൽ വലിയ കുറവുണ്ടാകും.
* വനിതകൾക്ക് മതിയായ പ്രാതിനിധ്യം കൊടുത്തിട്ടില്ല എന്ന് പരാതിയുണ്ടല്ലോ. വനിതാലീഗ് അത് തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം സി.പി.എമ്മിൽ വനിതകൾക്ക് പരിഗണന കുറഞ്ഞു പോയല്ലോ എന്ന് പറഞ്ഞപ്പോൾ ശൈലജ ടീച്ചർ പറഞ്ഞ മറുപടി ഞാൻ കേട്ടു. വേണ്ടത്ര പരിഗണിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല… കോൺസ്റ്റിറ്റിയുവൻസിയാകുമ്പോ അങ്ങനെ പറ്റൂല്ലല്ലോ, ഇങ്ങനെ പറ്റൂല്ലല്ലോ എന്നൊക്കെയാണ് ശൈലജ ടീച്ചർ പറയുന്നത്. അതൊക്കെ ഞങ്ങൾക്കും ബാധകമാണ്. അവർക്കുള്ള അത്രയും സീറ്റ് ഞങ്ങൾക്കില്ലല്ലോ. അവർക്കൊക്കെ വേണ്ടത്ര അവസരം കിട്ടും.
* പക്ഷേ, ലീഗ് രണ്ട് വനിതാ സ്ഥാനാർഥികൾക്ക് അവസരം കൊടുത്തത് താരതമ്യേന വിജയസാധ്യത കുറഞ്ഞ ഇടങ്ങളിലല്ലേ?
ഞങ്ങൾക്ക് നല്ല താരപ്രഭയുള്ള രണ്ട് സ്ഥാനാർഥികളാണുള്ളത്. അവർക്ക് വിജയമുണ്ടാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പേരാമ്പ്രയിലൊക്കെ ഞങ്ങൾക്ക് മനസ്സിലായി. കൂത്തുപറമ്പിലെയും ഒക്കെ സ്ഥിതി ഞങ്ങൾക്ക് അനുകൂലമാണ്.
* മലപ്പുറത്ത് ഇത്തവണ ഷുവർ സീറ്റിൽ ഒരു വനിതയെ മൽസരിപ്പിക്കും എന്ന് കരുതിയിരുന്നു.
അങ്ങനെ തന്നെ നിർബന്ധം പിടിക്കേണ്ട കാര്യമില്ലല്ലോ. കേരളത്തിൽ ഇപ്പോ യു.ഡി.എഫ്. ജയിക്കും എന്ന ട്രെന്റ് ഉള്ളപ്പോ ഇപ്പ എവിടെയായാൽ എന്താ? ലീഗിന് മലപ്പുറത്തേ ജയിക്കുന്ന സീറ്റുള്ളൂ എന്ന് നിങ്ങൾ കരുതുന്നതു കൊണ്ടാണത്. അതങ്ങനെയല്ലാന്ന് ഞങ്ങൾക്കറിയാം. അത് ലീഗിനറിയാം. അസംബ്ലി തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ആകെ 27 സീറ്റേ ഉള്ളൂ. പ്രായോഗിക ബുദ്ധിമുട്ടുകൊണ്ടാ.
* വെള്ളാപ്പള്ളി നടേശന്റെ ഭാഗത്തു നിന്ന് മലപ്പുറത്തെക്കുറിച്ചും മുസ്്ലിങ്ങളെക്കുറിച്ചും ലീഗിനെക്കുറിച്ചും ഒക്കെ ഉണ്ടായ വിദ്വേഷ പരാമർശങ്ങൾ സി.പി.എമ്മിന്റെ താത്പര്യപ്രകാരം ഉള്ളതായിരുന്നു എന്ന് കരുതുന്നുണ്ടോ?
ബ്രേക്ക് ഇട്ടപോലെ നിന്നല്ലോ ആ പ്രചാരണങ്ങളൊക്കെ. ഇപ്പോ അത്തരം പ്രചാരണങ്ങൾ ഇല്ലല്ലോ. ലീഗ് ഇപ്പളും ഇവിടെത്തന്നെ ഉണ്ടല്ലോ. എന്താ കാരണം! തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ മനസ്സിലായി. ഇത് എങ്ങനെയാണ് ഏശുന്നത് എന്ന്. ഇത് കേരളത്തിൽ പറയാൻ പാടില്ലാത്തതാണ്, മോശമാണ്
* സി.പി.എം. ഹിന്ദു പ്രീണനം നടത്താൻ വെള്ളാപ്പള്ളിയെ ടൂളായി ഉപയോഗിച്ച് മുസ്ലിം വിദേഷം പടർത്തുകയാണ് ചെയ്തതെന്ന് ലീഗിന് തോന്നുന്നുണ്ടോ?
ആ വിഷയത്തിൽ ഉേേദ്ദശിച്ചത് അങ്ങനെതന്നെയാണ്. അന്നത്തെ കാർഡ് വേറെയായിരുന്നു. കാർഡ് ഏതാണ് എന്നതിനനുസരിച്ചാണ് അഭിപ്രായം. പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഒരു കാർഡായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത് നിർത്തി. ഇപ്പോ രണ്ടുംകെട്ട നിലയിലാണ്. കാർഡില്ല. കാർഡുകൾ ഒക്കെ പഴയ ട്രിക്കാണ്. ജാതിയും മതവും വർഗീയതയും പറയുന്ന കാര്യങ്ങൾ പുതിയ തലമുറയിൽ ഏശില്ല.
* പേരിൽ തന്നെ മുസ്ലിം എന്നുള്ള പാർട്ടിയാണ് ലീഗ്. ദളിത്-പിന്നാക്ക-മുസ്ലിം ബഹുജന രാഷട്രീയത്തിലേക്ക് പോകാൻ ഈ മുസ്ലിം ഐഡൻന്റിറ്റി തടസ്സമാകുന്നുണ്ടോ?
ഇല്ല. ഇത് തടസ്സമാകാതിരിക്കാൻ പല കാര്യങ്ങളും പ്രവൃത്തിയിലൂടെ ചെയ്യുന്നുണ്ട്. പേര് പരമ്പരാഗതമായി വന്നതാണ്. എന്നാൽ ആർക്കും പാർട്ടിയിൽ അംഗത്വമെടുക്കാം. ജാതിയോ മതമോ അടിസ്ഥാനപ്പെടുത്തി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയല്ല ലീഗ്. പിന്നോക്ക ന്യൂനപക്ഷ വിഭാഗത്തിന്റെ സംരക്ഷണമാണ് ലക്ഷ്യം.
* ഐ.യു.എം. എൽ. ഫലത്തിൽ ഇന്ത്യൻ യൂണിയൻ മൈനോറിറ്റി ലീഗ് ആകാവുന്നതാണ്, ആകേണ്ടതാണ് അല്ലേ!
അതെ. അങ്ങനെ പറയുന്ന നിരവധിയാളുകളുണ്ട്.
* കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകും എന്നതിനെക്കുറിച്ച് നടക്കുന്ന ചർച്ചകൾ മുന്നണിയെ ബാധിക്കുമോ
ബാധിക്കില്ല. കോൺഗ്രസിലെ ഹൈക്കമാൻഡ് കൂടിയാലോചിച്ച് അതിൽ തീരുമാനമെടുക്കും. പിന്നെ സർക്കാരിനെ നയിക്കാൻ മുഖ്യമന്ത്രി പദം തന്നെ വേണമെന്നുണ്ടോ
* യു.ഡി.എഫ്. വന്നാൽ ഉപമുഖ്യമന്ത്രിയാകുമോ?
എനിക്കതിൽ മോഹമില്ല. എന്തിനാണ് ഉപമുഖ്യമന്ത്രി പദവി. നമ്മുടെ വകുപ്പിൽ നേരെ ചൊവ്വേ കാര്യങ്ങൾ ചെയ്യുക എന്നതാണ് പ്രധാനം. അങ്ങനെയാണ് ഓർമിക്കപ്പെടുന്നത്.
* കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിൽ ആയിരുന്ന പലരും ഇപ്പോൾ യു.ഡി.എഫിൽ സ്ഥാനാർഥികളാണ്. ഇത് മുന്നണിയുടെ തീരുമാനമാണോ? അതോ കോൺഗ്രസിന്റെയോ?
യു.ഡി.എഫിന്റെ തീരുമാനമാനമാണ്. എൽ.ഡി.എഫ്. ആരെ കിട്ടിയാലും സ്ഥാനാർഥിയാക്കും. ഞങ്ങൾ അങ്ങനെയല്ല. അവരുടെ കോട്ടകളിൽ പല കാര്യങ്ങളും തുറന്നടിച്ച് പറഞ്ഞ് മുന്നോട്ട് വരുമ്പോൾ അവർക്ക് ഇടം കൊടുക്കേണ്ടത് ഞങ്ങളുടെ കടമയല്ലേ. അങ്ങനെ ചെയ്തതാണ്.
* പിണറായി സർക്കാരിന്റെ ഏറ്റവും നല്ലതും ഏറ്റവും മോശവുമായി തോന്നിയ ഓരോ കാര്യങ്ങൾ പറയാമോ?
സർക്കാരിന്റെ പല പദ്ധതികളെ നിയമസഭയിൽ ഉൾപ്പടെ പ്രശംസിച്ചിട്ടുണ്ട്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം അക്വയർ ചെയ്യുന്നതിൽ അത്യുൽസാഹവും നിശ്ചയദാർഢ്യവും കാണിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് ഏറ്റവും മോശം. ഖജനാവിനെ ബാങ്ക് റെപ്റ്റ് ആക്കാൻ പാടില്ല. അത് ജനങ്ങളുടെ തലയ്ക്ക് വരും. ആവശ്യമില്ലാത്ത പലതിനും പണം ധൂർത്തടിച്ചു. കേരളത്തെ ഇതിൽ നിന്ന് കരകയറ്റണമെങ്കിൽ കുറച്ചു പണിയുണ്ട്.
* പ്രതിപക്ഷ നേതാവായ വി.ഡി. സതീശനെ ടാർജറ്റ് ചെയ്തും അദ്ദേഹം പതിവായി നുണപറയുന്നു എന്നുള്ള രീതി സ്വീകരിച്ചും ഇടതുപക്ഷം സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നടത്തുന്നുണ്ടല്ലോ. ഇത് യു.ഡി.എഫിനെ ബാധിക്കുമോ?
സ്ഥാനാർഥി നിർണയം കഴിഞ്ഞപ്പോൾ പാലക്കാട്ടെയും കാസർകോട്ടെയും റാന്നിയിലെയും കാര്യങ്ങൾ സതീശൻ പുറത്തു കൊണ്ടുവന്നു. അതിൽ നിയന്ത്രണം വിട്ട് പറഞ്ഞു പോകുന്നതാണ് അവർ. സതീശൻ ഏബിളായ നേതാവാണ്. കോൺഗ്രസിൽ നല്ല നേതാക്കൾ ഒട്ടേറെയുണ്ടല്ലോ.

