ഹൈടെക്ക് ക്ലാസുകള്‍, റോബോട്ടിക്ക് കിറ്റുകള്‍; പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.2,44,646 കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് എത്തുകയാണ്. എളമകര ഗവ എച്ച് എസില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നടത്തിയത്. സ്‌കൂള്‍ വിദ്യാഭ്യാസം അറിവിന്റെയും ആഹ്ലാദത്തിന്റെയും നാളുകളാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന് നിങ്ങള്‍ക്ക് പലവിധ സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്. ക്ലാസ് മുറികള്‍ ഹൈടെക്കായിരിക്കുന്നു. അതോടൊപ്പെം റോബോട്ടിക്ക് കിറ്റുകള്‍ ലഭ്യമാക്കും, വിനോദത്തിനും വിജ്ഞാനത്തിനുമുള്ള ഇടമായി സ്‌കൂളുകള്‍ മാറിയിട്ടുണ്ട്. ഇതിനെയെല്ലാം ഉപയോഗപ്പെടുത്തി ജീവിതത്തില്‍ മുന്നേറാന്‍ നിങ്ങള്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസം പരമപ്രധാനമായി കണ്ടുകൊണ്ടുള്ള നിലപാടാണ് പൊതുവിദ്യാഭ്യാസ രംഗം സ്വീകരിച്ചിട്ടുള്ളത്. പുതിയ കാലത്തെയും ലോകത്തെയും നേരിടാന്‍ നമ്മുടെ കുട്ടികള്‍ പ്രാപ്തരായിരിക്കണം. ആ പ്രാപ്തി കുട്ടികളില്‍ ഉണ്ടാക്കാന്‍ ഉതകും വിധത്തിലാണ് പൊതുവിദ്യാഭ്യാസ മേഖലയെ നമ്മുടെ നാട് ശക്തിപ്പെടുത്തിയിരിക്കുന്നത്. 13000ത്തിനുടുത്ത് വിദ്യാലയങ്ങളും 45 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും രണ്ടു ലക്ഷത്തോളം അധ്യാപകരും 20000ത്തിലധികം അധ്യാപകേതര ജീവനക്കാരും അടങ്ങുന്നതാണ് നമ്മുടെ വിദ്യാഭ്യാസ മേഖല. ഇതിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്ത്വം നമ്മുടെ നാടിനുണ്ട്. അതു കൊണ്ടാണ് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തകര്‍ച്ച നേരിട്ട ഘട്ടത്തില്‍ ഈ രംഗത്തെ സംരക്ഷിക്കാന്‍ 2016ല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം എന്ന മിഷന്‍ നാം ആരംഭിച്ചത്. അത് കാത്തുസൂക്ഷിക്കുക മാത്രമല്ല നവീകരിച്ച് ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ട് പോവാനാണ് പിന്നീടുള്ള ഓരോ വര്‍ഷവും ശ്രമിച്ചത്. പൊതുവിദ്യാഭ്യാസ രംഗത്ത് എല്ലാവരും സഹകരിച്ചു കൊണ്ടുള്ള ഈ യഞ്ജം കേരള കണ്ട വിജയകരമായ ക്യാമ്പയിനായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.