ദേശീയ പാത വികസനം: ജില്ലയിൽ പുതിയ അടിപ്പാതകൾ നിർദേശിക്കാനാവില്ല; മനുഷ്യാവകാശ കമീഷൻ

കാസർകോട്: ജില്ലയിലെ ദേശീയപാതാ 66ന്റെ നിർമാണ പ്രവർത്തനങ്ങൾ തിരക്കിട്ട് പുരോഗമിക്കുന്ന സാഹചര്യത്തിൽ പുതിയ അടിപ്പാതകൾ അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. പുതിയ നിർമാണങ്ങൾ അനുവദിക്കുകയാണെങ്കിൽ അത് നിർമാണ ജോലികളെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
മൈലാട്ടി-നന്ദഗോകുല ഭജന മന്ദിർ റോഡ്, പവർ സ്റ്റേഷൻ, ഉദുമ പ്രവേശന കവാടം എന്നിവിടങ്ങളിൽ അടിപ്പാതകൾ വേണമെന്ന ആവശ്യമാണ് കമീഷൻ തള്ളിയത്. ദേശീയപാത നിർമാണം കാരണം ജില്ലയിലെ വിവിധ ഗ്രാമങ്ങൾ ഒറ്റപ്പെട്ടതായും ജനജീവിതം തടസപ്പെട്ടതായും പരാതിക്കാരനായ ഉദുമ സ്വദേശി രവീന്ദ്രൻ സമർപ്പിച്ച പരാതിയിൽ പറഞ്ഞു.
ബംഗളുരു-മൈസൂർ എക്സ്പ്രസ് ഹൈവേയിൽ ഓരോ കിലോമീറ്ററിലും അടിപ്പാതയുണ്ടെന്ന് പരാതിക്കാരൻ ചൂണ്ടിക്കാണിച്ചു. എന്നാൽ, ആവശ്യാനുസരണം ഗതാഗത സൗകര്യങ്ങൾ പ്രദേശത്ത് നൽകിയിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി കമീഷനെ അറിയിച്ചു.