മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പുറത്തുവിടണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാര്‍ എം.പി

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാര്‍ എംപി. എല്‍ഡിഎഫിന് എതിരെ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും കത്തില്‍ പറയുന്നു.
ദുരന്ത ബാധിതര്‍ക്കാരിയ കോണ്‍ഗ്രസ് നടത്തിയ ഫണ്ട് പരിവും വിനിയോഗവും സംബന്ധിച്ച് ഗുരുതരവും വ്യാപകവുമായ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി പൊതുജനങ്ങളില്‍ നിന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നും ഗണ്യമായ തുക പിരിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ആകെ ശേഖരിച്ച ഫണ്ട്, ഈ ഫണ്ട് നിക്ഷേപിച്ച ബാങ്കുകള്‍, ഇത് ദുരിത ബാധിതര്‍ക്കായി വിനിയോഗിച്ച രീതി എന്നിവ സംബന്ധിച്ച സുതാര്യതയുടെ അഭാവം ആശങ്കാജനകമാണ്. വയനാട്ടിലെ മുന്‍ പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ താങ്കള്‍ക്ക് നേരിട്ടുള്ള ബന്ധവും പ്രിയങ്ക ഗാന്ധി വാദ്ര നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതും കണക്കിലെടുക്കുമ്പോള്‍, ഈ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം താങ്കള്‍ക്കുണ്ട് – സന്തോഷ് കുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഞങ്ങള്‍ പിരിച്ച പണത്തിന്റെ കണക്ക് സുതാര്യമെന്നും ബാങ്ക് അക്കൗണ്ട് ആര്‍ക്കും പരിശോധിക്കാമെന്നും കെ സി വേണുഗോപാല്‍ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര് ശ്രീകണ്ഠന് നായര്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സ്ഥലം എടുത്ത് തന്നാല്‍ വീട് പണിയാമെന്ന് ഞങ്ങള്‍ പറഞ്ഞു. ആലോചിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് സ്ഥലം ഞങ്ങള്‍ തന്നെ കണ്ടെത്താമെന്ന് പറഞ്ഞു. 20 കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ കേരളത്തിന് നല്കി. സിഎംഡിആര്‍എഫിലേക്ക് കോടികള്‍ വന്നു. അന്ന് നടത്തിയ പിരിവിന്റെ കണക്ക് സര്‍ക്കാര്‍ കാണിക്കട്ടെ. ഞങ്ങള്‍ പിരിച്ച പണത്തിന്റെ കണക്ക് സുതാര്യമാണ്. ബാങ്ക് അക്കൗണ്ട് ആര്‍ക്കും പരിശോധിക്കാം. പിരിച്ച പണത്തെക്കാള്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ നല്‍കേണ്ടി വന്നു. വയനാട്ടില്‍ ആറു മാസത്തിനകം വീടുകളുടെ നിര്‍മാണം പൂര്‍ത്തികരിക്കും. നിര്‍മാണ ജോലികള്‍ ഏജന്‍സിയെ ഏല്പിച്ചു കഴിഞ്ഞു – അദ്ദേഹം പറഞ്ഞു.

