KSDLIVENEWS

Real news for everyone

ബസിൽ നഗ്നതാ പ്രദർശിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട സവാദിന് ജാമ്യം; സ്വീകരണം നൽകി ഓൾ കേരള മെൻസ് അസോസിയേഷൻ

SHARE THIS ON

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന് ആരോപിച്ച കേസിൽ ജാമ്യം ലഭിച്ച കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് (27) സ്വീകരണം നൽകി ഓൾ കേരള മെൻസ് അസോസിയേഷൻ. പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് സവാദിനു സ്വീകരണം നൽകിയത്. ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂമാലയണിയിച്ച് സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നൽകിയത്. തുടർന്ന് സവാദ് വാഹനത്തിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

എറണാകളും അഡീഷനൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ സവാദിന് ജാമ്യം അനുവദിച്ചത്. ആലുവ സബ് ജലിയിലിലായിരുന്ന സവാദ് പുറത്തിറങ്ങുമ്പോൾ സ്വീകരണം നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പ്രഖ്യാപിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി നൽകിയ കള്ളപ്പരാതിയാണെന്ന് ആരോപിച്ച്  ഓൾ കേരള മെൻസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതിയും നൽകിയിരുന്നു. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് സവാദ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതിയുടെ പരാതി

ഇൻസ്റ്റഗ്രാമിൽ പ്രശസ്തി ലഭിക്കാനാണ് യുവതി പൊലീസിൽ പരാതി നൽകുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. യുവതി പ്രചരിപ്പിച്ച വിഡിയോയിൽ യുവാവ് മോശം കാര്യങ്ങൾ ചെയ്തതായി ഒരു തെളിവും നൽകാൻ യുവതിക്കായില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

യുവതിയുടെ ഭാഗത്താണ് ശരി എന്നാണ് ആദ്യമൊക്കെ വിശ്വസിച്ചിരുന്നതെന്നും ഇൻസ്റ്റഗ്രാം ഐഡി പരിചയപ്പെടുത്തി യുവതി വിഡിയോ ചെയ്തതോടെയാണ് ഫോളോവേഴ്സിനെ കൂട്ടാനുള്ള പദ്ധതിയാണെന്ന് മനസിലായതെന്നും അജിത് കുമാർ പറഞ്ഞു. പെൺകുട്ടിയുടെ സുഹൃത്തുക്കളും ഫോണിൽ വിളിച്ച് ഇതെല്ലാം നാടകമാണെന്ന് പറയുന്നുണ്ട്. പരാതി നൽകിയ ശേഷം നിരവധി ഭീഷണി കോളുകൾ വരുന്നതായും അജിത് കുമാർ പറഞ്ഞു. സവാദിനു നീതി ലഭിക്കുന്നതുവരെ പോരാടാനാണ് സംഘടനയുടെ തീരുമാനം. 

‘സവാദിന് നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കുടുംബം താമസം മാറി. സവാദ് മാനസികമായി തകർന്ന അവസ്ഥയിലാണ്. ഇപ്പോഴത്തെ മാനസിക അവസ്ഥയിൽനിന്ന് യുവാവിനെ മാറ്റിയെടുക്കുന്നതിനാണ് ആദ്യപരിഗണന. സത്യം പുറത്തുവരണം’–അജിത് കുമാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!