KSDLIVENEWS

Real news for everyone

ഇന്ന് ജൂൺ 3; ലോക സൈക്കിൾ ദിനം; ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും എല്ലാം സൈക്ലിംഗ് ഗുണകരമാണ്

SHARE THIS ON

മനുഷ്യര്‍ക്കിടയിലെ പ്രിയപ്പെട്ട ഗതാഗത  മാര്‍ഗങ്ങളിലൊന്നാണ് സൈക്ലിംഗ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും എല്ലാം സൈക്ലിംഗ് ഗുണകരമാണ്. നമ്മെ ഊർജസ്വലരായി നിലനിർത്തുന്ന മികച്ച വ്യായാമം കൂടിയാണിത്. ആരോഗ്യകരമായ ജീവിതശൈലിയും ഇതുവഴി നേടിയെടുക്കാൻ സാധിക്കും. സൈക്കിളുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂൺ 3 ന് ലോക സൈക്കിൾ ദിനമായി (World Bicycle Day) ആചരിക്കുകയാണ്. ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി മനസിലാക്കാം.

ചരിത്രം

രണ്ട് നൂറ്റാണ്ടുകളായി ഉപയോ​ഗത്തിലുള്ള ​ഗതാ​ഗത മാർ​ഗങ്ങളിലൊന്നായ സൈക്കിളിന്റെ സവിശേഷതകളും അവ ഉപയോ​ഗിക്കേണ്ടതിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി (United Nations General Assembly) ജൂൺ 3 ലോക സൈക്കിൾ ദിനമായി പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണവും ആരോഗ്യവും പരിപോഷിപ്പിക്കുന്ന, ലളിതവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗമാണ് സൈക്കിൾ എന്നും അസംബ്ലി നിരീക്ഷിച്ചിരുന്നു.

സൈക്കിളുകളുടെ ഉപയോഗത്തെക്കുറിച്ച് ഊന്നിപ്പറയണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും അംഗരാജ്യങ്ങളോട് യുഎൻ ആവശ്യപ്പെട്ടിരുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും സമൂഹത്തിൽ സൈക്ലിംഗ് സംസ്കാരം വർധിപ്പിക്കുന്നതിനായും സൈക്കിൾ റാലികളും മറ്റും സംഘടിപ്പിക്കുന്ന ദേശീയ, പ്രാദേശിക സംരംഭങ്ങളെ അസംബ്ലി അഭിനന്ദിക്കുകയും ചെയ്തു.

പ്രാധാന്യം

ലോകാരോഗ്യ സംഘടനയുടെ (World Health Organization – WHO) അഭിപ്രായത്തിൽ, സ്വകാര്യ വാഹനങ്ങൾ രാജ്യത്തെ പാവപ്പെട്ടവർക്ക് താങ്ങാനാകാത്തതാണ്. സൈക്ലിം​ഗ് ഒരു ഗതാഗത മാർ​ഗം മാത്രമല്ലെന്നും, നടത്തവും സൈക്കിൾ സവാരിയും ഹൃദ്രോഗം, പക്ഷാഘാതം, ചില ക്യാൻസറുകൾ, പ്രമേഹം, മരണം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. പരിസ്ഥിതി മലിനീകരണം കുറക്കാനും ജനങ്ങളുടെ ആരോഗ്യം, സുരക്ഷ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്താനും സൈക്ലിംഗ് സഹായിക്കും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, വേണ്ടത്ര ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് മൂലം ഓരോ വർഷവും യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം ഏകദേശം 1 ദശലക്ഷം പേർ മരിക്കുന്നുണ്ട്. സൈക്ലിംഗ് ചെയ്യുന്നത് ഇത്തരം മരണങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് സഹായിക്കും.

സൈക്ലിം​ഗിന്റെ ​ഗുണങ്ങൾ

ഒട്ടും മലിനീകരണം ഉണ്ടാക്കാത്ത വാഹനമാണ് സൈക്കിൾ. ആരോഗ്യം സംരക്ഷിക്കുന്നതുപോലെ തന്നെ സൈക്ലിം​ഗ് പ്രകൃതിയെയും സംരക്ഷിക്കുന്നു. സ്ഥിരമായി സൈക്കിൾ ഓടിക്കുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാം എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സമ്മർദം കുറക്കൽ, ഹൃദയാരോഗ്യം, പേശികളെ ബലപ്പെടുത്തൽ, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറക്കൽ തുടങ്ങി നിരവധി ഗുണങ്ങളും സൈക്ലിം​ഗിന് ഉണ്ട്. ആഗോള താപനം ഉൾപ്പടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും സൈക്കിൾ ഉപയോ​ഗിക്കുന്നതിലൂടെ കുറക്കാൻ സാധിക്കും.

ആഘോഷങ്ങൾ

ആഗോളതലത്തിൽ 80-ലധികം രാജ്യങ്ങൾ ലോക സൈക്കിൾ ദിനം ആഘോഷിക്കാറുണ്ട്. സ്ലോ സൈക്ലിംഗ്, സൈക്കിൾ റെയിസിംഗ്, പോലുള്ള നിരവധി മത്സരങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടത്താറുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!